വികസന വഴിയിൽ വാനോളം…
text_fieldsസഹകരണങ്ങൾ ഊട്ടിയുറപ്പിച്ച സന്ദർശനങ്ങൾ
ഒമാനും വിവിധ രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് ഉന്നതലത്തിലുള്ള സന്ദർശനങ്ങൾ 2024ൽ നടക്കുകയുണ്ടായി. കുവൈത്ത്, തുർക്കിയ, ജോർഡൻ, ബെൽജിയം, ബെലറൂസ്, അംഗോള തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് രാഷ്ട്രത്തലവൻമാരുടെ സന്ദർശനമുണ്ടായത്.
അധികാരമേറ്റതിനുശേഷം ആദ്യമായി ഒമാനിലെത്തിയ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ് മദ് അൽ ജാബിർ അസ്സബാഹിന് ഊഷ്മള വരവേൽപാണ് നൽകിയത്. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണത്തിന്റെ വശങ്ങളും സൗഹൃദ ബന്ധത്തെയും മറ്റും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ശക്തിപ്പെടുത്തുന്നതിനെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനുള്ള വഴികൾ, പൊതു താൽപര്യമുള്ള മറ്റു പ്രധാന വിഷയങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങൾ എന്നിവയും വിലയിരുത്തി. ദുകം റിഫൈനറി-പെട്രോകെമിക്കൽ ഇൻഡസ്ട്രീസിന്റെ ഉദ്ഘാടന ചടങ്ങിൽ സുൽത്താനും കുവൈത്ത് അമീറും പങ്കെടുത്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജോർഡനിലെത്തിയ സുൽത്താനും പ്രതിനിധി സംഘത്തിനും ഉജ്ജ്വല വരവേൽപാണ് ലഭിച്ചത്. അബ്ദുല്ല രണ്ടാമൻ രാജാവുമായി സുൽത്താൻ കൂടിക്കാഴ്ചയും നടത്തി. അമ്മാനിലെ ബാസ്മാൻ കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിലും ഒപ്പുവെച്ചു.
സുൽത്താന്റെ കുവൈത്ത് സന്ദർശനത്തിൽ ഒമാൻ-കുവൈത്ത് ബിസിനസ് ഫോറം സ്ഥാപിക്കുന്നതിനുൾപ്പെടെ നാല് ധാരണപത്രങ്ങളിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഒപ്പുവെച്ചു. നേരിട്ടുള്ള നിക്ഷേപം, സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങൾ, നയതന്ത്ര പഠനങ്ങൾ, പരിശീലനം എന്നീ മേഖലകളിലാണ് ധാരണയിലെത്തിയിരിക്കുന്നത്. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രത്തിലും ഒപ്പിട്ടു. സുൽത്താന്റെ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയ എഴുതിച്ചേർക്കലായിട്ടാണ് നിരീക്ഷകൾ വിലയിരുത്തിയത്.
സുൽത്താന്റെ ബെൽജിയം സന്ദർശനത്തിന്റെ ഭാഗമായി സഹകരണം വർധിപ്പിക്കുന്നതിനും യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഹൈഡ്രജൻ മേഖലയിൽ സഹകരണം സ്ഥാപിക്കാൻ ധാരണപത്രത്തിലും ഒപ്പുവെച്ചു. വ്യവസായിക സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, നയരൂപകർത്താക്കൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണപത്രത്തിൽ ബെൽജിയൻ ഹൈഡ്രജൻ കൗൺസിലും ഹൈഡ്രോം ഒമാനുമാണ് ഒപ്പുവെച്ചത്.
ഒമാനിൽ സന്ദർശനത്തിനെത്തിയ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തെബൂണ്‍ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും വിവിധ സംഭവവികാസങ്ങളും അറബ് സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമാകുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ സന്ദർശന ഭാഗമായി സാമ്പത്തിക-നിക്ഷേപം-സാങ്കേതിക-മെഡിക്കൽ മേഖലകളിലെ സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ബന്ധങ്ങളും പര്യവേക്ഷണ മാർഗങ്ങളും ചർച്ച ചെയ്തു. അംഗോള പ്രസിഡന്റ് ജോവോ ലോറെൻകോയും ഒമാനിലെത്തി.
