27ാം രാവ്: മസ്ജിദുകൾ പ്രാർഥനമുഖരിതം
text_fieldsറൂവി മച്ചി മാർക്കറ്റ് പള്ളിയിൽ നടന്ന രാത്രിനമസ്കാരം -വി.കെ. ഷെഫീർ
മസ്കത്ത്: റമദാൻ അവസാനത്തിലേക്ക് അടുത്തതോടെ പള്ളികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. അവസാന പത്തോടെ സജീവമായ പള്ളികൾ ഇരുപത്തിയേഴാം രാവിൽ വിശ്വാസികളാൽ തിങ്ങിനിറഞ്ഞു.
തറാവീഹ്, ഖിയാമുല്ലൈൽ എന്നിവക്കായി ആയിരങ്ങളാണ് രാജ്യത്തെ പ്രധാന പള്ളികളിൽ കഴിഞ്ഞ ദിവസം എത്തിയത്. റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദ്, അൽ ഖുവൈർ തൈമൂർ മസ്ജിദ്, ഖുറം അസ്മ മസ്ജിദ് എന്നിവിടങ്ങളിൽ വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.
ഇന്നലെ മിക്ക പള്ളികളും വിശ്വാസികൾക്കായി മുഴുസമയവും തുറന്നിട്ടു. പലരും പകൽ മുഴുവൻ ഖുർആൻ പാരായണവുമായി കഴിച്ചുകൂട്ടി. രാത്രിയുടെ അന്ത്യയാമത്തിലെ ഖിയാമുല്ലൈലും പൂർത്തിയാക്കി സുബ്ഹി നമസ്കാരവും നിർവഹിച്ചാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്. സാധാരണക്കാരായ പ്രവാസികൾ ഏറ്റവും കൂടുതൽ പ്രാർഥനക്കായി ആശ്രയിക്കുന്ന റൂവി മച്ചി മാർക്കറ്റ് പള്ളിയിൽ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പല ഘട്ടങ്ങളായാണ് നമസ്കാരം നടന്നത്.
നാട്ടിൽ നിന്നെത്തിയ മതപണ്ഡിതന്മാർ നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. പാപമോചനത്തിനായി നാം ആശ്രയിക്കേണ്ടത് പരമകാരുണ്യവാനായ അല്ലാഹുവിനെ തന്നെ ആകണമെന്നും സഹജീവി സ്നേഹം, കരുണ, ക്ഷമ എന്നിവയാകണം ഓരോ വിശ്വാസിയെയും മുന്നോട്ടുനയിക്കേണ്ടത് എന്നും പണ്ഡിതന്മാർ വിശ്വാസികളെ ഓർമിപ്പിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾക്കായി ഭക്ഷണവും ഒരുക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.