തിങ്കളാഴ്ച ‘ബുധന്‍’ ഒമാനില്‍ ദൃശ്യമാവും
text_fieldsമസ്കത്ത്: സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ‘ബുധന്‍‘ ഈ മാസം ഒമ്പതിന് ഉച്ചമുതല്‍ സൂര്യന് അഭിമുഖമായി കടന്നുപോവും. ഒരു നൂറ്റാണ്ടില്‍ 12 തവണ മാത്രമാണ് ഇതുണ്ടാവുക. ഭൂമിക്കും സൂര്യനുമിടയിലൂടെ ബുധന്‍ കടന്നുപോവുമ്പോള്‍ ഒരു പൊട്ട് കടന്നുപോവുന്നതുപോലെയാണ് ദൃശ്യമാവുന്നത്. 2006 നവംബറിലാണ് ഒടുവില്‍ ഈ പ്രതിഭാസമുണ്ടായത്. ബുധന്‍ കടന്നുപോവുന്നതിന്‍െറ പ്രാരംഭമാണ് ഒമാനില്‍ ദൃശ്യമാവുന്നത്. ഒമ്പതിന് വൈകീട്ട് 3.13 മുതലാണ് ഈ പ്രതിഭാസം ആരംഭിക്കുന്നത്. 3.30ന് ബുധന്‍ പൂര്‍ണമായി സുര്യമുഖത്തേക്ക് പ്രവേശിക്കും. രാത്രി 10.42നാണ് പ്രതിഭാസം അവസാനിക്കുന്നത്. എന്നാല്‍, ഒമാനില്‍ 6.39ന് സൂര്യന്‍ അസ്തമിക്കുന്നതിനാല്‍ പിന്നീട് കാണാന്‍ കഴിയില്ല. മിഡില്‍ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും പ്രാരംഭഘട്ടം ദൃശ്യമാകും. സൂര്യന്‍ അസ്തമിക്കുന്നതുവരെ മിഡില്‍ ഈസ്റ്റില്‍ ആകാശക്കാഴ്ച ദര്‍ശിക്കാനാവും. മൊത്തം ഏഴര മണിക്കൂറാണ് കടന്നുപോവല്‍ സമയം. എന്നാല്‍, സൂര്യപ്രകാശ പ്രവാഹത്തിന് തടസ്സമോ പ്രകാശക്കുറവോ അനുഭവപ്പെടില്ല. എല്ലാം സാധാരണഗതിയിലായിരിക്കുമെങ്കിലും സൂര്യനിലൂടെ ചെറിയ പൊട്ട് മുകളില്‍നിന്ന് താഴേക്ക് കടന്നുപോവുന്നത് ദൃശ്യമാവും.
എന്നാല്‍, നഗ്ന നേത്രം കൊണ്ട് ഈ പ്രതിഭാസം വീക്ഷിക്കാന്‍ പാടില്ല. ഇത് കാഴ്ച നഷ്ടപ്പെടാന്‍ കാരണമാക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2006ല്‍ നഗ്ന ദൃഷ്ടികൊണ്ട് ആകാശ പ്രതിഭാസം ദര്‍ശിച്ചവര്‍ക്ക് കാഴ്ചക്ക് പ്രയാസമുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ ഉച്ചക്ക് ചുരുങ്ങിയ സമയം മാത്രമായിരുന്നു ഒമാനില്‍ ബുധന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഇത്തവണ മൂന്നു മണിക്കൂറിലധികം ഒമാനില്‍ പ്രതിഭാസം ദൃശ്യമാവും. സോളാര്‍ ടെലിസ്കോപ് വഴിയോ സോളാര്‍ ഫില്‍ട്ടര്‍ ഉപകരണങ്ങള്‍ വഴിയോ മാത്രമേ ഈ സമയത്ത് സൂര്യനെ നോക്കാന്‍ പാടുള്ളൂവെന്നും മുന്നറിയിപ്പിലുണ്ട്. സൂര്യഗ്രഹണം വീക്ഷിക്കുമ്പോള്‍ പാലിക്കുന്ന എല്ലാ നിയമങ്ങളും പാലിച്ചാവണം ബുധനെ നോക്കേണ്ടത്. ബുധന്‍ സഞ്ചാരം വീക്ഷിക്കാന്‍ പി.ഡി.ഒ പ്ളാനറ്റേറിയത്തില്‍ സൗകര്യമൊരുക്കുന്നുണ്ട്. ഇതിനായി ടെലിസ്കോപ്പുകളും സജ്ജമാക്കുന്നുണ്ട്. ശാസ്ത്ര ഡമോണ്‍സ്ട്രേഷന്‍ ക്ളാസുകളും ശാസ്ത്രജ്ഞര്‍ ഒരുക്കുന്നുണ്ട്. പ്രവേശം സൗജന്യമായിരിക്കും. ഇത് കുടുംബങ്ങള്‍ക്കും മറ്റും നല്ല അനുഭവമാവുമെന്നും പി.ഡി.ഒ വാനനിരീക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. സൂര്യഗ്രഹണ സമയത്ത് ചെയ്യുന്നതുപോലെ പിന്‍ ഹോള്‍ കാമറ സജ്ജമാക്കി വീട്ടിലെ ഇരുണ്ട മുറിയിലെ സ്ക്രീനില്‍ ദൃശ്യം പതിപ്പിച്ചും കാഴ്ച ആസ്വദിക്കാവുന്നതാണ്. ഇന്‍റര്‍നെറ്റിലൂടെയും മറ്റും തത്സമയ കാഴ്ചകള്‍ പ്രേക്ഷകരിലത്തെിക്കാനുള്ള സംവിധാനവുമുണ്ടാവും. സൗരയൂഥത്തിലെ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങള്‍ മാത്രമാണ് ഭൂമിയിലുള്ളവര്‍ക്ക് ദര്‍ശിക്കാന്‍ കഴിയുക. ഇനി ഈ ദൃശ്യമുണ്ടാവുക 2019 നവംബര്‍ 11 നായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.