സുൽത്താന്റെ തുർക്കിയ സന്ദർശന ഭാഗമായി ഒമാനും തുർക്കിയയും തമ്മിൽ 10 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണ കരാറുകളിൽ എത്തിയത്. സംയുക്ത നിക്ഷേപവും ആരോഗ്യവും സംബന്ധിച്ച രണ്ട് കരാറുകളിലും രാഷ്ട്രീയ ആലോചനകൾ, നിക്ഷേപ പ്രോത്സാഹനം, കൃഷി, മത്സ്യം, മൃഗം, ജലസമ്പത്ത്, തൊഴിൽ, സംരംഭകത്വം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, കേന്ദ്ര ബാങ്കുകൾ തമ്മിലുള്ള സഹകരണം, സാംസ്കാരിക സഹകരണം എന്നിവയെക്കുറിച്ചുള്ള എട്ട് ധാരണപത്രങ്ങളിലുമാണ് ഒപ്പുവെച്ചത്.
തൊഴിൽ നിയമ ലംഘകരെ കണ്ടെത്താൻ പുതിയ സംവിധാനം
അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ശക്തമായാണ് നടക്കുന്നത്. ഇതിനായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്. ഈ പുതിയ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമ ലംഘന പരിശോധന ശക്തമാക്കിയിട്ടുള്ളത്. ഈ സംവിധാനത്തിന് കീഴിൽ പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന മസ്കത്ത്, ദോഫാർ, വടക്കൻ ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിലാണ് ഊർജിതമായ പരിശോധന നടത്തി വരുന്നത്.
ചില നോട്ടുകളുടെ ഉപയോഗം അവസാനിപ്പിച്ചു
രാജ്യത്തെ നോട്ടുകളിലെ ചില വിഭാഗങ്ങളുടെ ഉപയോഗം ഡിസംബറോടെ അവസാനിപ്പിക്കുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) അറിയിച്ചു. ഇതിന് ശേഷം ഇത്തരം നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായി കണക്കാക്കും.
2020ന് മുമ്പുള്ള കാലങ്ങളിൽ സി.ബി.ഒ പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗമാണ് അധികൃതർ പിൻവലിച്ചത്. ഇത്തരം ബാങ്ക് നോട്ടുകൾ കൈവശമുള്ളവർ ഇതിനകം മാറ്റിയെടുത്തിട്ടുണ്ട്.
ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട്റഡാറുകൾ
ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ പുത്തൻ ചുവടുവെപ്പുമായി റോയൽ ഒമാൻ പൊലീസ്. ഇതിന്റെ ഭാഗമായി സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചു തുടങ്ങി. ഇവ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൊബൈൽ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, റോഡ് സിഗ്നലിന് മുമ്പായി ലെയ്ൻ മാറൽ എന്നിവ റഡാറിന് കണ്ടെത്താനാകും.
സമാന രീതിയിലുള്ള റഡാറുകൾ ജി.സി.സി രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് പുത്തൻ സംവിധാനം അധികൃതർ ഒരുക്കിയിരിക്കുന്നത്.
അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു
ഒമാന്റ പ്രഥമ ഉപഗ്രഹമായ അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു. സുഹാർ തുറമുഖം, സുഹാർ ഫ്രീ സോൺ, ഇബ്രി വിലായത്തിലെ പടിഞ്ഞാറൻ ഹജർ പർവത നിരകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ താഴ്ന്ന ഉയരത്തിൽനിന്ന് പകർത്തിയവയാണ് ഇവ. ഭൂനിരീക്ഷണം, വിദൂര സംവേദനം എന്നിവയിലാണ് അമാൻ-ഒന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമാൻ-ഒന്ന് ഭൗമ ഭ്രമണപഥത്തിലേക്ക് ഷട്ടിൽ ചെയ്ത നിമിഷം മുതലുള്ള പ്രവർത്തനങ്ങളെയാണ് ചിത്രം സൂചിപ്പിക്കുന്നത്.
പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യയും ഒമാനും
പ്രതിരോധ സഹകരണ മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി ഇന്ത്യയും ഒമാനും. പ്രതിരോധ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും കൈമാറ്റം സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണപത്രം ഒപ്പുവെച്ചു. മസ്കത്തിൽ നടന്ന 12ാമത് സംയുക്ത സൈനിക സഹകരണ കമ്മിറ്റി (ജെ.എം.സി.സി) യോഗത്തിൽ ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയും ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നസീർ ബിൻ അലി അൽ സാബിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. കഴിഞ്ഞ ഡിസംബറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യ സന്ദർശന വേളയിൽ ‘ഭാവിക്കുവേണ്ടി പങ്കാളിത്തം’ എന്ന തലക്കെട്ടിൽ ഇന്ത്യ-ഒമാൻ സംയുക്ത ദർശന രേഖ മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ധാരണയിലെത്തിയിരിക്കുന്നത്.
