തിരുവോണവും ചിങ്ങവും കഴിഞ്ഞു; ഗള്‍ഫില്‍ പിന്നെയും ആഘോഷം പൊടിപൊടിക്കുന്നു
text_fieldsമസ്കത്ത്: നാട്ടിലെ ഓണാഘോഷങ്ങള്‍ അത്തം ഒന്നിന് തുടങ്ങി തിരുവോണത്തിന് അവസാനിക്കുമെങ്കിലും ഒമാന്‍ അടക്കം ആഘോഷങ്ങള്‍ തുടരുകയാണ്. കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്നതാണ് പുലിക്കളി. എന്നാല്‍, ഗള്‍ഫില്‍ പുലിക്കളിയില്ലാതെയാണ് ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. നാട്ടില്‍ പൂക്കളമിട്ടും പൂ പറിച്ചും പലരും അത്തം മുതല്‍ ഓണമാഘോഷിക്കുമ്പോള്‍ പ്രവാസികള്‍ തിരുവോണം മാത്രമാണ് ആഘോഷിക്കുന്നത്. അത് പേരിനു മാത്രമായിരിക്കും ആഘോഷം.
ഗള്‍ഫില്‍ പ്രവൃത്തിദിവസങ്ങളിലാണ് തിരുവോണം വരുന്നതെങ്കില്‍ പലര്‍ക്കും സാധാരണ ദിവസംപോലത്തെന്നെയായിരിക്കും. ചിലര്‍ ജോലിത്തിരക്കില്‍ ഓണമാണെന്ന കാര്യംപോലും മറക്കും. എന്നാല്‍, ഇത്തവണ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ബലിപെരുന്നാളിന്‍െറ പൊതു അവധി ദിനത്തിലാണ് ഓണം വന്നത്. ഓണം കഴിഞ്ഞ തൊട്ടടുത്ത വാരാന്ത്യ അവധി മുതല്‍തന്നെ ഗള്‍ഫില്‍ പരക്കെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. ഇത് പലയിടത്തും ഡിസംബര്‍ അവസാനം വരെ നീളും. ഒമാനിലെ എല്ലാ മലയാളി സംഘടനകളും ഗ്രൂപ്പുകളും കൂട്ടായ്മകളും അലുംനികള്‍ പോലും ഓണം ആഘോഷിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ശനിയാഴ്ചകളിലും ആഘോഷങ്ങള്‍ നടക്കാറുണ്ട്. മറ്റു ദിവസങ്ങള്‍ പ്രവൃത്തി ദിവസമായതിനാല്‍ പല കൂട്ടായ്മകളും ആഘോഷം വെള്ളിയാഴ്ചകളിലേക്ക് മാറ്റുന്നതാണ് ആഘോഷങ്ങള്‍ അനന്തമായി നീളാന്‍ കാരണം. ഓണാഘോഷം രാത്രി സംഘടിപ്പിക്കാന്‍ പറ്റാത്തതും ആഘോഷങ്ങള്‍ മാസങ്ങള്‍ നീളാന്‍ കാരണമാവും. ഇതിനാല്‍ പ്രധാന ഹാളുകളിലും ക്ളബുകളിലും മറ്റും ബുക്കിങ് പോലും ലഭിക്കുന്നില്ല.
