ജബൽ അഖ്ദറിലെത്തിയത് 84,869 സഞ്ചാരികള്‍
text_fieldsമസ്കത്ത്: ഒമാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ജബൽ അഖ്ദർ സഞ്ചാരികളുടെ മനംകവരുന്നു. ഈ വർഷത്തെ ആദ്യ ആറുമാസത്തിൽ 84,869 സഞ്ചാരികളാണ് ഇവിടെ എത്തിയത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 7.37 ശതമാനം വര്‍ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. മുൻവർഷം ഇക്കാലയളവിൽ 79,034 സന്ദർശകരായിരുന്നു ജബൽ അഖ്ദറിലെത്തിയിരുന്നത്.
സഞ്ചാരികളില്‍ കൂടുതൽ പേരും ഒമാന്‍ പൗരന്മാരാണ് -34,125. യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, ഇതര അറബ് രാജ്യങ്ങളിൽനിന്നുള്ളവരാണ് സഞ്ചാരികൾ കൂടുതലും.
ജബൽ അഖ്ദറിൽ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയാണ് വിനോദ സഞ്ചാരികളെ ഈ മലമുകളിലേക്ക് ആകർഷിക്കുന്നത്. ഒമാനിൽ പരക്കെ ചൂട് 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തുമ്പോൾ ജബൽ അഖ്ദറിൽ 32 ഡിഗ്രി സെൽഷ്യസാണ് താപനില. കടുത്ത ചൂടിൽനിന്ന് രക്ഷ നേടാനും സുഖകരമായ കാലാവസ്ഥ അനുഭവിക്കാനും നിരവധി പേരാണ് കുടുംബ സമേതം എത്തുന്നത്.
നീർമാതളം വിളവെടുക്കുന്ന സീസൺ ആഗസ്റ്റ് മുതൽ ആരംഭിക്കാനിനിരിക്കെ ആയിരക്കണക്കിന് നീർമാതള മരങ്ങളിൽ കായകൾ വിരിഞ്ഞു വരുകയാണ്. ജബൽ അഖ്ദറിൽ എവിടെ നോക്കിയാലും ഈ മനോഹര കാഴ്ചയാണുള്ളത്. ആപ്രിക്കോട്ട്, വാൾനട്ട് തുടങ്ങിയ മരങ്ങളും പൂവും കായും നിറഞ്ഞുനിൽക്കുന്ന മനോഹര കാഴ്ചകളും വിനോദ സഞ്ചാരികൾക്ക് ഏറെ ആനന്ദം പകരുന്നതാണ്.
ജബൽ അഖ്ദറിലേക്കുള്ള ചുരം കയറിയുള്ള യാത്രയും വിനോദ സഞ്ചാരികൾ ഏറെ ഹരം പകരുന്നതാണ്. ചുരം കയറുന്നതിനിടെ താഴ്ഭാഗ കാഴ്ചകൾ മനോഹരമാണ്. ഈ യാത്ര ഏറെ അപകടം നിറഞ്ഞതിനാൽ ഇതിന് നിരവധി നിയന്ത്രണങ്ങളുമുണ്ട്.
യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റു സൗകര്യങ്ങൾക്കുമായി ജബൽ അഖ്ദറിലെ ചുരം ആരംഭിക്കുന്ന മേഖലയിൽ ചെക്ക് പോയന്റ് ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് മേലോട്ട് ഫോർ വീലർ വാഹനങ്ങൾ മാത്രമേ കടത്തി വിടുകയുള്ളൂ. വാഹനങ്ങളുടെ മുൽക്കിയയും ഡ്രൈവറുടെ ലൈസൻസും പരിശോധനക്ക് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.