ജെ.എം.സി.സി യോഗത്തിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തമായ പ്രതിരോധ സഹകരണം ഇരുപക്ഷവും അവലോകനം ചെയ്തു. പരിശീലനം, സംയുക്ത അഭ്യാസ പ്രകടനം, വിവരങ്ങൾ പങ്കിടൽ, സമുദ്രശാസ്ത്രം, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
മവേല സെൻട്രൽ മാർക്കറ്റ് ഓർമയായി
കഴിഞ്ഞ മൂന്ന് പതിറ്റണ്ടുകാലമായി തിക്കും തിരക്കും അനുഭവിച്ചറിഞ്ഞ മവേല സെൻട്രൽ മാർക്കറ്റിലെ നൂറുകണക്കിന് സ്ഥാപനങ്ങളുടെ വാതിലുകൾ അടഞ്ഞു. മാർക്കറ്റ് ജൂൺ മുതൽ കസാഇനിലേക്ക് മാറിയതോടെ ഇവിടെ വർഷങ്ങളായി പ്രവത്തിക്കുന്ന 300ലധികം മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കാണ് പൂട്ട് വീണത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കിയ, സിറിയ, യമൻ, ജോർഡൻ, ഇറ്റലി, ഇറാൻ, ജർമനി, അമേരിക്ക, ഫിലിപ്പീൻസ്, ഇന്ത്യേനേഷ്യ, മലേഷ്യ, യുക്രൈയ്ൻ, പെറു, ഉരുഗ്വായ്, അർജന്റീന, പോളണ്ട്, ഇത്യോപ്യ, മൊറോക്കോ, നെതർലാൻഡ്സ്, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ 80ലധികം രാജ്യങ്ങളിൽനിന്ന് മാർക്കറ്റിലേക്ക് പഴങ്ങളും പച്ചക്കറികളും എത്തിയിരുന്നു.
ആധുനിക സൗകര്യത്തോടെ സിലാൽ മാർക്കറ്റ്
തെക്കൻ ബാത്തിനയിലെ ബർകയിൽ പ്രവർത്തനം തുടങ്ങിയ പുതിയ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിൽ (സിലാൽ) ഒരുക്കിയിരിക്കുന്നത് ആധുനിക സൗകര്യങ്ങൾ. രാജ്യത്തെ ജനസംഖ്യയില്‍ പകുതി പേരുടെയും മാര്‍ക്കറ്റ് ആവശ്യങ്ങളെ നിറവേറ്റാന്‍ പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റിലൂടെ സാധിക്കും. അഞ്ച് ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പൂര്‍ണമായും ശീതീകരിച്ച മാര്‍ക്കറ്റ് ദേശീയ നിലവാരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
മവേല മാർക്കറ്റിനെക്കാൾ മൂന്ന് മടങ്ങ് വലുതാണ് സിലാൽ മാർക്കറ്റ്. പുതിയ മാർക്കറ്റിൽ കോൾഡ് സ്റ്റോർ, വരണ്ട സ്റ്റോർ, മൊത്ത വ്യാപാര ഹാൾ, ട്രക്കുകളിലെ വിൽപന മേഖല, സവോളയും ഉരുളക്കിഴങ്ങും വേർതിരിക്കാനുള്ള മേൽക്കൂരകളുള്ള ഭാഗങ്ങർ, കാർഷിക ഉൽപന്നങ്ങളുടെ പരിശോധനാ കേന്ദ്രം, കമ്പനികളുടെ ഓഫിസുകൾ, ഫോർക് ലിഫ്റ്റ് സൗകര്യങ്ങൾ, ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ, പച്ചക്കറികളും പഴങ്ങളും തരം തിരിക്കുന്ന ഗ്രൗണ്ടുകൾ, പഴം പച്ചക്കറികളുടെ കസ്റ്റംസ് പരിശോധനക്കുള്ള സ്ഥലം, പച്ചക്കറി ഉൽപന്നങ്ങളുടെ ലാബ് പരിശോധനക്കുള്ള സ്ഥലം, ട്രക്കുകൾക്ക് പ്രവേശിക്കാനുള്ള നിരവധി ഗേറ്റുകൾ എന്നിവയും പുതിയ മാർക്കറ്റിലുണ്ട്.
