ഒരുമയുടെ ഒമാന് സ്നേഹാശംസകൾ
text_fieldsഒമാൻ എന്ന കൊച്ചുരാജ്യത്തിന്റെ സ്ഥാനം ലോകത്തിന്റെ സാംസ്കാരിക സാമൂഹിക ഭൂപടത്തിൽ സവിശേഷമാണ്. ഒരു നാടിന്റെ മികവിനെ വിലയിരുത്തുന്ന മൂന്ന് സുപ്രധാന സൂചകങ്ങളാണ് സുരക്ഷിതത്വം, ശുചിത്വം, ആതിഥേയത്വം എന്നിവ. ഈ മൂന്ന് ഘടകങ്ങളിലും ലോകത്തെ മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലാണ് ഒമാൻ.
സ്നേഹസാമ്രാജ്യത്താൽ ഹൃദയങ്ങൾ കീഴടക്കിയ, നന്മയുടെയും കാരുണ്യത്തിന്റെയും മഹദ് ചരിതമെഴുതിയ ജനതയാണ് ഒമാനികൾ. ഭൂമിശാസ്ത്രപരമായി വൈവിധ്യങ്ങളുടെ സംഗമഭൂമിയായ ഈ മണ്ണ്, ഗ്രാമീണതയും നാഗരികതയും ആധുനികതയും പാരമ്പര്യവും സംയോജിതമായ അതിശയമാണ്. ആത്മാഭിമാനികളും സ്ഥിരോത്സാഹികളുമായ ഈ മണ്ണും ജനതയും ഇന്ന് 54ാം ദേശീയ ദിനം ആഘോഷിക്കുകയാണ്. അന്നത്തിന് വകതേടി പുറപ്പെട്ടുവന്ന പ്രവാസത്തെ സാഹോദര്യത്തോടെ ചേർത്തുപിടിക്കുന്ന ഈ മഹാരാജ്യത്തിന്റെ സന്തോഷദിനം നാം ഓരോരുത്തരുടേതും കൂടിയാണ്.
വ്യക്തി മാഹാത്മ്യത്താൽ ലോകം ആദരവോടുകൂടി മാത്രമോർക്കുന്ന, സമാധാനത്തിനും പ്രജാക്ഷേമത്തിനുമായി നിലകൊണ്ട മഹാനായ സുൽത്താൻ ഖാബൂസിന്റെ (കാരുണ്യക്കടലായ പടച്ചതമ്പുരാൻ അദ്ദേഹത്തിന് ശാന്തി നൽകട്ടെ) ജന്മദിനമാണ് ഒമാൻ ജനത ദേശീയദിനമായി ആഘോഷിക്കുന്നത്. ആധുനികതയിലേക്ക് ഒമാൻ അതിവേഗം വളർന്നുവന്നത് സുൽത്താൻ ഖാബൂസിന്റെ കാലത്തായിരുന്നു. ഒരൊറ്റ ആശുപത്രിയും മൂന്ന് സ്കൂളുകളും പത്തു കിലോമീറ്റർ റോഡും മാത്രമുണ്ടായിരുന്ന ഒരു ദേശത്തെ, ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന, ആരോഗ്യ പരിരക്ഷയിലും സാർവത്രിക വിദ്യാഭ്യാസത്തിലും കുതിപ്പുനടത്തുകയും, പശ്ചാത്തല സൗകര്യങ്ങളിൽ ഏതൊരു ലോകരാഷ്ട്രത്തോടും കിടപിടിക്കുകയും ചെയ്യുന്ന വിധത്തിൽ വികസിപ്പിക്കുകയും ചെയ്തത് അദ്ദേഹമാണ്.
ക്രാന്തദർശിയായ അദ്ദേഹത്തിന്റെയും പിൻഗാമിയായി അധികാരമേറ്റ നിലവിലെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദും പുതിയ ഉയരങ്ങളിലേക്ക് മഹത്തായ രാജ്യത്തെ വഴി നടത്തുകയാണ്. സ്വപ്നം കാണുക മാത്രമല്ല, അത് സാക്ഷാത്കരിക്കുകയും ജനതയെയും വരും തലമുറയെയും ഉജ്ജ്വല സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിക്കുകയും ചെയ്തവരാണിവർ. അശാന്തിയുടെ സാഹചര്യങ്ങളിൽ ആഗോളതലത്തിൽ സമാധാനത്തിന്റെ ദൂതുമായി ഇവിടത്തെ ഭരണാധികാരികൾ എക്കാലവും ഉയർന്നുനിന്നതും ചരിത്രസാക്ഷ്യമാണ്. ഗസ്സയിൽ യുദ്ധം ശക്തമായ ഈ ഘട്ടത്തിൽ വെടിനിർത്തലിനും ഫലസ്തീനികളുടെ അവകാശ സംരക്ഷണത്തിനുമായി ഒമാൻ നടത്തുന്ന ശ്രമങ്ങൾ ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്.
