മത്രയിൽ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം സ്ഥാപിക്കും
text_fieldsമസ്കത്ത്: മയക്കുമരുന്നിന്‍റെ ആസക്തിയിൽ നിന്ന് മുക്തമാകുന്നവരെ താമസിപ്പിക്കാനായി മത്രയിൽ പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതികളുമായി അധികൃതർ. നാഷണൽ കമ്മിറ്റി ഫോർ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്, ആൻറി നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോ ട്രോപിക് സബ്‌സ്റ്റാൻസസ് കോമ്പറ്റീഷൻ പ്രോജക്ട് ടീം, മത്രയിലെ ഡെപ്യൂട്ടി വാലി അബ്ദുൽ ഹമീദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ഖറൂസിയുമായി ചേർന്ന് നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
മയക്കുമരുന്നിന്‍റെ പിടിയിൽ നിന്നും മുക്തമായവരെ സമൂഹത്തിലേക്ക് വീണ്ടും ഇഴകിചേരാൻ സഹായിക്കുന്ന സുപ്രധാന ചുവടുവെപ്പുകളിലൊന്നാണിത്. പുനരധിവാസ കേന്ദ്രത്തിന് സ്ഥലം അനുവദിക്കുന്നതായിരുന്നു യോഗത്തിലെ പ്രധാന ചർച്ച വിഷയം. മയക്കുമരുന്ന് ബോധവത്ക്കരണ പദ്ധതിയുടെ പുരോഗതി, ടീമിന്‍റെ നേട്ടങ്ങൾ, നടപ്പാക്കിയ ഘട്ടങ്ങൾ, സംരംഭത്തിന്‍റെ സംഘടനാ വശങ്ങൾ എന്നിവ അവലോകനം ചെയ്തു.
മത്രയിലെ മയക്കുമരുന്ന്, ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള വിപുലമായ ശ്രമങ്ങളിൽ തങ്ങളുടെ പങ്ക് എടുത്തുകാട്ടി കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തി. മത്രയിലെ പുനരധിവാസ കേന്ദ്രം ലഹരിവസ്തുക്കളുടെ ദുരുപയോഗം കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ സമീപനത്തെ സൂചിപ്പിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.