2433 പേർക്ക് രോഗമുക്തി; 1743 കോവിഡ്
text_fieldsമസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 1743 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചുപേർ മരിക്കുകയും ചെയ്തു. ഇതോടെ, രാജ്യത്ത് മഹാമാരി പിടിപെട്ട് മരിച്ചവരുടെ എണ്ണം 4,195 ആയി. കഴിഞ്ഞ ദിവസം 2433 പേർ രോഗമുക്തി നേടുകയും ചെയ്തു. മാസങ്ങളുടെ ഇടവേളക്കുശേഷമാണ് പ്രതിദിന രോഗമുക്തിനിരക്ക് രോഗബാധിതരേക്കാൾ രേഖപ്പെടുത്തുന്നത്. ഇത് ആശ്വാസം നൽകുന്ന കാര്യമാണെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു. 92.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,33,906 ആളുകൾക്ക് ഇതുവരെ മഹാമാരി മാറുകയും ചെയ്തു. 88 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 417 ആയി. ഇതിൽ 73 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 22,893 ആളുകളാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. പ്രതിദിന മരണനിരക്ക് കുറഞ്ഞതും പോസിറ്റിവ് കേസുകളിൽ കുതിപ്പില്ലാത്തതും ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ, ഒരു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും മരണനിരക്ക് ഉയർന്നു. ഈ മാസം 22,000 ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. 49 പേർ മരിക്കുകയും ചെയ്തു. 16,000 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. കോവിഡ് വ്യാപന തോത് കുറഞ്ഞതോടെ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കഴിഞ്ഞദിവസം സുപ്രീം കമ്മിറ്റി ഇളവ് നൽകിയിരുന്നു. അതേസമയം, വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.