ബംഗ്ലാദേശിൽനിന്നൊരു മമ്മൂട്ടി ഫാൻ; അബ്ദുല്ലയുടെ മലയാളം പൊളിയാണ്
text_fieldsമത്ര: ജോലിയുടെ ഭാഗമായും അല്ലാതെയും ലോകഭാഷകള്‍ വഴക്കത്തോടെ കൈകാര്യം ചെയ്യുന്നതില്‍ മലയാളികള്‍ ഏറെ മുന്നിലാണ്. അപ്പോഴും ബംഗാളി ഭാഷ മലയാളികള്‍ക്ക് ബാലികേറാമലയായാണ് അനുഭവപ്പെടാറുള്ളത്. ബംഗാളികള്‍ക്ക് തിരിച്ചും അതെ. മലയാള ഭാഷ പഠിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടെന്നും പഠിക്കാന്‍ പ്രയാസമാണെന്നും പലരും പറയാറുണ്ട്.
എന്നാല്‍, മത്ര സൂഖില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശിയായ അബ്ദുല്ല മലയാളം മണിമണിയായി സംസാരിക്കും. സുഗമമായ വാമൊഴിവഴക്കത്തിലുള്ള അബ്ദുല്ലയുടെ മലയാള സംസാരം കേട്ടാല്‍ ആളൊരു മലയാളിയാണെന്നേ തോന്നൂ. 13 വര്‍ഷമായി ഒമാനിലുള്ള ഇദ്ദേഹം ബംഗ്ലാദേശിലെ നവിപുര്‍ സ്വദേശിയാണ്. മത്രയിലുള്ള റെഡിമെയ്ഡ് മൊത്തവ്യാപാര സ്ഥാപനമായ യൂസുഫ് ഹാഷിം മാജിദ് ട്രേഡിങ്ങിലെ മലയാളി സഹപ്രവര്‍ത്തകരുമായുള്ള സഹവാസം മൂലമാണ് മലയാള ഭാഷ അനായാസം വഴങ്ങിക്കിട്ടിയത്.
നാട്ടില്‍നിന്നും വരുമ്പോള്‍ ബംഗ്ല ഒഴിച്ച് മറ്റൊരു ഭാഷയും വശമില്ലായിരുന്നുവെന്ന് അബ്ദുല്ല പറയുന്നു. മലപ്പുറം ജില്ലക്കാരായ പത്തോളം ആളുകളുടെ കൂടെയാണ് ഇത്രയും കാലമായി ജോലിയും താമസവും ഭക്ഷണവുമൊക്കെ. അതുകൊണ്ട് തന്നെ അബ്ദുല്ലയുടെ വാമൊഴികളില്‍ മലപ്പുറം ടച്ചും ശൈലിയും മുഴച്ചുനില്ക്കുന്നുണ്ട്. ജോലി കഴിഞ്ഞ് റൂമിലെത്തിയാല്‍ എല്ലാവരും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ടി.വിയില്‍ മലയാളം സിനിമ വെക്കും. രാവേറെ ചെല്ലുംവരെ അവര്‍ക്കൊപ്പം ഇരുന്ന് മലയാള സിനിമ കാണലാണ് പ്രധാന വിനോദം. ഭാഷാപഠനം അനായാസമായത് അങ്ങനെയുള്ള സിനിമ കാഴ്ചകള്‍ വഴിയാണ്. കടുത്ത മമ്മൂട്ടി ഫാനാണ്. ദിലീപിനെയും ദുല്‍ഖറിനെയും ഇഷ്ടമാണ്. ആൻഡ്രോയ്ഡ് മൊബൈല്‍ ഫോണും വൈഫൈയും വ്യാപകമായതോടെ ഒന്നിച്ചുള്ള സിനിമ കാണല്‍ ഇപ്പോള്‍ നിലച്ചുവെങ്കിലും ഭാഷാപഠനം അപ്പോഴേക്കും പൂര്‍ത്തിയായിരുന്നു. മലയാള അക്ഷരപഠനം തുടങ്ങിയെങ്കിലും അത് പാതിവഴിയില്‍ മുടങ്ങിപ്പോയ നിരാശയും അദ്ദേഹം പങ്കുവെച്ചു.
കേരളീയ ഭക്ഷണവും കക്ഷിക്ക് വല്യ ഇഷ്ടമാണ്. മലയാളികളുടെ സാമ്പാറും കൂട്ടിയുള്ള ചോറ്, നെയ്ച്ചോറ് എന്നിവ ഏറെ രുചികരമാണ്.
കൂട്ടുകാർക്കൊപ്പം ചേര്‍ന്ന് കേരളീയ വിഭവങ്ങള്‍ തയാറാക്കാനും അബ്ദുല്ല കേമനാണ്. മലയാളികളുമായി ഇടപഴകുമ്പോള്‍ മലയാള ഭാഷയില്‍ മാത്രമേ ആശയ വിനിമയം നടത്താറുള്ളൂ. മലയാളികളോടും മലയാളത്തോടുമുള്ള ഇഷ്ടക്കൂടുതല് കാരണമാണ് മലയാളത്തില്‍ സംവദിക്കാന്‍ താല്പര്യപ്പെടുന്നതെന്ന് അബ്ദുല്ല അഭിമാനത്തോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.