43 വർഷത്തെ പ്രവാസം; ബഷീർ മടങ്ങി
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യകാല പ്രവാസി കൂടി നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂർ സ്വദേശി ബഷീറാണ് 43 വർഷത്തെ പ്രവാസത്തിനൊടുവിൽ ബുധനാഴ്ച രാത്രി ഭാര്യക്കും മകൾക്കുമൊപ്പം മടങ്ങിയത്. 1978ൽ ബോംബെ വഴിയാണ് ബഷീർ ഒമാനിലെത്തുന്നത്. ഫഞ്ചയിലെ ഒരു സൂപ്പർ മാർക്കറ്റിലായിരുന്നു ആദ്യം ജോലി. 15 കൊല്ലത്തോളം സഹോദരീ ഭർത്താവിെൻറ കൂടെ സൂപ്പർ മാർക്കറ്റിൽ ജോലിചെയ്തു.
അസൗകര്യങ്ങളുടെ നടുവിലുള്ള ആദ്യകാല പ്രവാസത്തെ കുറിച്ച ഒാർമകൾ ഇന്നും ബഷീർക്കയുടെ ഒാർമകളിലുണ്ട്. ഇന്നത്തെപോലെ വൈദ്യുതി ലഭ്യമല്ലാതിരുന്ന ആദ്യകാലങ്ങളിൽ രാത്രി വെളിച്ചത്തിന് റാന്തൽവിളക്കും മെഴുകുതിരിയുമാണ് ഉപയോഗിച്ചിരുന്നത്. ചൂടുകാലത്ത് വീടിനു പുറത്തായിരുന്നു ഉറക്കം. സുൽത്താൻ ഖാബൂസിെൻറ കീഴിൽ ഒമാെൻറ വികസനത്തിെൻറ വഴിയിലേക്ക് നടത്തിയ ചുവടുവെപ്പുകൾ നേരിൽക്കാണാൻ കഴിഞ്ഞു. റോഡ് വഴിയുള്ള യാത്രകളിൽ നിരവധി തവണ സുൽത്താൻ ഖാബൂസിനെ നേരിൽ കാണാനും സാധിച്ചതായി ബഷീർ പറയുന്നു.
2000ത്തിൽ ഫുഡ്സ്റ്റഫ് ഒമാനിവത്കരിച്ചപ്പോൾ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോയി. വൈകാതെ സ്പോൺസർ തിരിച്ചുവിളിച്ച് അദ്ദേഹത്തിെൻറ പെട്രോൾ പമ്പിൽ ജോലി നൽകി. പെട്രോൾ ഫില്ലർ ആയി ജോലിയാരംഭിച്ച് മാനേജർ ആയാണ് വിരമിച്ചത്.സ്പോൺസർക്ക് ലഭിക്കാനുള്ള വാടക പിരിക്കുക, മറ്റു സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുക തുടങ്ങിയ ജോലികളും ചെയ്തിരുന്നതായി ബഷീർ പറഞ്ഞു. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ഹാജറയാണ് ഭാര്യ. കഴിഞ്ഞ 38 വർഷമായി ഒമാനിലുള്ള ഹാജറയും ഇന്നലെയാണ് മടങ്ങിയത്. വിവാഹം കഴിഞ്ഞ് 16 വർഷം കഴിഞ്ഞാണ് മകൾ ഹിബ ജനിച്ചത്. പ്ലസ് ടു വരെ സീബ് ഇന്ത്യൻ സ്കൂളിലാണ് ഹിബ പഠിച്ചത്.
ഫഞ്ചയിലെ കെ.എം.സി.സി സെക്രട്ടറി, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഗോനു കാലത്ത് അടക്കം സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ലൈസൻസുള്ള ഇലക്ട്രീഷ്യൻ കൂടിയായ ബഷീർ നാട്ടിൽ ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.