ധ്യാനത്തിന്റെയും അനുഗ്രഹങ്ങളുടേയും ഒരു മാസം
text_fieldsക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന എന്റെ കുട്ടിക്കാലം ബഹ്റൈനിലായിരുന്നു. ഭൂരിഭാഗവും ഇസ്ലാം വിശ്വാസികളുള്ള സ്ഥലത്തായിരുന്നു ഞാൻ താമസിച്ചിരുന്നത്. എന്റെ റമദാൻ അറിവുകൾ അത്യന്തം കൗതുകം നിറഞ്ഞതായിരുന്നു. റമദാൻ മാസത്തിലെ നോമ്പെന്ന ആരാധനയെകുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും എന്നിലുള്ള കുഞ്ഞു മനസ്സ് എന്നും ജിഞ്ജാസ നിറഞ്ഞതായിരുന്നു . എന്തിനാണ് നോമ്പനുഷ്ഠിക്കുന്നതെന്നും എന്താണ് അത്കൊണ്ട് അവർ അർഥമാക്കുന്നതെന്നുമുള്ള ചോദ്യങ്ങൾ മനസ്സിൽ വരുമായിരുന്നു.
റമദാൻ മാസമാകുമ്പോൾ ചുറ്റുപാടുകളിലെ മാറ്റങ്ങൾ എന്റെ ശ്രദ്ധയിൽ പെടുമായിരുന്നു. ടൈം ഷെഡ്യൂളിൽ മാറ്റം വരുത്തിയ സ്കൂളുകൾ, പ്രത്യേക ഡിസ്പ്ലേകളുള്ള കടകൾ, ദിനചര്യകളിൽ വ്യത്യാസം വരുത്തുന്ന നോമ്പുകാരായ അയൽവാസികൾ. അന്നത്തെ എന്റെ റമദാൻ അന്വേഷണങ്ങൾ സുഹൃത്തുക്കളോടും സഹപാഠികളോടുമായിരുന്നു. ആ സംസാരങ്ങളാണ് നോമ്പ്, ഇഫ്താർ തുടങ്ങിയ റമദാൻ അനുഷ്ഠാനങ്ങളെ കുറിച്ചും, വിശ്വാസ പാരമ്പര്യങ്ങളെക്കുറിച്ചുള്ള അറിവ് നേടിത്തന്നത്.
കുടുംബങ്ങളുടെ ഊഷ്മളതയും ആതിഥ്യമര്യാദയും അനുഭവിക്കാൻ കഴിയും വിധമുള്ള ഇഫ്താറുകളിലേക്ക് അന്ന് ക്ഷണിക്കുമായിരുന്നു. അതിൽ പങ്കെടുത്തപ്പോൾ വൈവിധ്യമാർന്ന വിശ്വാസ, സാംസ്കാരിക രീതികളെക്കുറിച്ചുള്ള ധാരണയും ബഹുമാനവും ചിന്തകളും അറിയാനേറെ ഉപകരിക്കുന്നതായിരുന്നു. സുഹൃത്തുക്കളുടെ പ്രാർഥന നിർഭരമായ നോമ്പിനോടുള്ള സമർപ്പണവും അച്ചടക്കവും കാണുമ്പോൾ അവരുടെ മതപരമായ ആചാരങ്ങളോട് ബഹുമാനവും തോന്നിയിരുന്നു. ചൂടുള്ള കാലാവസ്ഥയിൽ ദൈവഹിതം പാലിച്ചു നോമ്പനുഷ്ഠിക്കുന്നവരെ സഹാനുഭൂതിയോടെ മാത്രമേ കാണാൻ കഴിയുകയുള്ളൂ. അത്യുദാരമായ മാനസിക അവസ്ഥ നോമ്പ് പ്രദാനം ചെയ്യുന്നതുകൊണ്ടാവാം അവരുടെ സാമൂഹിക ബോധത്തിലുടനീളം മാനവികതയുടെ ഐക്യവും, കരുതലും അനുഭവിക്കാൻ കഴിഞ്ഞിരുന്നു.
റമദാൻ മാസത്തിലെ നോമ്പ് തുറക്കുന്ന സമയത്ത് കഴിക്കാനായി വിവിധതരം പലഹാരങ്ങളും വിഭവങ്ങളും, വിവിധതരം ജ്യൂസുകളും, പഴങ്ങളും ഒരുക്കുന്ന കാഴ്ച എനിക്കു ഒരു വ്യത്യസ്ത അനുഭവമായിരുന്നു. എണ്ണപ്പത്തിരി, മുട്ടസുർക്ക, ചിക്കൻ ഡോണട്ട് തുടങ്ങിയ മലബാർ വിഭവങ്ങളും, പഴംപൊരി, ഉള്ളിവട, സമൂസ, അവൽ മിൽക്ക് ,ഈന്തപ്പഴം, തണ്ണിമത്തൻ, മുന്തിരി തുടങ്ങിയ പഴങ്ങളും കഴിക്കുന്നത് പതിവാണ്. എന്നും വൈകുന്നേരത്തെ ഒത്തുചേരൽ ഒരു കുടുംബസംഗമം പോലെയായിരുന്നു.
റമദാൻ മാസം ഒരു ആത്മീയ ശുദ്ധീകരണത്തിന്റെ മാസമായിട്ടാണ് എന്റെ കുട്ടിക്കാലം മുതൽ ഞാൻ മനസ്സിലാക്കിയത്. സമാധാനത്തിന്റെയും, ദയയുടെയും മാസമാണ്. ഈ മാസത്തിൽ വിശ്വാസികൾ സ്വയം ആത്മാവിനെ ശുദ്ധീകരിക്കാനും ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ശ്രമിക്കുന്നു.
അതോടൊപ്പം പാവപ്പെട്ടവരെയും ആവശ്യക്കാരേയും ദാനധർമം നൽകി സഹായിക്കുന്നതിന് ഈ മാസം പ്രത്യേക ശ്രദ്ധ നൽകുന്നു. ഈ മാസം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുക വഴി അവർക്കിടയിലെ ഊഷ്മളമായ സ്നേഹം പങ്കുവെക്കുന്നു. മറ്റു മാസങ്ങളേക്കാൾ വിശ്വാസികൾ പരസ്പരവും, ഇതര സഹോദര മത വിശ്വാസികൾ ഒത്തു കൂടുന്നത് വഴി സാമൂഹിക ഐക്യത്തിന് കാരണമാവുന്ന ഒരുമയുടെ പ്രാധാന്യവും റമദാനിൽ കാണാം. ഇതാണ് അക്കാലത്ത് ഒരു ക്രിസ്ത്യൻ കുട്ടിയുടെ മനസ്സിൽ റമദാൻ പകർന്ന് നൽകിയ സ്നേഹവായ്പുള്ള ചിത്രങ്ങൾ. ഒത്തൊരുമയും സ്നേഹവും സമാധാനവും നിറഞ്ഞ സമൂഹ നിർമിതിക്ക് റമദാൻ നോമ്പുകൾ കാരണമാകട്ടെ എന്ന് പ്രാർഥിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.