ആത്മവിശുദ്ധിയുടെ നിറവിൽ ചെറിയപെരുന്നാൾ ആഘോഷിച്ചു
text_fieldsമസ്കത്ത്: ഒരു മാസക്കാലത്തെ റമദാൻ വ്രതത്തിലൂടെ കൈവരിച്ച ആത്മവിശുദ്ധിയുടെയും ചൈതന്യത്തിെൻറയും കരുത്തിൽ ഒമാനിലെ വിശ്വാസി സമൂഹം സന്തോഷത്തിെൻറ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഇക്കുറി കേരളത്തിലെ അതേ ദിവസം തന്നെ ഒമാനിലും പെരുന്നാൾ എത്തിയത് ഇരട്ടി മധുരമായി. മറ്റു ഗൾഫ്നാടുകളിലെല്ലാം ഞായറാഴ്ചയായിരുന്നു ചെറിയ പെരുന്നാൾ. സ്വദേശികളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ ഈദ്ഗാഹുകളിലും പള്ളികളിലുമായി പെരുന്നാൾ നമസ്കാരം നടന്നു. മസ്കത്ത്, സീബ്, ബർക്ക, സലാല, ഖദറ തുടങ്ങി ഒമാെൻറ വിവിധ ഭാഗങ്ങളിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകൾ നടന്നു.
സ്ത്രീകളടക്കം ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഗാല അൽ റുസൈഖി മൈതാനത്ത് നടന്ന ഈദ്ഗാഹിനും ഖുതുബക്കും മലേഷ്യയിലെ ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി അസി. പ്രഫസർ ആർ.യൂസുഫ് നേതൃത്വം നൽകി. റമദാനിലൂടെ കൈവരിച്ച ജീവിതവിശുദ്ധി വരും നാളുകളിലെ ജീവിതത്തിന് ഉൗർജമാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇന്ത്യയിലും ലോകമെങ്ങുമുള്ള ഇസ്ലാമിക സമൂഹം കടുത്ത വെല്ലുവിളി നേരിടുകയാണ്. അക്രമങ്ങളിലൂടെ മുസ്ലിം സമൂഹത്തെ നിശ്ശബ്ദരാക്കാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത്. അത് ഫാഷിസ്റ്റുകളുടെ സ്ഥിരം ശൈലിയാണ്.
ഇവർക്ക് മുന്നിൽ മുട്ടുമടക്കാതെ ഇസ്ലാം ഉയർത്തിപ്പിടിക്കുന്ന സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും സമഭാവനയുടെയും സന്ദേശം ലോകത്തിന് വ്യക്തമാക്കി നൽകാൻ മുസ്ലിം സമൂഹം പ്രതിജ്ഞാബദ്ധമാണ്. വിവിധ വിഭാഗങ്ങളും സംഘടനകളുമായി തിരിഞ്ഞ് പരസ്പരം പോരടിക്കാതെ മുസ്ലിം സമൂഹം യോജിപ്പിെൻറ പാതയിലേക്ക് എത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീബ് അൽ ആമരി സെൻററിൽ നടന്ന ഇൗദ്ഗാഹിന് ഷക്കീൽ ഹസനും ഖദറ ഫുട്ബാൾ മൈതാനിയിൽ അബ്ദുൽ അസീസ് വയനാടും ബർക്ക സൂഖ് റോഡ് അൽ അബീർ
