പൊതുമേഖലയിൽ 7,000 തസ്തികകൾ സ്വദേശിവത്കരിക്കും
text_fieldsമസ്കത്ത്: പൊതുമേഖല സ്ഥാപനങ്ങളിൽ ഈവർഷം 7000ജോലികളിൽനിന്ന് പ്രവാസികളെ ഒഴിവാക്കി ഒമാനികളെ നിയമിക്കും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒമാൻവത്കരണത്തിെൻറ ഭാഗമായാണ് നടപടി സ്വീകരിക്കുകയെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ശൈഖ് നസ്ർ ബിൻ അമീർ അൽ ഹുസ്നി പറഞ്ഞു.പൊതുമേഖലയിൽ ജോലിചെയ്യുന്ന 40,000 പ്രവാസികളെ ഘട്ടംഘട്ടമായി വർഷത്തിൽ 7,000 മുതൽ 10,000 വരെ കണക്കിൽ പുറത്താക്കുകയും സ്വദേശികളെ നിയമിക്കുകയും ചെയ്യും.
സർക്കാർ നിയന്ത്രിത കമ്പനികളിൽ 9000 ജീവനക്കാർ ജോലിചെയ്യുന്നുമുണ്ട്. സ്വകാര്യ മേഖലയിൽ 12,000 തൊഴിലുകളിൽ ഈവർഷം സ്വദേശികളെ നിയമിക്കുമെന്നും മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായ അൽ ഹുസ്നി കൂട്ടിച്ചേർത്തു. നിലവിൽ മൂവായിരത്തിലേറെ പദവികൾ സ്വദേശിവത്കരിച്ചിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ മികച്ച എണ്ണമാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വകാര്യമേഖലയിൽ പ്രവാസികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
കോവിഡ് അടക്കമുള്ള കാരണങ്ങളാലാണിത്. പുതുതായി നിരവധി സ്വദേശികളെ സ്വകാര്യമേഖലയിൽ നിയമിച്ചിട്ടുണ്ട്. എന്നാൽ, പല കമ്പനികളും മുൻപരിചയമടക്കമുള്ള കാര്യങ്ങൾ നിയമനത്തിന് ആവശ്യമാണെന്ന് പറയുന്നു. ഇത് എല്ലാവരുടെ കാര്യത്തിലും മാദണ്ഡമാക്കാൻ കഴിയില്ല.സ്വദേശികൾക്ക് തൊഴിൽ നൈപുണ്യം നൽകുന്നതിന് പരിശീലനം അടക്കമുള്ള കാര്യങ്ങൾ മന്ത്രാലയം നിർവഹിക്കുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ മേഖലയിലേക്കുള്ള തുടക്കമാണെന്നും അനുഭവങ്ങൾ ആർജിച്ച് കൂടുതൽ മികച്ച അവസരങ്ങളിലേക്ക് വളരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മന്ത്രാലയങ്ങളും സർക്കാർ ബോഡികളും ഒമാൻ ജനറൽ ഫെഡറേഷൻ ഓഫ് വർക്കേഴ്സ് അംഗങ്ങളും ഉൾപ്പെട്ട ഒരു കമ്മിറ്റിക്ക് തൊഴിൽ വകുപ്പ് രൂപം നൽകിയിട്ടുണ്ട്.കമ്പനികളിലെ തൊഴിൽ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഈ കമ്മിറ്റി പരിശോധിക്കുന്നുണ്ട്.തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യം അനിവാര്യമായ സന്ദർഭങ്ങളിൽ മാത്രമാണ് അനുവദിക്കുന്നത്.
സ്വകാര്യ-പൊതുമേഖലകൾക്ക് പ്രത്യേകം തൊഴിൽ നിയമം –മന്ത്രാലയം
മസ്കത്ത്: ഒമാനിലെ സ്വകാര്യ-പൊതു മേഖലകൾക്ക് പ്രത്യേകം തൊഴിൽ നിയമങ്ങളാണ് രൂപപ്പെടുത്തിവരുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതിയ നിയമങ്ങൾ ഉൽപാദനക്ഷമതയുള്ള ജീവനക്കാരെയും ജോലിസ്ഥലം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അണ്ടർസെക്രട്ടറി സയ്യിദ് സാലിം ബിൻ മുസല്ലം അൽ ബുസൈദി പറഞ്ഞു. പുതിയ നിയമത്തിൽ തൊഴിൽ സമയം വർധിപ്പിക്കില്ല. എന്നാൽ, ജോലി എളുപ്പമാക്കാൻ കമ്പനികൾക്ക് തൊഴിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കാൻ അനുവാദമുണ്ടാകും. കമ്പനികളിൽ സ്ഥാനക്കയറ്റം വലിയ പ്രശ്നമാകുന്നുണ്ട്.
ജോലിയിലെ മികവിനനുസരിച്ച് ഇത് ക്രമപ്പെടുത്തണം. പുതിയ നിയമം ആളുകളെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും ഉൽപാദനക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തൊഴിലുടമകളും ജീവനക്കാരും തമ്മിൽ പൊതുവായ ധാരണ രൂപപ്പെടുത്തുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹിതരായവർക്ക് വാർഷിക ബോണസ് പുതിയ നിയമത്തിൽ തടയപ്പെടുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞു. ബോണസ് ലഭിക്കുന്നതിന് വിവാഹം മാനദണ്ഡമാക്കുന്നതിനെ സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമാൻ വിഷൻ 2040െൻറ അടിസ്ഥാനമാക്കിയാണ് നിയമം രൂപപ്പെടുത്തുന്നത്. മന്ത്രിമാരുടെ കൗൺസിലിലും കൗൺസിൽ ഓഫ് ഒമാനിലും ചർച്ച ചെയ്ത ശേഷമായിരിക്കും നിയമം പാസാക്കുന്നത്. ആറുമാസമെങ്കിലും കഴിഞ്ഞാകും നിയമം നടപ്പിൽവരുത്തി തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.