വിദേശ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ധനസമാഹരണം നിരോധിച്ചു
വിദേശങ്ങളിൽ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള ധനസമാഹരണം ഒമാൻ നിരോധിച്ചു. നാഷനൽ ഓർഗൻ ട്രാൻസ്പ്ലാൻറ് പ്രോഗ്രാമിലെ അവയവദാന വിഭാഗം മേധാവി ഡോ. ഖാസിം ബിൻ മുഹമ്മദ് ബിൻ സുലൈമാൻ അൽ ജഹ്ദാമിയാണ് തീരുമാനം സ്ഥിരീകരിച്ചത്.
കച്ചവടം ലക്ഷ്യമാക്കി അവയവം മാറ്റിവെക്കലിനുള്ള സംഭാവനകൾ ചാരിറ്റബ്ൾ ഗ്രൂപ്പുകൾ പരസ്യപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അവയവങ്ങളുടെയും ടിഷ്യൂകളുടെയും വിൽപ്പനയുടെയും വാങ്ങലിന്റെയും പരസ്യമോ പ്രമോഷനോ വ്യക്തമായി നിരോധിച്ചിട്ടുണ്ട്.
സ്വദേശിവത്കരണം ശക്തമാക്കുന്നു
രാജ്യത്ത് ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഒമാനിവത്കരണം ശക്തമാക്കുന്നു. ഈ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കും. ‘ഒമാൻ വിഷൻ 2040’ന് അനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും ഒമാനികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി പ്രവർത്തനം മെച്ചപ്പെടുത്താനും അവശ്യ നയങ്ങൾ രൂപവത്കരിക്കാനുമാണ് ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നത്.
തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം 2025 ജനുവരിയിൽ ആരംഭിച്ച് 2027 അവസാനം വരെ തുടരും. ഇതിനായി ഓരോ വർഷത്തേക്കും ലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 2024ൽ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനവും കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ 31 ശതമാനവുമാണ് ഒമാനിവത്കരണം ലക്ഷ്യമിട്ടിരുന്നത്.
വിവിധ നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും 2040ഓടെ ഈ മേഖലകളിലെ പ്രഫഷനൽ ജോലികൾ സ്വദേശിവത്കരിക്കാനാണ് മന്ത്രാലയം ഉദേശിക്കുന്നത്.
റഫ്രിജറേറ്റർ ട്രക്കുകളിൽ ഡ്രൈവർമാർ ഇനി ഒമാനികൾ മാത്രം
റഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിൽ ഒമാനികൾക്ക് മാത്രമായി നേരത്തേ പ്രഖ്യാപിച്ചത് സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വന്നു. എല്ലാ വലുപ്പത്തിലുമുള്ള ശീതീകരിച്ച ട്രക്കുകൾ ഓടിക്കാൻ ഒമാനി പൗരന്മാർക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ നയത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇത് വ്യവസായത്തെ ഗണ്യമായി പുനർനിർമിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, മന്ത്രാലയത്തിൽ നിന്നുള്ള ലാൻഡ് ട്രാൻസ്പോർട്ട് ഇൻസ്പെക്ടർമാർ പരിശോധനകൾ നടത്തും.
നിയമ ജോലികൾ സ്വദേശികൾക്ക് മാത്രം
നിയമ മേഖലയിലെ തൊഴിലുകൾ പൂർണമായും സ്വദേശിവത്കരിക്കാനൊരുങ്ങുന്നു. ഈ മേഖലയിലെ തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്തിടെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വിദേശികളുമായി പങ്കാളിത്തത്തിൽ നടത്തുന്ന നിയമ സ്ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ സ്വദേശിവത്കരിക്കണം.
