ദോഫാറിൽ 594 അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിച്ചു
text_fieldsമസ്കത്ത്: അനധികൃത ഭൂമി കൈയേറ്റ ങ്ങൾക്കെതിരെ നടപടി ശക്തമാക്കി ദോഫാർ മുനിസിപ്പാലിറ്റി. പൊതുമുതൽ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 594 അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്തു. ഗവർണറേറ്റിലുടനീളമുള്ള ഭൂമി കൈയേറ്റങ്ങൾക്കെതിരെ ഈ വർഷം ഫെബ്രുവരിയിൽ നടപടി ആരംഭിച്ചിരുന്നുവെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ നിയമലംഘന വിഭാഗം ഡയറക്ടർ അബ്ദുൽ ഖാലിഖ് സലിം പറഞ്ഞു. മൂന്ന് വ്യക്തികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റാസിൻ പ്ലെയിൻ, ഹംറാൻ, നഷാബ്, ഖിജുൽ, സഫ്ഖ്, ഹാജിഫ്, ഖിഷ് എന്നി സ്ഥലങ്ങളിലായിരുന്നു മുനിസിപ്പാലിറ്റിയുടെ ഭൂമി കൈയേറ്റത്തിനെതിരെയുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾ. ദോഫാർ ഗവർണറേറ്റിലെ എല്ലാ ഭൂമി കൈയേറ്റങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സലിം പറഞ്ഞു.
നിയമപരമായ രേഖകൾ ഹാജരാക്കാൻ കഴിയാത്ത കേസുകളിൽ സമഗ്രമായ പരിശോധനക്കു ശേഷമാണ് മുനിസിപ്പാലിറ്റി കെട്ടിടങ്ങൾ നീക്കം ചെയ്തത്. ലംഘനം കണ്ടെത്തിയാൽ അത് കൈയേറ്റക്കാരനെ അറിയിക്കും. തുടർന്ന് കൈയേറ്റം അവസാനിപ്പിക്കാനുള്ള നിർദേശം നൽകും. ഇത് പാലിക്കാത്തത് ഉടനടി നീക്കം ചെയ്യുകയോ ഉചിതമായ അധികാരികൾക്ക് റഫർ ചെയ്യുകയോ ചെയ്യുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
വളരെ വ്യവസ്ഥാപിതമായാണ് ഒഴിപ്പിക്കൽ നടപടികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യം ലംഘനം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. പിന്നീട് ഇവരുടെ ചിലവിൽതന്നെ കൈയേറ്റം നീക്കം ചെയ്യുമെന്ന് അറിയിച്ച് നോട്ടീസ് നൽകും. ഒഴിഞ്ഞുപോകാനായി ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്യും. ഇതിനുശേഷമാണ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അനധികൃത കൈയേറ്റങ്ങൾ നിരവധി ഭവന പദ്ധതികളുടെ നടത്തിപ്പിനു തടസ്സമാണ്. കൂടാതെ അനുചിതമായ സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ അപകടസാധ്യതകളുണ്ടാക്കുമെന്നും മുനിസിപ്പാലിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.