കഴിഞ്ഞ വർഷം ഒമാനിൽ റിപ്പോർട്ട് ചെയ്തത് 221 എച്ച്.ഐ.വി കേസുകൾ
text_fieldsമസ്കത്ത്: ഒമാനിൽ കഴിഞ്ഞ വർഷം പുതിയതായി 221 പുതിയ എച്ച്.ഐ.വി അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 54പേർ സ്ത്രീകളാണ്. ഇതോടെ സുൽത്താനേറ്റിൽ എച്ച്.ഐ.വി ബാധിതരുടെ ആകെ എണ്ണം 2,339 ആയി. രോഗം മറച്ചുവെക്കലും വിവേചനവുമെല്ലാം ആരോഗ്യ പരിപാലന സേവനങ്ങൾക്ക് പ്രധാന തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഇമ്മ്യൂണോ ഡെഫിഷ്യൻസി ആൻഡ് സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻ വിഭാഗം മേധാവി ഡോ. സയാന ബിൻത് ഖൽഫാൻ അൽ ഹബ്സിയ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 70 ശതമാനവും ലൈംഗിക ബന്ധങ്ങളിലൂടെയും മറ്റുള്ളവ മയക്കുമരുന്ന് പങ്കിടൽ, അമ്മയിൽനിന്ന് കുട്ടിയിലേക്ക് പകരൽ എന്നിവയാണെന്നും അവർ പറഞ്ഞു.
രക്തപ്പകർച്ച മൂലമുള്ള കേസുകളൊന്നും സുൽത്താനേറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. വിവാഹത്തിനു മുമ്പ് എച്ച്.ഐ.വി പരിശോധന ആവശ്യമാണെന്നും മിക്ക അയൽ രാജ്യങ്ങളിലും ഇത് ബാധകമാണെന്നും ആരോഗ്യ മന്ത്രാലയത്തിൽ ഈ വിഷയം ഇപ്പോഴും ചർച്ചയിലാണെന്നും ഡോ. സയാന പറഞ്ഞു. നിലവിൽ ആരോഗ്യ മന്ത്രാലയം എല്ലാ വിഭാഗങ്ങൾക്കും രഹസ്യ സ്വഭാവത്തോടെ പരിശോധന നടത്തിവരുന്നുണ്ട്. എന്നാൽ, ഇത് നിർബന്ധമല്ല. കൂടാതെ എയ്ഡ്സ് കണ്ടെത്തുന്നതിനായി ഗർഭിണികളിലും ഇത് നടത്തിവരുന്നുണ്ട്. എയ്ഡ്സ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും പുതിയ മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇത് സമൂഹത്തിലെ മറ്റ് അംഗങ്ങളിലേക്ക് വൈറസ് പടരുന്നത് തടയുകയും രോഗിയെ തന്നെ നല്ല രീതിയിൽ സംരക്ഷിക്കുകയും ചെയ്യുന്നു. നേരത്തെയുള്ള രോഗനിർണയം വൈറസിനെ നിയന്ത്രിക്കുന്നതിനും ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും മികച്ച ചികിത്സ നൽകുന്നതിനും വളരെ മർമ പ്രധാനമാണ്.
പലരും ചികിത്സ സ്വീകരിക്കാൻ മടിക്കുന്നതായി കണ്ടു വരുന്നുണ്ട്. ഈ രോഗം സമൂഹം എങ്ങനെ കാണുന്നു എന്നുള്ള അവരുടെ ഭയമാണ് ഇതിനുള്ള കാരണം. എന്നാൽ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സ്റ്റാഫ് ഈ രോഗികളുമായി തുടർച്ചയായി ആശയവിനിമയം നടത്തി ചികത്സയുടെ പ്രാധന്യത്തെക്കുറിച്ച് ബോധവത്കരിക്കുകയും അവഗണിച്ചാൽ സമൂഹത്തിനുണ്ടാകുന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.