പ്രവാസികള്‍ക്ക് പ്രിയപ്പെട്ട ആദ്യ 25 രാജ്യങ്ങളില്‍ ഒമാനും
text_fieldsമസ്കത്ത്: പ്രവാസികള്‍ക്ക് പ്രിയപ്പെട്ട ലോകത്തിലെ ആദ്യ 25 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാനും. എക്സ്പാറ്റ് ഇന്‍സൈഡറിന്‍െറ ഈ വര്‍ഷത്തെ സര്‍വേയില്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ ബഹ്റൈന്‍ മാത്രമാണ് ഒമാന് മുന്നിലുള്ളത്. ബഹ്റൈന് 19ാം സ്ഥാനവും ഒമാന് 22ാം സ്ഥാനവുമാണുള്ളത്.
ജീവിതനിലവാരം, ജീവിതം ആരംഭിക്കാനുള്ള എളുപ്പം, മികച്ച തൊഴില്‍ അന്തരീക്ഷം, കുടുംബജീവിതം, സാമ്പത്തികനില തുടങ്ങിയ ഉപവിഭാഗങ്ങള്‍ പരിഗണിച്ചാണ് സര്‍വേ തയാറാക്കിയിരിക്കുന്നത്. 67 രാഷ്ട്രങ്ങളുടെ പട്ടികയില്‍ യു.എ.ഇ 40ാം സ്ഥാനത്തും ഖത്തര്‍ 60ാം സ്ഥാനത്തും സൗദി അറേബ്യ 63ാം സ്ഥാനത്തും കുവൈത്ത് ഏറ്റവും അവസാന സ്ഥാനത്തുമാണ്.
ഇന്ത്യക്ക് 49ാം സ്ഥാനമാണ് ഉള്ളത്. പ്രവാസികള്‍ക്ക് തൊഴിലെടുക്കാന്‍ നല്ല ജി.സി.സി രാഷ്ട്രം ഒമാന്‍ ആണെന്ന് സര്‍വേ പറയുന്നു. ഈ വിഭാഗത്തില്‍ ആഗോളതലത്തില്‍ 17ാം സ്ഥാനമാണ് ഒമാനുള്ളത്. ജോലിയും സ്വകാര്യ ജീവിതവും തമ്മിലെ സന്തുലത, തൊഴില്‍ സുരക്ഷിതത്വം, മികച്ച കരിയര്‍ അവസരങ്ങള്‍ എന്നിവയാണ് ഈ വിഭാഗത്തിലെ പ്രകടനത്തിന് പരിഗണിച്ചിട്ടുള്ളത്. 19ാം സ്ഥാനത്തുള്ള ബഹ്റൈനാണ് തൊട്ടുപിന്നില്‍.
യു.എ.ഇക്ക് 36ാം സ്ഥാനവും സൗദി അറേബ്യക്ക് 50ാം സ്ഥാനവും ഖത്തറിന് 52ാം സ്ഥാനവും കുവൈത്തിന് 61ാം സ്ഥാനവുമാണ് പ്രവാസികളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് ഉള്ളത്. ഇന്ത്യക്ക് ഈ വിഭാഗത്തില്‍ 31ാം സ്ഥാനമാണ്. ജീവിതനിലവാരത്തില്‍ യു.എ.ഇയാണ് മുന്നില്‍, 23ാം സ്ഥാനം. 32ാം സ്ഥാനത്തുള്ള ഒമാനാണ് രണ്ടാം സ്ഥാനത്ത്.
ബഹ്റൈന്‍- 40, ഖത്തര്‍ -55, സൗദി -63, കുവൈത്ത് -65 എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളുടെ സ്ഥാനം. ഇന്ത്യക്ക് 60ാം സ്ഥാനമാണ് ജീവിതനിലവാര വിഭാഗത്തിലുള്ളത്. ഒമാന് അര്‍ഹതപ്പെട്ട അംഗീകാരമാണ് ലഭിച്ചതെന്ന് സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതം കരുപിടിപ്പിക്കാനുള്ള എളുപ്പത്തിനൊപ്പം സൗഹാര്‍ദപരമായി പെരുമാറുന്ന സ്വദേശികളും ഒമാനിലെ വിദേശികളുടെ ജീവിതം എളുപ്പമാക്കുന്നു. ആഗോളപട്ടികയില്‍ തായ്വാനാണ് ഒന്നാം സ്ഥാനത്ത്. മാള്‍ട്ട, എക്വഡോര്‍, മെക്സികോ, ന്യൂസിലന്‍ഡ് എന്നിവയാണ് രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. ഈജിപ്ത്, സൗദി അറേബ്യ, ബ്രസീല്‍, നൈജീരിയ, ഗ്രീസ്, കുവൈത്ത് എന്നിവയാണ് 62 മുതല്‍ 67 വരെ സ്ഥാനങ്ങളില്‍. സാമൂഹിക സുസ്ഥിരത നിലനില്‍ക്കുന്ന ആഗോളനഗരങ്ങളില്‍ ഒമ്പതാം സ്ഥാനം എന്ന ബഹുമതി മസ്കത്തിന് കഴിഞ്ഞദിവസം ലഭിച്ചിരുന്നു.
അര്‍ക്കാഡീസ് തയാറാക്കിയ ‘സസ്റ്റൈന്‍ഡ് സിറ്റീസ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് 2016’ പ്രകാരമാണ് ഈ ബഹുമതി ലഭിച്ചത്. ലോകാടിസ്ഥാനത്തില്‍ മികച്ച പത്തു റാങ്കുകള്‍ക്കുള്ളില്‍ വരുന്ന മിഡിലീസ്റ്റിലെ ഏക നഗരം കൂടിയാണ് മസ്കത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.