ബാത്തിന തീരദേശ റോഡ്: കുടിയിറക്കപ്പെട്ടവർക്ക് 2,200 വീടുകൾ കൈമാറി
text_fieldsമസ്കത്ത്: ബാത്തിന തീരദേശറോഡ് പദ്ധതിയുമായി കുടിയിറക്കപ്പെട്ടവർക്ക് 2,200 വീടുകൾ കൈമാറിയതായി ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
വടക്ക്-തെക്ക് ബാത്തിന ഗവർണറേറ്റുകളിലെ സുവൈഖ് വിലായത്തിൽ 498, ഖബൂറയിൽ 350, ഷിനാസിൽ 201, സുഹാറിൽ 300, മുസന്നയിൽ 250, ബർകയിൽ 200, സഹമിൽ 400 എന്നിങ്ങനെയാണ് മന്ത്രാലയം വീടുകൾ കൈമാറ്റം പൂർത്തിയാക്കിയത്. നഷ്ടപ്പെടുന്ന വീടിന് പകരം പണം, അല്ലെങ്കിൽ മറ്റൊരു ഭവനം എന്നിങ്ങനെ രണ്ടു തരത്തിലായിരുന്നു നഷ്ടപരിഹാരം നൽകിയിരുന്നത്. തീരദേശ റോഡ് പദ്ധതിയിൽ നാശനഷ്ടമുണ്ടായ വീടുകളുടെ ഉടമസ്ഥർക്ക് ഇതിൽനിന്ന് ഇഷ്ടമുള്ളത് സ്വീകരിക്കാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നഷ്ടപരിഹാരങ്ങൾ നൽകിയിരുന്നത്.
വടക്കൻ ബാത്തിനയിലെ കൃഷിയിടങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണവും മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സുവൈഖിൽ 94 ശതമാനം കർഷകർക്കും ഭൂമി നഷ്ടമായി. സുഹാറിൽ 82 ശതമാനം, സഹം 93, ശിനാസ് 53, ഖാബൂറ 91, ലിവയിൽ 62 ശതമാനം കർഷകർക്കും പുതിയ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെട്ടിരുന്നു.
എന്നാൽ, ഈ കർഷകർക്കെല്ലാം ബദൽ കൃഷിഭൂമി കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തെക്കൻ ബാത്തിനയിലെ മുസന്നയിലെയും ബർക്കയിലെയും കർഷകർക്കും ബദൽ കൃഷിഭൂമി നൽകിയിട്ടുണ്ട്. പദ്ധതിയെ തുടർന്ന് പൊളിച്ചുമാറ്റിയ ഹൗസിങ് യൂനിറ്റുകളുടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.