വിദേശികൾ മാത്രം നടത്തുന്ന നിയമ സ്ഥാപനങ്ങൾ, ലീഗൽ കൺസൽട്ടൻസി എന്നിവ ഒരു വർഷത്തിനുള്ളിൽ ഈ നിയമം നടപ്പാക്കണം. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഒരു വർഷം വരെ തുടരാവുന്നതാണ്. ഈ കാലയളവിൽ ഇത്തരം സ്ഥാപനങ്ങളുടെ ഷെയറുകൾ കൈമാറ്റം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
28 മേഖലകളിൽകൂടി വിദേശ നിക്ഷേപം നിരോധിച്ചു
വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ വിപുലപ്പെടുത്തി ഒമാൻ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. 28 മേഖലകൾ ഒമാനി നിക്ഷേപകർക്ക് മാത്രമായി പരിമിതിപ്പെടുത്തി. ഇതോടെ മൊത്തം നിയന്ത്രിത പ്രവർത്തനങ്ങളുടെ എണ്ണം 123 ആയി ഉയർന്നു. ഒമാനി നിക്ഷേപകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള മന്ത്രിതല പ്രമേയം (നമ്പർ 435/2024) മന്ത്രാലയം പുറപ്പെടുവിച്ചു.
കരകൗശല വസ്തുക്കൾ, ചർമ സംരക്ഷണ സേവനങ്ങൾ, ഇവന്റ്, ഫർണിച്ചർ വാടക, പരമ്പരാഗത കരകൗശല വസ്തുക്കളുടെ ഉൽപാദനം, ഉപയോഗിച്ച വാഹനങ്ങളുടെ ചില്ലറ വിൽപന തുടങ്ങിയ സേവനങ്ങൾ പുതുതായി വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
സീറ്റുറക്കാതെ ഒമാൻ ഫുട്ബാൾ കോച്ചുമാർ; ഒടുവിൽ സ്വന്തം ആശാൻ
ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ കോച്ചുമാർക്ക് സ്ഥാനമുറക്കാത്ത ഒരുവർഷം കൂടിയായിരുന്നു 2024. ഈ വർഷത്തിന്റെ തുടക്കത്തിൽ ബ്രാങ്കോ ഇവാൻകോവിച്ചാണ് ഒമാൻ ഫുട്ബാളുമായുള്ള ബന്ധം ആദ്യം അവസാനിപ്പിച്ചത്. നാല് വർഷത്തെ സേവനത്തിന് ശേഷമായിരുന്നു കോച്ചും ഫുട്ബാൾ അസോസിയേഷനും വേർപിരിഞ്ഞത്. ഖത്തറിൽ നടന്ന ഏഷ്യൻ കപ്പിലെ ഒമാന്റെ മോശം പ്രകടനത്തെ തുടർന്നാണ് കോച്ചിന് പുറത്തേക്കുള്ള വഴി തുറന്നത്.
ക്രൊയേഷ്യൻ താരം ബ്രാങ്കോ ഇവാൻകോവിച്ചിനെ പുറത്താക്കിയതിന് പിന്നാലെ പുതിയ പരിശീലകനായി ചെക്ക് റിപ്പബ്ലിക്കിന്റെ കോച്ചായിരുന്ന ജറോസ്ലാവ് സിൽഹവിയെയാണ് നിയമിച്ചത്. പരിശീലന സ്ഥാനം ഏറ്റെടുത്തിട്ട് ഏഴ് മാസം തികയുന്നതിനിടെ ജറോസ്ലാവ് സിൽഹവിയും പുറത്തേക്ക് പോയി. ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായകമായ ആദ്യ രണ്ട് മത്സരങ്ങളിൽ റെഡ്വാരിയേഴ്സ് തോറ്റിരുന്നു. ഇതാണ് കോച്ചിന്റെ പുറത്താക്കലിലേക്ക് നയിച്ചത്.
പുതിയ കോച്ചായി ഒമാന്റെ മുൻ പരിശീലകൻ റഷീദ് ജാബിറിനെയാണ് നിയമിച്ചിട്ടുള്ളത്. ലോകകപ്പ് യോഗ്യത റൗണ്ടിലും അറേബ്യൻ ഗൾഫ് കബ്ബിലുമൊക്കെ റെഡ്വാരിയേഴ്സിന് നിലവിൽ തന്ത്രം മെനയുന്നത് ഇദേഹമാണ്. സുൽത്താനേറ്റിലെ അറിയപ്പെടുന്ന മുഖമാണ് റഷീദ് ജാബിർ.
പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കും
രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ട് അധികൃതർ. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്. 50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലൂടെയാണ് നിരോധിക്കുക.
