89,839 പ്രവാസി വോട്ടർമാർ; ‘വോട്ടുവിമാനം’ പറക്കും
text_fieldsമസ്കത്ത്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിൽ വോട്ടർപട്ടികയിലുള്ളത് 89,839 പ്രവാസി വോട്ടർമാർ. ഇവരിൽ കൂടുതൽപേരും വിവിധ ജി.സി.സി രാജ്യങ്ങളിൽ കഴിയുന്നവരാണ്.
തെരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോഴേക്ക് പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തിവരികയാണ് പ്രവാസി സംഘടനകൾ. വിവിധ രാഷ്ട്രീയ പാർട്ടികൾ അനുകൂല സംഘടനകൾ ഇതിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കെ.എം.സി.സിയും തങ്ങളുടെ വോട്ടർമാരെ നാട്ടിൽ എത്തിക്കാനുള്ള തയാറെടുപ്പുകൾ നടത്തിവരുന്നു. അവധിക്ക് നാട്ടിൽ പോകാൻ തെരഞ്ഞെടുപ്പ് സമയം തിരഞ്ഞെടുത്തവരുമു ണ്ട്.
മുൻ വർഷങ്ങളിലെപോലെ പ്രത്യേക വിമാനം ഏർപ്പെടുത്തി വോട്ടർമാരെ നാട്ടിലെത്തിക്കാനും ആലോചനയുണ്ട്. ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ വിമാനങ്ങൾ ചാർട്ടർ ചെയ്ത് വോട്ടർമാരെ നാട്ടിലെത്തിക്കാനാകും ശ്രമം. ഇതിനായി വോട്ടർ പട്ടിക പരിശോധിച്ച് വോട്ടുള്ള പ്രവാസികളെ കണ്ടെത്തിവരികയാണ്.
ഒമാനിൽ മാസങ്ങൾക്കു മുമ്പേതന്നെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് വിവിധ രാഷ്ട്രീയപാർട്ടി അനുകൂല കൂട്ടായ്മകൾ തുടക്കമിട്ടിരുന്നു. നോമ്പായതിനാൽ അൽപം മന്ദഗതിയിലായിരുന്നു പ്രചരണ പരിപാടികൾ. നോമ്പും പെരുന്നാൾ അവധിയും കഴിഞ്ഞതോടെ വരുംദിവസങ്ങളിൽ കൂടുതൽ ഊർജ്ജസ്വലത കൈവരും. സ്ഥാനാർഥികൾ നേരിട്ടെത്താൻ കഴിയാത്തതിനാൽ ഓൺലൈനിലൂടെയാണ് വോട്ട് പിടിത്തം നടത്തുന്നത്. മൊത്തം 89,839 പ്രവാസി വോട്ടർമാരിൽ 83,765 പേർ പുരുഷന്മാരും 6,065 പേർ സ്ത്രീകളും ഒമ്പതുപേർ ട്രാൻസ്ജെൻഡേഴ്സുമാണ്. കോഴിക്കോട്ടുകാരാണ് കൂടുതൽ-35,793 പേർ.
തൊട്ടുപിന്നിലുള്ള മലപ്പുറത്തും കണ്ണൂരിലും യഥാക്രമം 15,121ഉം 12,876ഉം പ്രവാസി വോട്ടർമാരാണുള്ളത്. വയനാട്ടിൽ നിന്നും 779 പ്രവാസി വോട്ടർമാരാണുള്ളത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 325 പ്രവാസി വോട്ടർമാരാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.