സലാല: പാരമ്പര്യ ചികിത്സക്ക് പ്രിയമേറെയുള്ള നാട്
text_fieldsമസ്കത്ത്: ഒമാെൻറ മറ്റു പ്രദേശങ്ങളിൽനിന്ന് വിഭിന്നമായി പാരമ്പര്യ ചികിത്സാരീതിക്ക് സ്വേദശികൾക്കിടയിൽ ഏറെ വേരോട്ടമുള്ള നാടാണ് സലാല. ആയുർവേദ രീതികളുമായി സാമ്യതയുള്ള പാരമ്പര്യ യമനീ ചികിത്സയാണ് ഇവിടെയുള്ളത്. പച്ച മരുന്നുകളുടെ ലഭ്യതയാണ് സലാലയിൽ പാരമ്പര്യ ചികിത്സാരീതികൾക്ക് പ്രചാരം ലഭിക്കുന്നതിെൻറ പ്രധാന കാരണമെന്ന് സലാല അൽ അമീൻ ആയുർവേദ ക്ലിനിക്കിലെ മെഡിക്കൽ ഡയറക്ടർ ഡോ. കപിൽ ശ്രീകുമാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സലാലയുടെ താഴ്വാരങ്ങൾ അപൂർവയിനം സസ്യങ്ങളാൽ സമ്പന്നമാണ്. കേരളത്തിൽ തന്നെ അപൂർവമായ നിരവധി ഒൗഷധ സസ്യങ്ങളും ഇതിലുണ്ട്.
സലാല സെൻറർ സൂഖ് പച്ചമരുന്ന് കടകളുടെ കേന്ദ്രമാണ്. മുപ്പതിൽ പരം കടകളാണ് ഇവിടെയുള്ളത്. വിവിധതരം കഷായങ്ങൾ, അരിഷ്-ടങ്ങൾ, കുഴമ്പുകൾ, എണ്ണകൾ, പൊടികൾ, ചൂർണങ്ങൾ, ലേഹ്യങ്ങൾ തുടങ്ങി ഒട്ടുമിക്ക ആയുർവേദ മരുന്നുകളും ഇവിടെ ലഭ്യമാണ്. ആശാളി, ജീരകങ്ങൾ,ചതുപ്പ, അത്താളി, ഞെരിഞ്ഞിൽ, രാമച്ചം, നന്നാരി, ഇഞ്ച എന്നിവയും ഇവിടെ ലഭിക്കും.
സ്വദേശികളെ കൂടാതെ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവിടെ മരുന്ന് വാങ്ങാൻ എത്തുന്നവർ. പച്ചമരുന്ന് കടകൾ നടത്തുന്നവരിൽ അധികവും യമനികളും ഏഷ്യൻ വംശജരുമാണ്. കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ഉൽപന്നങ്ങൾ അടക്കമുള്ള വിവിധ പച്ച മരുന്നുകൾ ഇവിടെ ലഭ്യമാണെന്ന് വർഷങ്ങളായി ഈ രംഗത്ത് ജോലി ചെയ്യുന്ന താനൂർ സ്വദേശി അബ്ദുറസാഖും തൃശൂർ സ്വദേശി കെ.കെ. രഘുവും പറഞ്ഞു
മലയാളികളുടെ നിയന്ത്രണത്തിലുള്ള മൂന്നിലധികം ആയുർവേദ ക്ലിനിക്കുകൾ സലാലയിലുണ്ട്. പഞ്ചകർമം ഉൾപ്പെടെ ഒട്ടുമിക്ക ആയുർവേദ ചികിത്സകളും ഇൗ ക്ലിനിക്കുകളിൽ ലഭ്യമാണ്. പുറംവേദന, മുട്ടുവേദന, മറ്റു വേദനകൾ, ചർമ രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സക്കായി മലയാളികൾ ഉൾെപ്പടെ നിരവധിപേർ ഇവിടെ എത്തുന്നു. സുഖചികിത്സക്കുള്ള വിവിധ പാക്കേജുകളും ഇവിടങ്ങളിൽ ഉണ്ട്. കിടത്തി ചികിത്സാ വിഭാഗമുള്ള ആശുപത്രികൾ ഇവിടെയില്ല. പാരമ്പര്യ ചികിത്സകൾക്ക് കടുത്ത നിയന്ത്രണവും നിരീക്ഷണവുമാണ് പൊതുവെ ഒമാനിൽ ഉള്ളത്. അതിനാൽ, ചികിത്സയുടെയും സേവനത്തിെൻറയും നിലവാരം ഉറപ്പാക്കുന്നതിനായി കർശന പരിശോധനയാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.