ഇതിനുശേഷം ഇവ ഉപയോഗിക്കുകയാണെങ്കിൽ പിഴ ചുമത്തും. 50 മുതൽ 1,000 റിയാലിൽ കൂടാത്തതുമായ അഡ്മിനിസ്ട്രേറ്റീവ് പിഴയായിരിക്കും ചുമത്തുക. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിൽ പ്ലാസ്റ്റിക് സഞ്ചികൾക്കുള്ള നിരോധനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രണ്ടാം ഘട്ടം പുതുവർഷ ദിനത്തിൽ നടപ്പിൽവരും. തുണിത്തരങ്ങൾ, ടെക്സ്റൈൽസ് വസ്ത്രങ്ങൾ, ഇവയുടെ മറ്റ് സ്റ്റോറുകൾ, തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ വിൽപന, ഇവയുടെ അറ്റകുറ്റപ്പണിക്കുള്ള സ്റ്റോറുകൾ, വാച്ചുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റോറുകൾ എന്നിവയിലാണ് ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരുന്നത്.
ബഹിരാകാശ മേഖലയിൽ പുതു ചരിത്രം എ.ഐ അധിഷ്ഠിത ഉപഗ്രഹം ‘ഒ.എൽ-1’ വിക്ഷേപിച്ചു
നൂതന റിമോട്ട് സെൻസിങ്ങും എ.ഐ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹം ‘ഒ.എൽ-1’ ഒമാൻ വിക്ഷേപിച്ചു. ‘ഒമാൻ ലെൻസ്’ കമ്പനി അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ ഓർഗനൈസേഷനിൽ (ഐ.ടി.യു) സുൽത്താനേറ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഉപഗ്രഹം ചൈനയിൽനിന്നാണ് വിക്ഷേപിച്ചത്.
പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്സ് മാനേജ്മെന്റ് എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക പങ്ക് വഹിക്കും. എ.ഐ അധിഷ്ഠിത ഡേറ്റാ വിശകലനം നടത്താൻ രൂപകൽപന ചെയ്തിരിക്കുന്ന ഉപഗ്രഹം, ഒമാന്റെ പ്രകൃതിദത്തവും നഗരപരവുമായ പ്രകൃതിദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച ചിത്രങ്ങളും നൽകും. തദ്ദേശീയമായി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിങ്ങിനായുള്ള ആദ്യത്തെ നൂതന ഒപ്റ്റിക്കൽ ഉപഗ്രഹമാണിത്.
ആദ്യ റോക്കറ്റ് ‘ദുകം-1’ w വിജയകരമായി വിക്ഷേപിച്ചു
സുൽത്താനേറ്റിന്റെ ആദ്യത്തെ പരീക്ഷണാത്മക ശാസ്ത്ര ബഹിരാകാശ റോക്കറ്റ് ‘ദുകം-1’ വിജയകരമായി വിക്ഷേപിച്ചു. അൽവുസ്ത ഗവർണറേറ്റിലെ ദുക വിലായത്തിലെ ഇത്ത്ലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്. ഗതാഗത-ആശയ-വിനിയ-വിവരസാങ്കേതിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നാഷനൽ സ്പേസ് സർവിസസ് കമ്പനിയുടെ (നാസ്കോം) അനുബന്ധ സ്ഥാപനമായ ഇത്ത്ലാക്ക് കമ്പനിയാണ് വിക്ഷേപണം നടത്തിയത്. 123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമാണുള്ളത്. സെക്കൻഡിൽ 1,530 മീറ്റർ വേഗത്തിൽ ഉയരും. 2025ൽ മൂന്ന് വിക്ഷേപണങ്ങൾകൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്.
വാദികബീർ വെടിവെപ്പ്; ഇന്ത്യക്കാരനുൾപ്പെടെ ഒമ്പത് മരണം
ജൂലൈ 15ന് മസ്കത്ത് വാദികബീറിലെ അലി ബിന്‍ അബീതാലിബ് മസ്ജിദ് പരിസരത്തുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരനുൾപ്പെടെ ഒമ്പതുപേർ മരിച്ചു. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേറ്റു. ഒരു റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്.
മരിച്ചവരിൽ നാലുപേർ പാകിസ്താനികളാണ്. പരിക്കേറ്റവരിൽ പൊലീസ് ഓഫിസർമാർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ എന്നിവരും ഉൾപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.