പ്രധാന പ്രവാസി സംഘടനകള്‍ എല്ലാം ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗം, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം തുടങ്ങിയ സംഘടനകളുടെ ആഘോഷങ്ങള്‍ നടന്നുകഴിഞ്ഞു. സംവിധായകന്‍ രഞ്ജി പണിക്കര്‍, വി.ടി. ബല്‍റാം എം.എല്‍.എ തുടങ്ങി നിരവധി സാമൂഹിക, രാഷ്ട്രീയ, സിനിമാ മേഖലകളിലെ പ്രമുഖര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നിരവധി സംഘടനകള്‍ ഇനിയും ആഘോഷം നടത്താനിരിക്കുന്നുണ്ട്. ചില കമ്പനികളും സ്ഥാപനങ്ങളും കൂട്ടായ്മകളും വിപുലമായ ആഘോഷം ഒരുക്കുന്നുണ്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്നത് അന്വര്‍ഥമാക്കി ഈര്‍ക്കില്‍ സംഘടനകള്‍പോലും സ്പോണ്‍സര്‍മാരെ സംഘടിപ്പിച്ചും മറ്റും ആഘോഷം ഒരുക്കുന്നുണ്ട്. ഓണത്തിന്‍െറ എല്ലാ നിറപ്പകിട്ടോടുംകൂടിയാണ് ഇത്തരം ഓണാഘോഷങ്ങള്‍. ഓണവും ചിങ്ങവും അത്തവും അവസാനിച്ചാലും ആഘോഷങ്ങളുടെ പൊലിമ കുറയുന്നില്ല.
പൂക്കളം, തിരുവാതിര അടക്കമുള്ള കലാപരിപാടികള്‍ സാംസ്കാരിക പരിപാടികള്‍, വിഭവസമൃദ്ധമായ സദ്യ തുടങ്ങിയ എല്ലാ ചുറ്റുവട്ടത്തോടുംകൂടിയാണ് ആഘോഷങ്ങള്‍ ഒരുക്കുന്നത്. ഒരു മുഴുവന്‍ ദിവസ പരിപാടിയായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണസദ്യക്ക് പല പ്രമുഖ സംഘടനകളും നാട്ടില്‍നിന്ന് ആളുകളെ കൊണ്ടുവന്നിരുന്നു. കുട്ടികളുടെ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നതോടൊപ്പം ചിലര്‍ നാടന്‍ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ചില പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ക്ക് ഹരം കൂടും. ഒരേ കോളജിലും ക്ളാസിലും പഠിച്ചവര്‍ ഒന്നിച്ചുകൂടുന്നതുതന്നെ ഓര്‍മകള്‍ അയവിറക്കാന്‍ സഹായിക്കും. അന്ന് നടത്തിയ തിരുവാതിരയും നൃത്തവും ഒപ്പനയുമൊക്കെ പരിപാടിയില്‍ പുനരാവര്‍ത്തിക്കും. എറണാകുളം മഹാരാജാസ് കോളജ് അലുംനി അടക്കം നിരവധി കൂട്ടായ്മകള്‍ ഓണം ആഘോഷിക്കുന്നുണ്ട്. പലര്‍ക്കും നിരവധി ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടിവരുന്നതിനാല്‍ കഴിഞ്ഞ കുറെ വെള്ളിയാഴ്ചകളില്‍ പലര്‍ക്കും നല്ല തിരക്കാണ്.
സാംസ്കാരിക സംഘടനകളിലും പ്രാദേശിക കൂട്ടായ്മകളിലുമായി നാലും അഞ്ചും മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. താമസിക്കുന്ന ഫ്ളാറ്റുകളിലെ മലയാളികള്‍ മുന്‍കൈയെടുത്തും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഉത്തരേന്ത്യക്കാരും മറ്റും ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ സദ്യക്ക് ഉത്തരേന്ത്യന്‍ വിഭവങ്ങളും ഒരുങ്ങാറുണ്ട്. മസ്കത്തിലെ അന്തിക്കാട് നിവാസികളുടെ കൂട്ടായ്മയായ ദി അന്തിക്കാട്സിന്‍െറ ഓണം, ഈദ് ആഘോഷം മസ്കത്തിലെ അല്‍മാസ ഹാളില്‍ വിപുലമായ പരിപാടികളോടെ അരങ്ങേറി. പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍, മോഹനവീണ സംഗീതജ്ഞന്‍ പോളി വര്‍ഗീസ്, ഇ.എം. ബദറുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കലാപരിപാടികള്‍ക്ക് ധുഫെയ്ല്‍ സത്യനാഥ്, ഭവ്യ സുരേഷ് എന്നിവര്‍ നേതൃത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.