കോഴിക്കോട് സ്വദേശിയായ കടയുടമ അടിയേറ്റ് മരിച്ച സംഭവം: പ്രതിക്ക് ജീവപര്യന്തം തടവ്
text_fieldsമനാമ: റിഫ ഹാജിയത്തിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന കോഴിക്കോട് സ്വദേശി അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവ്. കക്കോടി ചെറിയ കുളം സ്വദേശി കോയമ്പ്രത്ത് ബഷീറാണ് (58 )കഴിഞ്ഞ ജനുവരിയിൽ മരിച്ചത്. സ്വദേശിയായ 28 കാരൻ കോൾഡ് സ്റ്റോറിൽ നിന്ന് സാധനം വാങ്ങിയ ശേഷം വില നൽകാതെ പോകാൻ ശ്രമിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്.
പണംനൽകാതെ പോയ ഇയാളെ പിന്തുടർന്ന ബഷീറിനെ കടക്ക് വെളിയിൽ വെച്ച് പ്രതി അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ നിലയിലാണ് ബഷീറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. നാല് ദിവസമായി വെന്റിലേറ്ററിലായിരുന്ന ബഷീർ മരിച്ചു. മർദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കവർച്ച, മാരകമായ ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയ ഹൈ ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ നാല് തവണ മോഷണത്തിനും കടയുടമകളെ ആക്രമിച്ചതിനും ഇയാൾ കുറ്റാരോപിതനായിരുന്നു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ സേവനത്തിനിടെ നിരവധി തവണ സൈനിക കോടതിയിൽ വിചാരണയ്‌ക്ക് വിധേയനായിട്ടുണ്ട്. ആക്രമണം സമീപത്തെ വീട്ടിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞിരുന്നു. ഹയറുന്നീസയാണ് ബഷീറിന്റെ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.