വീണ്ടും ഇന്ത്യന്‍ സ്കൂള്‍ ബസ് അപകടം: ഒമ്പത് കുട്ടികള്‍ക്ക് പരിക്ക്
text_fieldsമസ്കത്ത്: വീണ്ടും ഇന്ത്യന്‍ സ്കൂള്‍ ബസ് അപകടം. മുലദ സ്കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന രണ്ടു ബസുകളാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഒമ്പതു കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തര്‍മത്തിനും സുവൈഖിനുമിടയിലായിരുന്നു അപകടം. പിക്കപ്പുമായി അഭ്യാസ പ്രകടനം നടത്തിയ സ്വദേശിയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പതിവുപോലെ സ്കൂള്‍വിട്ട് സര്‍വിസ് റോഡിലൂടെ പോവുകയായിരുന്ന ബസുകളില്‍ അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണംവിട്ട പിക്കപ്പ് വന്നിടിക്കുകയായിരുന്നു. സുവൈഖ് റൗണ്ട് എബൗട്ട് എത്തുന്നതിന് രണ്ടു കിലോമീറ്റര്‍ മുമ്പായിരുന്നു അപകടം. ആദ്യം മുന്നിലെ ബസിന്‍െറ മുന്‍വശത്ത് വന്നിടിച്ച പിക്കപ്പ് കറങ്ങിത്തിരിഞ്ഞ് പിന്നാലെ വന്ന ബസിന്‍െറയും മുന്‍വശത്തിടിച്ചു. കരാറുകാരന്‍െറ കീഴിലുള്ള ബസില്‍ ബിദായ, സുവൈഖ് ഭാഗങ്ങളിലേക്കുള്ള വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ സുവൈഖ് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
അപകട വിവരമറിഞ്ഞ് സ്കൂളില്‍നിന്ന് പ്രധാനാധ്യാപകര്‍ എത്തി മറ്റു കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുപോയി. ആര്‍.ഒ.പിയും കുട്ടികളെ സ്കൂളില്‍ തിരികെയത്തെിക്കാന്‍ ബസ് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ, സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അപകട വിവരമറിഞ്ഞ് പരിഭ്രാന്തരായ രക്ഷാകര്‍ത്താക്കള്‍ ആശുപത്രിയിലും സ്കൂളിലുമായി എത്തി. ആര്‍ക്കും കാര്യമായ പരിക്കില്ളെന്നറിഞ്ഞതോടെയാണ് ഇവരുടെ ശ്വാസം നേരെ വീണത്. രക്ഷാകര്‍ത്താക്കളാണ് പല കുട്ടികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുപോയത്.
അല്ലാത്തവരെ കൊണ്ടുപോകാന്‍ കരാറുകാരനും വാഹനവുമായി എത്തി. കഴിഞ്ഞ ജനുവരി അവസാനം നിസ്വ സ്കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസില്‍ ബഹ്ലയില്‍ വെച്ച് ട്രക്കിടിച്ച് നാലു വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ മരിച്ചിരുന്നു. മലയാളി വിദ്യാര്‍ഥികളാണ് ഈ അപകടത്തില്‍ മരിച്ച നാലുപേരും. നിസ്വ അപകടത്തിന്‍െറ മുറിവുണങ്ങും മുമ്പ് സീബ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന അപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് സാരമായ പരിക്കേറ്റിരുന്നു. ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി വീണതും ബാഗ് ബസില്‍ കൊളുത്തിയതുമറിയാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഒന്നര മീറ്ററോളം വിദ്യാര്‍ഥിയെ വലിച്ചിഴച്ചു. ഫെബ്രുവരി അവസാനം റൂവി സി.ബി.ഡി മേഖലയിലുണ്ടായ അപകടത്തില്‍ വാദി കബീര്‍ സ്കൂള്‍ വിദ്യാര്‍ഥിനി മാളവികക്കും പരിക്കേറ്റിരുന്നു. വിദ്യാര്‍ഥിനിയുടെ ബാഗ് ബസില്‍ കൊളുത്തിയതറിയാതെ ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.