പ്രവാസി ജനതക്ക് രാഷ്ട്ര നിർമാണത്തിലുള്ള പങ്കിനെ അംഗീകരിക്കുന്നതിലും വിവേചനം തൊട്ടുതീണ്ടാത്ത സമീപനം സ്വീകരിക്കുന്നതിലും മുൻകാലങ്ങളിൽ ഒമാൻ ശ്രദ്ധിച്ചു. സുൽത്താൻ ഖാബൂസ് പഠിച്ച നാടായ ഇന്ത്യക്കും അവിടത്തെ ജനങ്ങൾക്കും വാത്സല്യം കൂടുതൽ നൽകിയെന്ന് അഭിമാനത്തോടെ ഓർമിക്കാനാവും. കേരളം-ഒമാൻ ബന്ധത്തിനും ചരിത്രപരമായ പ്രാധാന്യമുണ്ട്. സംവത്സരങ്ങൾക്കുമുമ്പ് ആരംഭിച്ച വ്യാപാര വാണിജ്യബന്ധം പൂർവാധികം ഇന്നും തുടരുന്നു.
നൂറിലേറെ ഇന്ത്യൻ കമ്പനികളും ലക്ഷക്കണക്കിന് പ്രവാസികളും ഒമാന്റെ മണ്ണിൽ ഇപ്പോഴുണ്ട്. ഇതിൽ വലിയൊരു ശതമാനം മലയാളികളാണ്. കേരളവുമായി സാംസ്കാരികമായി ഒരു ഇഴയടുപ്പം ഈ നാടിനുണ്ട്. ഒമാനിലെ സലാലയിലെ പ്രകൃതിഭംഗി ഓരോ മലയാളിയെയും സ്വന്തം നാടിന്റെ ഗൃഹാതുരതയിലേക്ക് എത്തിക്കുന്നതാണ്. ഭക്ഷണക്രമത്തിലും സാമൂഹിക ബന്ധങ്ങളിലെ പെരുമാറ്റത്തിലും മറ്റും ഇരു നാടുകളും തമ്മിൽ സാമ്യം കാണാവുന്നതാണ്. ഇക്കാരണങ്ങളാൽ മലയാളിയും ഒമാനിയും തമ്മിലെ ഇണക്കം കൂടുതലാണ്. ധാരാളക്കണക്കിന് ഒമാനികളും മലയാളികളും ഒരുമിച്ച് രൂപപ്പെടുത്തിയ സംരംഭങ്ങൾ വിജയിച്ച് വളർന്നതിന്റെ രസതന്ത്രം ഇതുകൂടിയാണ്.
പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ മുഖപത്രമായ, പ്രവാസത്തിന്റെ കണ്ണാടിയായ ‘ഗൾഫ് മാധ്യമ’ത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച മണ്ണാണിത്. ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മസ്കത്തിൽ ദിവസങ്ങൾക്ക് മുമ്പൊരുക്കിയ ‘ഹാർമോണിയസ് കേരള’യുടെ വൻ വിജയം ഇതിന്റെ അവസാന ഉദാഹരണമാണ്. ഗൾഫ് മാധ്യമത്തിന്റെ ഉദ്യമങ്ങൾക്കെല്ലാം രക്ഷകർതൃത്വവും പങ്കാളിത്തവും നൽകി മസ്കത്ത് മുനിസിപ്പാലിറ്റിയുൾപ്പെടെ ഒമാനിലെ ഔദ്യോഗിക സംവിധാനങ്ങൾ എന്നുമുണ്ടായിരുന്നു. ഇനിയുമിനിയും സുൽത്താന്റെ മണ്ണിനോട് ചേർന്നുനിന്ന്, ഇവിടത്തെ വികസനത്തിനും പുരോഗതിക്കും സംഭാവന ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അഭ്യുന്നതിയുടെ പുത്തനാകാശങ്ങളിലേക്ക് കുതിച്ചുയരുന്ന പ്രിയ ദേശത്തിന്റെ സന്തോഷ ദിനത്തിൽ ആഹ്ലാദത്തോടെ പങ്കുചേരുന്നു. പടച്ചവൻ അനുഗ്രഹങ്ങൾ വർഷിക്കട്ടെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.