പ്രതിരോധത്തിന്‍റെയും പുരോഗതിയുടെയും ആഗോള നന്മയുടെയും 78 വർഷങ്ങൾ
text_fieldsഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഒമാൻ സുൽത്താനേറ്റിലടക്കം ലോകത്തുടനീളമുള്ള എല്ലാ ഇന്ത്യക്കാർക്കും അഭിമാനത്തിന്‍റെയും സന്തോഷത്തിന്‍റെയും നിമിഷങ്ങളാണ്. ഈ ദിനം ഒരു സ്വതന്ത്ര രാഷ്ട്രത്തിന്‍റെ പിറവി മാത്രമല്ല, കാലത്തിന്‍റെ പരീക്ഷണങ്ങളെ അതിജീവിച്ച് കൂടുതൽ ശക്തവും ഊർജസ്വലവുമായി ഉയർന്നുവന്ന ഒരു ജനാധിപത്യത്തിന്‍റെ ചൈതന്യത്തെയും അടയാളപ്പെടുത്തുന്നു.
1947 മുതലുള്ള ഇന്ത്യയുടെ യാത്ര ശ്രദ്ധേയമായതാണ്. എണ്ണമറ്റ വെല്ലുവിളികൾ നേരിടുന്ന ഒരു പുതിയ സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽനിന്ന്, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ രൂപാന്തരപ്പെട്ടു. ഇത് ഇന്ത്യയിലെ ജനങ്ങളുടെ ദൃഢനിശ്ചയത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും തെളിവാണ്.
നമ്മുടെ ജി.ഡി.പി ശക്തമായ വളർച്ചക്ക് സാക്ഷ്യം വഹിക്കുന്നതിലൂടെ സമീപഭാവിയിൽ ലോകത്തെ മുൻനിരയിലുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും മാറും. ഈ വളർച്ചക്ക് വിവരസാങ്കേതിക വിദ്യ, പുനരുപയോഗ ഊർജം, ബഹിരാകാശ പര്യവേക്ഷണം തുടങ്ങി വിവിധ മേഖലകളുടെ സംഭാവനയും ചെറുതല്ല.
ഈ ചരിത്ര നിമിഷം ആഘോഷിക്കുമ്പോൾ, ഇന്ത്യയും ഒമാൻ സുൽത്താനേറ്റും തമ്മിലുള്ള സുദൃഢമായ ബന്ധത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിയാർജിക്കുന്നത് പരസ്പരമുള്ള വിശ്വാസവും ബഹുമാനവും അടയാളപ്പെടുത്തുന്നതാണ്.
2023ൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ജി20 ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തതും ഡിസംബറിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഇന്ത്യയിലേക്കുള്ള സന്ദർശനവും ഇരു രാജ്യങ്ങളുടെയും ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിലുള്ള വികസന അജണ്ടകളിലെ ഒരു സമന്വയമാണ് ഈ പങ്കാളിത്തത്തിന് അടിവരയിടുന്നത്.
നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, നവീകരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുകയാണ്. ഇത് പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഉഭയകക്ഷി വ്യാപാരം കുതിച്ചുയർന്ന് 12 ബില്യൺ ഡോളറിലെത്തി.
ഒമാന്‍റെ സമ്പദ്‌വ്യവസ്ഥക്കും ‘ഒമാൻ വിഷൻ 2040’ ന്‍റെ പൂർത്തീകരണത്തിലേക്കുള്ള മുന്നേറ്റത്തിനും ഇന്ത്യയുടെ സംഭാവന തുടരുന്നുണ്ട്. ഒമാനിലെ ഇന്ത്യൻ സമൂഹം ഒമാന്‍റെ വികസനത്തിന് കാര്യമായ സംഭാവന നൽകുകയും ഇരുരാജ്യങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുകയും ചെയ്യുന്നു.
ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്കുവേണ്ടിയുള്ള അചഞ്ചലമായ പിന്തുണക്കും കരുതലിനും സുൽത്താൻ ഹൈതം ബിൻ താരിഖിന് ഞാൻ ഹൃദയംഗമമായ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. എല്ലാവർക്കും ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാം.
ഇന്ത്യൻ സർക്കാറിന്‍റെയും ജനങ്ങളുടെയും പേരിൽ സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനിലെ ജനങ്ങൾക്കും സമാധാനവും പുരോഗതിയും സമൃദ്ധിയും ഉണ്ടാകുന്നതിനുള്ള ആശംസകൾ നേരാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. ജയ് ഹിന്ദ് - അമിത് നാരംഗ് (ഇന്ത്യൻ അംബാസഡർ, ഒമാൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.