കാർഷിക ഉൽപന്നങ്ങളുടെ രണ്ടാം വിളവെടുപ്പിൽ 40 ശതമാനം കുറവ്
text_fieldsമസ്കത്ത്: ഒമാൻ കാർഷിക ഉൽപന്നങ്ങളുടെ രണ്ടാം വിള മാർക്കറ്റിലെത്താൻ തുടങ്ങി. ശഹീൻ ചുഴലിക്കാറ്റ് അടക്കമുള്ള പ്രശ്നങ്ങൾ കാർഷിക മേഖലയെ ബാധിച്ചതിനാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉൽപാദനം രണ്ടാം വിളക്കാലത്ത് 40 ശതമാനം കുറവാണെന്ന് കാർഷിക മേഖലയിലുള്ളവർ പറയുന്നു. എന്നാൽ, വില വർധന കാര്യമായി ബാധിച്ചിട്ടില്ല. മാർക്കറ്റിൽ എല്ലാ ഉൽപന്നങ്ങളും എത്തിയെങ്കിലും കഴിഞ്ഞ വർഷക്കാലത്തെ വിലക്കുറവ് അനുഭവപ്പെടുന്നില്ല. കഴിഞ്ഞ വർഷം ഉൽപാദനം വളരെ കൂടുതലായതിനാൽ നിരവധി കാർഷിക ഉൽപന്നങ്ങളുടെ വില ഇടിഞ്ഞിരുന്നു. നവംബർ മുതൽ ഡിസംബർ അവസാനം വരെയാണ് ഒമാനിൽ കാർഷിക ഉൽപന്നങ്ങളുടെ ഒന്നാം വിളവെടുപ്പ് നടക്കുന്നത്. ഈ വർഷം ഒന്നാം വിളക്കാലത്ത് വളരെ കുറച്ച് ഒമാൻ പച്ചക്കറികൾ മാത്രമാണ് വിപണിയിലെത്തിയത്. അതിനാൽ ഒമാൻ കാർഷിക ഉൽപന്നങ്ങൾ മാർക്കറ്റിലെത്തുമ്പോഴുള്ള വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടില്ല.
ജനുവരി മുതൽ ഫെബ്രുവരി അവസാനം വരെയാണ് ഒമാനിൽ രണ്ടാം കാർഷിക വിളക്കാലം. കഴിഞ്ഞ വർഷത്തെ പോലെ വിലക്കുറവില്ലെങ്കിലും കാര്യമായ വില വർധനയില്ലെന്ന് ഒമാനിലെ പഴം–പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. കാർഷിക ഉൽപന്നങ്ങൾക്ക് വല്ലാതെ വില കുറയാത്തത് കർഷകർക്കും ഉൽപന്നങ്ങൾക്ക് വില വർധനവ് ഇല്ലാത്തത് ഉപഭോക്താക്കൾക്കും അനുകൂലമായ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. അമിത ഉൽപാദനം ഇല്ലാത്തത് കർഷകർക്കും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തക്കാളി, കാബേജ്, പാവക്ക, വഴുതന, കക്കിരി, ബീൻസ്, പാപ്പിടി, കാപ്സിക്കം, കോളി ഫ്ലവർ, കൂസ തുടങ്ങിയ ഉൽപന്നങ്ങളെല്ലാം മാർക്കറ്റിലുണ്ട്. നിലവിൽ തക്കാളി കാർട്ടന് ഒരു റിയാലാണ് വില. കഴിഞ്ഞവർഷം ഇതേ സീസണിൽ 600 ബൈസ മുതൽ 700 ബൈസ വരെയാണ് വില. കാബേജിന് കഴിഞ്ഞ വർഷം ഇതേ സീസണിൽ 700 ബൈസയായിരുന്നു. ഈ വർഷം 1.200 റിയാലിൽ കുറഞ്ഞിട്ടില്ല. എല്ലാ ഉൽപന്നങ്ങൾക്കും അമിതമല്ലാത്ത വിലയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്. മാർച്ച് മുതൽ മൂന്നാം വിള ആരംഭിക്കുമെങ്കിലും മൂന്നാം സീസണിൽ ചൂട് ആരംഭിക്കുന്നതിനാൽ കാർഷിക ഉൽപാദനം എല്ലാ വർഷവും കുറയാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.