14 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ടൂറിസം വികസനപദ്ധതികള്‍ നടപ്പിലാക്കും
text_fieldsമസ്കത്ത്: ഒമാനിലെ ഏറ്റവും ആകര്‍ഷകമായ 14 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ടൂറിസം വികസനപദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനം. വിനോദസഞ്ചാരമേഖലയുടെ വികസനത്തിനായുള്ള മാസ്റ്റര്‍പ്ളാനില്‍ ഉള്‍പ്പെടുത്തിയാകും പദ്ധതികള്‍ നടപ്പാക്കുകയെന്ന് ക്രൗണ്‍പ്ളാസയില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് ഫോറം പരിപാടിയില്‍ മന്ത്രാലയം വക്താവ് അഹമ്മദ് അല്‍ സഹ്റാന്‍ പറഞ്ഞു. മുസന്ദം ഗവര്‍ണറേറ്റിലെ മനോഹരമായ തീരങ്ങള്‍, പഴമ നിറഞ്ഞുനില്‍ക്കുന്ന മസ്കത്ത് ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങള്‍, അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ കോട്ടകളും മലനിരകളിലെ ഗ്രാമങ്ങളും, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ തീരപ്രദേശങ്ങള്‍, ദോഫാറില്‍ കുന്തിരിക്കം പൂക്കുന്ന പ്രദേശങ്ങള്‍ എന്നിവയാണ് ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍. 2016-2020 വര്‍ഷത്തെ മാസ്റ്റര്‍പ്ളാനില്‍ ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. വടക്കന്‍ ശര്‍ഖിയയിലെ ബദൂയിന്‍ മേഖലകള്‍, മസീറ ദ്വീപ് സമൂഹം, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിന്‍െറ വിവിധഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 2021ഓടെയാകും പദ്ധതി നടപ്പിലാക്കുക. അല്‍ ദാഖിറ, അല്‍ വുസ്ത, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ 2026ഓടെ മൂന്നു സുപ്രധാനപദ്ധതികള്‍ നിര്‍മിക്കാനും തീരുമാനമായി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഒമാന്‍-യു.എ.ഇ അതിര്‍ത്തിയിലെ മരുഭൂമി, ദോഫാറിന് പടിഞ്ഞാറുഭാഗത്തെ മരുഭൂമി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 2031ഓടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കും. കുറഞ്ഞത് മൂന്നു ദിവസത്തെ യാത്രക്കായി എത്തുന്നവരെയാണ് ഈ പ്രദേശങ്ങളിലേക്ക് ലക്ഷ്യമിടുന്നതെന്ന് അല്‍ സഹ്റാന്‍ പറഞ്ഞു. ഹോട്ടല്‍മുറികളുടെ എണ്ണക്കുറവാണ് ഒമാന്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇത് പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ പൂര്‍ത്തിയായിവരുകയാണ്. 2040ഓടെ 80,000 ഹോട്ടല്‍മുറികള്‍ പുതുതായി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അല്‍ സഹ്റാന്‍ ചൂണ്ടിക്കാണിച്ചു. ടൂറിസംരംഗത്തെ വിദേശനിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. പദ്ധതി പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷംവരെ കാലയളവില്‍ വരുമാനനികുതിയില്‍ നല്‍കുന്ന ഇളവാണ് അതില്‍ സുപ്രധാനപ്പെട്ടതെന്നും അല്‍ സഹ്റാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.