ഫാൻസ് ഫെസ്റ്റിവൽ സന്ദർശകരായെത്തിയത് 92,000 ആരാധകർ
text_fieldsമസ്കത്ത്: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഫാൻസ് ഫെസ്റ്റിവലിനെത്തിയത് 92,000 ആരാധകർ. ഒറ്റക്കളിക്കായി ഏറ്റവും കൂടുതൽ ആളുകൾ എത്തിയിരുന്നത് ഫൈനലിനായിരുന്നു. 5,800ലധികം ആരാധകരാണ് അർജന്റീനക്കും ഫ്രാൻസിനും ജയ് വിളികളുമായി ഫാൻസ് സോണിൽ ആഘോഷമൊരുക്കിയത്. എന്നാൽ, ഒരു ദിവസം കൂടുതൽ ആളുകൾ സന്ദർശിച്ചത് ഡിസംബർ ആറിന് നടന്ന മൊറോക്കോ-സ്പെയിൻ, പോർചുഗൽ-സ്വിറ്റ്സർലൻഡ് മത്സരങ്ങൾക്കായിരുന്നു. 7,100ഓളം ആരാധകരാണ് അന്നേ ദിവസത്തെ കളികാണാനായി ഇവിടെ തടിച്ചുകൂടിയത്.
അതേസമയം, ലോകകപ്പ് വിജയകരമായി നടപ്പാക്കിയതിന് ഖത്തറിനെ അഭിനന്ദിക്കുകയാണെന്ന് ടൂറിസം പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറിയും ഒമാൻ ലോകകപ്പ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്ന സ്റ്റിയറിങ് കമ്മിറ്റി തലവനുമായ അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി പറഞ്ഞു. ഇത്തരമൊരു വിജയകരമായ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത് ആ രാജ്യത്തിന് മാത്രമല്ല, നമ്മൾ ഓരോരുത്തർക്കും അഭിമാനം നൽകുന്ന കാര്യമാണ്. ഇത്രയും കരുതലോടും പ്രഫഷനലിസത്തോടുംകൂടി നമ്മുടെ പ്രദേശത്ത് വലിയൊരു മാമാങ്കമാണ് ഖത്തർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനോടനുബന്ധിച്ച് സുൽത്താനേറ്റിൽ ഒരുക്കിയ പരിപാടികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഫുട്ബാൾ ഫാൻ ഫെസ്റ്റിവൽ. ലോക ഫുട്ബാൾ മാമാങ്കത്തിന്റെ അന്തരീക്ഷം രാജ്യത്ത് ഒരുക്കാൻ ഇതിലൂടെ കഴിഞ്ഞു. മത്സരം കാണാനും വിവിധ പരിപാടികൾ ആസ്വദിക്കാനും മറ്റുമായി ദിനേന ആയിരക്കണക്കിനാളുകളായിരുന്നു ഇവിടേക്ക് ഒഴുകിയിരുന്നത്. ആരാധകരിൽനിന്ന് ലഭിച്ച പിന്തുണ പ്രതീക്ഷിച്ചതിനേക്കാളും വലുതായിരുന്നുവെന്ന് അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി പറഞ്ഞു. നോക്കൗട്ട് മത്സരം മുതലായിരുന്നു കൂടുതൽ ആളുകളെ ഫാൻസ് ഫെസ്റ്റിവൽ നഗരിയിലേക്ക് ആകർഷിച്ചു തുടങ്ങിയത്. ഗ്രൂപ് ഘട്ടങ്ങളിലെയും മറ്റും മത്സരങ്ങളിൽ ആദ്യകളിക്ക് ശേഷം ആരാധകർ ഫാൻസ് ഫെസ്റ്റിവൽ നഗരി വിടുമെന്നായിരുന്നു സംഘാടകർ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ഇവരിൽ ഭൂരിഭാഗം പേരും വൈകിയുള്ള മത്സരങ്ങൾ കാണാൻ നഗരിയിൽ തങ്ങിയിരുന്നു. ഇത് ഫാൻസ് ഫെസ്റ്റിവലിലെ വിവിധ ബിസിനസുകൾക്ക് സഹായമാവുകയും ചെയ്തു.
മേഖലയിൽ ആദ്യമായി വിരുന്നെത്തിയ ലോക ഫുട്ബാൾ മാമാങ്കത്തെ ആവേശം ചോരാതെ ആസ്വാദകരിലേക്ക് എത്തിക്കുന്നതിനും സഞ്ചാരികളെ ആകർഷിക്കുന്നതിനുമായാണ് ഫാൻസ് സോണുകൾ ഒരുക്കിയിരുന്നത്. ബിഗ് സ്ക്രീനിൽ മത്സരം പ്രദർശിപ്പിക്കുന്നതിന് പുറമെ കുടുംബങ്ങളെ ആകർഷിക്കുന്നതിനായി വിവിധങ്ങളായ വിനോദ പരിപാടികളും നഗരിയിൽ സജ്ജീകരിച്ചിരുന്നു. നവംബർ 20ന് തുടങ്ങിയ ഫെസ്റ്റിവലിൽ മലയാളികളടക്കം ആയിരക്കണക്കിന് ആളുകളായിരുന്നു ദിനേന സന്ദർശകരായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.