ഷോപ്പിങ്ങിന് പിൻവശമുള്ള ഫുട്ബാൾ മൈതാനിയിൽ നൗഷാദ് അബ്ദുല്ല എടപ്പാളും മുസന്ന ഫുട്ബാൾ സ്റ്റേഡിയത്തിൽ ഫജറുസ്വാദിഖും ബുഅലി അൽ വഹ്ദ സ്റ്റേഡിയത്തിൽ ഒ.പി അലിയും നമസ്കാരത്തിന് നേതൃത്വം നൽകി. ഇന്ത്യൻ ഇസ്ലാഹി സെൻറർ ഒമാൻ ആഭിമുഖ്യത്തിൽ നാലിടങ്ങളിൽ ഇൗദ്ഗാഹുകൾ നടന്നു. കറാമ ഹൈപ്പര് മാർക്കറ്റ് കോമ്പൗണ്ടിൽ നടന്ന നമസ്കാരത്തിന് ഷെമീര് ചെന്ത്രാപ്പിന്നിയും വാദികബീർ ഇബ്നു ഖൽദൂൻ സ്കൂൾ ഗ്രൗണ്ടിൽ അബ്ദുൽറസാഖ് പാലക്കാടും സീബ് സ്പോർട്സ് ക്ലബ് മൈതാനിയിൽ ഹാഫിസ് അൻവാറുൽ ഹഖും സുവൈഖ് ഷാഹി ഫുഡ്സ് മൈതാനിയിൽ സഫറുദ്ദീൻ മാഹിയും ഇൗദ്ഗാഹുകൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം, വിവിധ പള്ളികളിലും പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിച്ചിരുന്നു. സ്വദേശികളുടെ നമസ്കാരങ്ങൾക്ക് ശേഷമായിരുന്നു വിദേശികളുടെ നമസ്കാരങ്ങൾ. പെരുന്നാൾ നമസ്കാരശേഷം പരസ്പരം ആലിംഗനം ചെയ്തും കൈകൾ കൊടുത്തും പെരുന്നാൾ ആശംസകൾ നേർന്നാണ് വിശ്വാസികൾ ഇൗദ്ഗാഹുകളിൽ നിന്ന് പിരിഞ്ഞത്. സലാലയിലും ഇൗദ് ആഘോഷം നടന്നു. വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ഇൗദ്ഗാഹിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ദോഫാർ ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് കെ. സലാഹുദ്ദീൻ അബൂദബി നേതൃത്വം നൽകി. റമദാനിലൂടെ നേടിയെടുത്ത ഊർജം നിലനിർത്തണമെന്നും മർദിതരോട് ഐക്യദാർഢ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഹിബ്ർ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസിയാണ് നേതൃത്വം നൽകിയത്.
സ്കൂൾ അവധിയും വേനലവധിയും ആരംഭിച്ചതോടെ പ്രവാസി കുടുംബങ്ങളിൽ പലരും പെരുന്നാൾ ആഘോഷിക്കാനായി നാട്ടിലെത്തിയിരുന്നു. നാട്ടിൽ പോകാത്ത പ്രവാസകുടുംബങ്ങൾ ഉച്ചഭക്ഷണത്തിനായി കുടുംബസുഹൃത്തുക്കളെയും സഹപ്രവർത്തകരെയുമെല്ലാം വീടുകളിലേക്ക് ക്ഷണിച്ചിരുന്നു. ബാച്ച്ലർ അക്കമഡേഷനുകളിലും എല്ലാവരും ഒരുമിച്ചുചേർന്ന് ബിരിയാണി ഒരുക്കിയിരുന്നു. പെരുന്നാൾ നമസ്കാരശേഷം സലാലയിലേക്കും ദുബൈയിലേക്കും യാത്ര പോയവരും നിരവധിയാണ്. വീടുകളിൽ ഉച്ചവരെ ചെലവിട്ടവർ വൈകുന്നേരത്തോടെ വിവിധയിടങ്ങളിലേക്ക് യാത്ര പോയി. ചൂടുള്ള അന്തരീക്ഷമായിരുന്നെങ്കിലും മത്ര കോർണിഷ്, ഖന്താബ്, സവാദി, ഖുറം ബീച്ചുകളിലെല്ലാം ഇന്നലെ ഉച്ചക്കുശേഷം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ജബൽ അഖ്ദറിലേക്കും ജബൽശ്ശംസിലേക്കുമെല്ലാം യാത്രപോയവരും ധാരാളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.