ഫെബ്രുവരിയിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടത് 31 ഒമാനികളെ
text_fieldsമസ്കത്ത്: കഴിഞ്ഞ ഫെബ്രുവരിയിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടത് 31 ഒമാനി തൊഴിലാളികളെയെന്ന്. ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സിന്റെ (ജി.എഫ്.ഒ.ഡബ്ല്യു) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അതേ മാസം തന്നെ 30 ഒമാനി തൊഴിലാളികളെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ഫെഡറേഷൻ അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഫെബ്രുവരിയിൽ 52 നിയമസഹായങ്ങളും നൽകി. 2023ൽ തൊഴിൽ പിരിച്ചുവിടലുകൾ സംബന്ധിച്ച് 51സ്ഥാപനങ്ങളിൽനിന്ന് 52 പരാതികളും ഫെഡറേഷന് ലഭിച്ചു.
അന്യായമായ പിരിച്ചുവിടലുകളെക്കുറിച്ചായിരുന്നു ഈ പരാതികകളിലേറെയും. എന്നാൽ വൈകിയ പേമെന്റുകൾ, വേതനം നിർത്തലാക്കൽ, മോശം ജോലി സാഹചര്യങ്ങൾ, സുരക്ഷ, തൊഴിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതിൽ ഉൾപ്പെടുന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ പിരിച്ചുവിട്ടവരിൽ ഒമാനി ഇതര തൊഴിലാളികളും ഉൾപ്പെടുന്നു. ഒമാനിലുടനീളം തൊഴിലാളി യൂനിയനുകൾ വളർച്ച കൈവരിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷം ഫെബ്രുവരി വരെ 16 മേഖലകളിലായി, സുൽത്താനേറ്റിലെ തൊഴിലാളി യൂനിയനുകളുടെ എണ്ണം 327 ആയി. ഭൂരിഭാഗം യൂനിയനുകളും വാണിജ്യ, വ്യവസായ മേഖലയിലാണ് പ്രവർത്തിക്കുന്നത് -99 യൂനിയനുകൾ അഥവ 30 ശതമാനം, എണ്ണ, വാതക മേഖല (82 യൂനിയനുകൾ - 25 ശതമാനം), നിർമാണ, കരാർ മേഖല (32 യൂനിയനുകൾ അഥവ 9.7 ശതമാനം.
കൂടാതെ, ഫെബ്രുവരിയിൽ ഒരു പുതിയ മേഖല തൊഴിലാളി യൂനിയൻ സ്ഥാപിതമായി. ഈ യൂനിയനുകൾ കേന്ദ്രീകൃത സംഘടനകളായി പ്രവർത്തിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള കൂട്ടായ വിലപേശലും പിന്തുണയും വർധിപ്പിക്കുന്നതിന് വ്യക്തിഗത യൂനിയനുകളും ഫെഡറേഷനും തമ്മിലുള്ള ആശയവിനിമയം ഏകോപിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്നുണ്ട്. ഒമാനിലെ തൊഴിലാളികളുടെ ന്യായമായ പെരുമാറ്റം, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം, നിയമപരമായ അവകാശങ്ങൾ എന്നിവക്കായി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.