മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേള: ശ്രദ്ധയാകർഷിച്ച് ഇൻഫർമേഷൻ മന്ത്രാലയ പവലിയൻ
text_fieldsമസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയിലെ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ പവലിയൻ ശ്രദ്ധേയമാകുന്നു. മാധ്യമ മേഖലയെ സേവിക്കുന്നതിൽ മന്ത്രാലയം നിർവഹിക്കുന്ന ഉത്തരവാദിത്തങ്ങളെയും ചുമതലകളെക്കുറിച്ചും സന്ദർശകർക്ക് അറിവുപകർന്ന് നൽകുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ഒമാൻ ന്യൂസ് ഏജൻസി (ഒ.എൻ.എ), ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക്കേഷൻസ് ആൻഡ് ആർട്ടിസ്റ്റിക് വർക്ക്സ് വിഭാഗം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക് മീഡിയ വിഭാഗം (ഇതിൽ ഐൻ പ്ലാറ്റ്ഫോമും മീഡിയ പോർട്ടലും), നിസ്വ മാഗസിൻ വിഭാഗം എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലൂടെയാണ് പവലിയൻ പ്രവർത്തിക്കുന്നത്.
ഒമാന്റെ വികസനത്തിന്റെ വളർച്ചകൾ കാണിക്കുന്ന ഏജൻസിയുടെ ഫോട്ടോഗ്രാഫിക് ആർക്കൈവുകളാണ് ഒ.എൻ.എ യുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ററാക്ടീവ് സ്ക്രീനുകളും ചിത്ര പാനലുകളും സന്ദർശകരെ ആകർഷിക്കുന്നതാണ്.
മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങളും മന്ത്രാലയത്തിന്റെ പിന്തുണയുള്ള പ്രസിദ്ധീകരണങ്ങളുമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക്കേഷൻസ് ആൻഡ് ആർട്ടിസ്റ്റിക് വർക്ക്സ് വിഭാഗത്തിൽ വരുന്നത്. മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട്. ഇലക്ട്രോണിക് പുസ്തകങ്ങളാണ് ഐൻ പ്ലാറ്റ്ഫോം വിഭാഗത്തിലുള്ളത്. ഒമാനി പുസ്തകങ്ങളുടെ ഓഡിയോ പതിപ്പുകൾ കേൾക്കുന്നത് അനുഭവിക്കാൻ സന്ദർശകരെ പ്രചോദിപ്പിക്കുന്ന പ്ലാറ്റ്ഫോമിൽ, സമൃദ്ധമായ ദൃശ്യ, ഓഡിയോ, ലിഖിത ഉള്ളടക്കങ്ങളും ഈ വിഭാഗം അവതരിപ്പിച്ചിട്ടുണ്ട്.
മാസിക ആരംഭിച്ചതിന്റെ 30ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ഇൻഫർമേഷൻ പവലിയനിലെ നാലാമത്തെ വിഭാഗം നിസ്വ മാസികക്കായി സമർപ്പിച്ചിരിക്കുകയാണ്. മാസികയുടെ വിവിധ പതിപ്പുകളും മൂന്ന് ദശാബ്ദക്കാലത്തെ ഹ്രസ്വചിത്ര അവലോകനവും ഇവിടെനിന്നും അറിയാൻ കഴിയും.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ കഴിഞ്ഞ ദിവസംതുടങ്ങിയ മേളക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വാരാന്ത്യദിനമായ വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ ആളുകൾ പുസ്തക നഗരിയിലേക്കൊഴുകും.
ശനി മുതൽ വ്യാഴംവരെ രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി 10 വരെയുമാണ് പ്രവർത്തന സമയം. പ്രവേശനം സൗജന്യമാണ്. മേള മാർച്ച് രണ്ടിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.