മദ്ഹയിൽ ലഭിച്ചത് 320 മി.മീ മഴ
text_fieldsമസ്കത്ത്: കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുസന്ദം ഗവർണറേറ്റിലെ മദ്ഹ വിലായത്തിൽ. ജൂലൈ 25 മുതൽ 28 വരെയുള്ള കാലയളവിൽ 320 മി.മീ മഴയാണ് ഇവിടെ ലഭിച്ചതെന്ന് മത്സ്യബന്ധന ജലവിഭവ മന്ത്രാലയം അറിയിച്ചു. രണ്ടാം സ്ഥാനത്ത് ലിവയാണ്. 161 മി.മീറ്റർ മഴയാണ് ഇവിടെ കിട്ടിയത്. ഏറ്റവും കുറവ് മഴ ലഭിച്ചത് റുസ്താഖിലാണ്. 64 മില്ലീമീറ്റർ മഴയാണ് ഇവിടെ കിട്ടിയത്. ഷിനാസ്-151, ഖസബ്- 150, ദിബ്ബ- 82 മി.മീ ബർക്ക- 65 മില്ലീമീറ്റർ എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴയുടെ കണക്കുകൾ.
വാദിയിൽ കുടുങ്ങിയയാളെ രക്ഷിച്ചു
മസ്കത്ത്: കനത്ത മഴയെ തുടർന്ന് വാദിയിൽ കുടുങ്ങിയയാളെ രക്ഷിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം വിലായത്തിൽനിന്നാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷിക്കുന്നത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കുത്തിയൊലിക്കുന്ന വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് സി.ഡി.എ നിർദേശം നൽകി. മുന്നറിയിപ്പ് നൽകിയിട്ടും നിരവധി പേരാണ് വാദി മുറിച്ചുകടക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ഒ.പിയും അറിയിച്ചിട്ടുണ്ട്.
ബാത്തിനയിലും മുസന്ദത്തും എൻ.സി.ഇ.എം ഉപകമ്മിറ്റി തുടരും
മസ്കത്ത്: ന്യൂന മർദ്ദത്തെ തുടർന്നുണ്ടാകുന്ന ആഘാതത്തെ നേരിടാനായി രാജ്യത്ത് രൂപവത്കരിച്ച നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് (എൻ.സി.ഇ.എം) ഉപ കമ്മിറ്റികളുടെ പ്രവർത്തനം വടക്കൻ ബാത്തിന, മുസന്ദം ഒഴികെയുള്ള ഗവർണറേറ്റുകളിൽ അവസാനിപ്പിച്ചു. ന്യൂനമർദ്ദം ദുർബലമാകുകയും മഴ കുറയുകയും ചെയ്തതോടെയാണ് ഉപ കമ്മിറ്റികളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ഉപ കമ്മിറ്റികളുടെ പ്രവർത്തനം വിവിധ ഗവർണറേറ്റുകളിൽ സജീവമാക്കിയത്.
മസ്കത്ത്, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം ഗവര്‍ണറേറ്റുകളിലാണ് ഉപകമ്മിറ്റി പ്രവർത്തിച്ചത്. എന്നാൽ ബാത്തിന, മുസന്ദം ഒഴികെ മറ്റു ഗവർണറേറ്റുകളിലൊന്നും ന്യൂന മർദ്ദം വലിയ ആഘാതം വരുത്താതെയാണ് കടന്ന് പോയത്.
വാദിയിൽ മുങ്ങി കുട്ടി മരിച്ചു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ വാദിയിൽ ഒരു കുട്ടി മുങ്ങിമരിച്ചു. നിസ്വ വിലാത്ത് തനൂഫ് ഏരിയയിലെ വാദിയിൽ കഴിഞ്ഞ ദിവസമായിരുന്ന അപകടം. കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടുവെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.