കഴിഞ്ഞമാസം നൽകിയത് 913 ജല ലൈസൻസുകൾ
text_fieldsമസ്കത്ത്: കിണർ കുഴിക്കുന്നതിനടക്കം വിവിധ ഗവർണറേറ്റുകളിലായി മേയ് മാസത്തിൽ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം നൽകിയത് 913 ജല ലൈസൻസുകൾ. കിണർ, അണക്കെട്ടുകൾ, ഫലജ് എന്നിവ രജിസ്റ്റർ ചെയ്യാനും കിണർ കുഴിക്കാനും വിവിധ വികസന പദ്ധതികൾക്കും വേണ്ടിയുള്ള അനുമതികളാണ് നൽകിയതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ വാട്ടർ ലൈസൻസിങ് വകുപ്പ് ഡയറക്ടർ മഖ്ബൂൽ ഹുസൈൻ അൽ റവാഹി പറഞ്ഞു.
ജലലഭ്യതയെയും മറ്റും അടിസ്ഥാനമാക്കി മന്ത്രാലയം ചട്ടങ്ങൾ പുതുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കമ്യൂണിറ്റി അംഗങ്ങളുടെ ആവശ്യകതകൾ കണക്കിലെടുത്ത് ജല ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിയന്ത്രണങ്ങളും മന്ത്രാലയം രൂപപ്പെടുത്തി. ഫലജിനെ പ്രകൃതിദത്ത ജലസ്രോതസ്സായി സംരക്ഷിച്ച് ജല ലൈസൻസ് അനുവദിക്കാനുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനും ലളിതമാക്കാനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ലൈസൻസ് നൽകിയിരിക്കുന്നത് ദാഖിലിയ ഗവർണറേറ്റിലാണെന്ന് റവാഹി പറഞ്ഞു.
കിണറുകൾക്കും മറ്റുമായി 242 ലൈസൻസുകളാണ് ഇവിടെ നൽകിയിരിക്കുന്നത്. 156 എണ്ണവുമായി വടക്കൻ ബാത്തിന ഗവർണറേറ്റാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് മുസന്ദത്താണ്. അഞ്ച് ലൈസൻസുകളാണ് ഇവിടെ നൽകിയത്.
ദഹിറ-143, തെക്കൻ ബാത്തിന -131, വടക്കൻ ശർഖിയ 120, തെക്കൻ ശർഖിയ 49, ബുറൈമി- 36, മസ്കത്ത് -16, ദോഫാർ- ഒമ്പത്, അൽ വുസ്ത -ആറ് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റിലെ കണക്കുകൾ.
ഒമാനിൽ 2020ൽ 123 മില്ലിമീറ്ററും 2019ൽ 183 മില്ലിമീറ്ററും ശരാശരി മഴ ലഭിച്ചതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.