ബഹിരാകാശ മേഖലയിൽ പുതുചരിതം
text_fieldsപുതുതലമുറക്ക് ബഹിരാകാശ മേഖലയിൽ പുതിയ ചക്രവാളങ്ങൾ തുറന്നുകൊടുക്കാനും രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യാനും ലക്ഷ്യംവെക്കുന്നതാണ് ഒമാന്റെ ബഹിരാകാശ പദ്ധതി
ബഹിരാകാശ മേഖലയിൽ വിജയക്കൊടി പാറിപ്പിക്കുകയാണ് സുൽത്താനേറ്റ്. ആഗോള നൂതന സാങ്കേതിക രംഗത്തെ വളർച്ചയോടൊപ്പം രാജ്യത്തെ നടത്താനുള്ള ഇവിടത്തെ ഭരണാധികാരികളുടെ ദീർഘ വീക്ഷണങ്ങളാണ് ബഹിരാകാശ മേഖലയിൽ അടുത്തിടെയുണ്ടായ ചടുലമായ മുന്നേറ്റങ്ങൾ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ രണ്ട് ഉപഗ്രഹങ്ങളാണ് ഒമാൻ വിജയകരമായി വിക്ഷേപിച്ചത്. ഈ വർഷം അവസാനത്തോടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനും ഒരുങ്ങുകയാണ്. കാലാവസ്ഥ വ്യതിയാനം, പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങൾ, പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം എന്നിവക്കെല്ലാം സഹായമേകുന്നതാണ് വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും. ബഹിരാകാശ രംഗത്തെ കുതിപ്പ് ലക്ഷ്യമാക്കി വർഷങ്ങൾക്കു മുമ്പുതന്നെ പദ്ധതികളും ഗവഷേണങ്ങളും സുൽത്താനേറ്റ് നടത്തിവന്നിരുന്നു. വിഷൻ 2040ന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. പുതു തലമുറക്ക് ബഹിരാകാശ മേഖലയിൽ പുതിയ ചക്രവാളങ്ങൾ തുറന്നുകൊടുക്കാനും രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യാനും ലക്ഷ്യംവെക്കുന്നതാണ്
ഒമാന്റെ ബഹിരാകാശ പദ്ധതി
ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട് 2018ൽ ഒമാനും ഇന്ത്യയും തമ്മിൽ ധാരണയിലെത്തിയിരുന്നു. പിന്നീട് ഇന്ത്യൻ കാബിനറ്റ് അംഗീകരിച്ചതോടെ, ഐ.എസ്.ആർ.ഒയുടെ സഹായം തേടാനുള്ള വാതിലുകൾ ഒമാന് തുറന്നുകൊടുക്കുകയായിരുന്നു. ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ അധിഷ്ഠിത നാവിഗേഷൻ, ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ പേടകങ്ങളുടെ ഉപയോഗം, ബഹിരാകാശ-ഭൗമ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരിക്കുന്നത്. വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സൗദ് ബിൻ ഹമൂദ് അൽ മവാലി കഴിഞ്ഞ വർഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒ ആസ്ഥാനം സന്ദർശിച്ചിരുന്നു.
ഒന്നാമനായി ‘അമാൻ -ഒന്ന്’
ഒമാന്റെ പ്രഥമ ഉപഗ്രഹം അമാൻ ഒന്ന് 2023 നവംബർ 11നാണ് വിജയകരമായി വിക്ഷേപിക്കുന്നത്. രണ്ടാമത്തെ ശ്രമത്തിലാണ് ഭ്രമണപഥത്തിലെത്തിച്ചത്. 2022ൽ ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. 2023 ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതിക പിഴവ് കാരണം പരാജയപ്പെടുകയായിരുന്നു. ഒമാൻ ബഹിരാകാശ കമ്പനിയായ ഇറ്റ്കോ സ്പെയ്സാണ് ഉപഗ്രഹം വിക്ഷേപിക്കാനുളള ശ്രമങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൻ ഒമ്പത് റോക്കറ്റിൽ ഘടിപ്പിച്ച് കാലിഫോർണിയയിലെ വിക്ഷേപണിയിൽനിന്നാണ് പറന്നുയർന്നത്.
അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു. സുഹാർ തുറമുഖം, സുഹാർ ഫ്രീ സോൺ, ഇബ്രി വിലായത്തിലെ പടിഞ്ഞാറൻ ഹജർ പർവതനിരകളുടെ ചിത്രങ്ങളായിരുന്നു അവ. ഭൂനിരീക്ഷണം, വിദൂര സംവേദനം എന്നിവയിലാണ് അമാൻ-ഒന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒമാൻ സർക്കാറിന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ആദ്യ ഉപഗ്രഹം ഭ്രമണ പഥത്തിലെത്തുന്നത്. ഒമാന്റെ ബഹിരാകാശ പദ്ധതി, മേഖലയിലെ ബഹിരാകാശ പദ്ധതിയിലേക്കുള്ള പ്രവേശന കവാടമായിരിക്കുമെന്ന് നേരത്തെ ഒമാൻ ഗതാഗത വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയം പ്രസ്താവിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനത്തെയും പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങളെയും മറ്റും കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾ പകർത്താൻ പ്രാപ്തമാക്കുന്നതാണ് ‘അമാൻ'. ഇത്തരം ചിത്രങ്ങൾ പിന്നീട് കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിങ്, എ.ഐ സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ വിശകലനം ചെയ്യും.
എ.ഐ സാങ്കേതിക വിദ്യയുമായി ‘ഒ.എൽ-1’
നൂതന റിമോട്ട് സെൻസിങ്ങും എ.ഐ ശേഷിയുമുള്ള തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹമാണ് ഈ നവംബറിൽ വിക്ഷേപിച്ച‘ഒ.എൽ-1. ‘ഒമാൻ ലെൻസ്’ കമ്പനി അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ ഓർഗനൈസേഷനിൽ (ഐ.ടി.യു) സുൽത്താനേറ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഉപഗ്രഹം ചൈനയിൽനിന്നാണ് വിക്ഷേപിച്ചത്.
പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്സ് മാനേജ്മെന്റ് എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക പങ്കുവഹിക്കും. എ.ഐ അധിഷ്ഠിത ഡേറ്റ വിശകലനം നടത്താൻ രൂപകൽപന ചെയ്തിരിക്കുന്ന ഉപഗ്രഹം, ഒമാന്റെ പ്രകൃതിദത്തവും നഗരപരവുമായ പ്രകൃതിദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച ചിത്രങ്ങളും നൽകും.
തദ്ദേശീയമായി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിങ്ങിനായുള്ള ആദ്യത്തെ നൂതന ഒപ്റ്റിക്കൽ ഉപഗ്രഹമാണിത്. സുൽത്താനേറ്റിന് ഭൗമനിരീക്ഷണത്തിനുള്ള വിപുലമായ കഴിവുകൾ നൽകാൻ ലക്ഷ്യമിട്ടുള്ള ഉപഗ്രഹങ്ങളുടെ കൂട്ടത്തിൽ ആദ്യത്തേത് കൂടിയാണിത്. ഈ നേട്ടം ദേശീയ വികസനത്തിനായുള്ള സാങ്കേതിക നവീകരണത്തിനും ഡേറ്റാധിഷ്ഠിത പരിഹാരങ്ങൾക്കുമുള്ള ഒമാന്റെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണ്. ഇത് നിരീക്ഷണ ശേഷി വർധിപ്പിക്കുക മാത്രമല്ല, ബഹിരാകാശത്തു നിന്ന് നേരിട്ട് ദ്രുത വിശകലനങ്ങൾ നൽകുന്നതിന് കൃത്രിമബുദ്ധി ഉപയോഗിക്കുകയും ചെയ്യും.
സ്റ്റാർ വിഷൻ എയ്റോസ്പേസ്, മാർസ് ഡവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് ഉപഗ്രഹ പദ്ധതി യഥാർഥ്യമാക്കിയത്. ഉപഗ്രഹ വിക്ഷേപണത്തോടെ, ഒമാൻ ലെൻസിന് പൊതു-സ്വകാര്യ മേഖലകൾക്ക് ഉയർന്ന വേഗതയിൽ പ്രവർത്തനക്ഷമമായ ഡേറ്റ നൽകാനും സമ്പദ്വ്യവസ്ഥയുടെ മൂല്യം വർധിപ്പിക്കാനും ആഗോള ബഹിരാകാശ മേഖലയുടെ വിപുലമായ സംഭാവനയായി ഒമാനെ ലോക ഭൂപടത്തിൽ അടയാപ്പെടുത്താനും സാധിക്കും.
ആദ്യ റോക്കറ്റ് വിക്ഷേപണം ഡിസംബറിൽ
ആദ്യ റോക്കറ്റ് വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ. തങ്ങളുടെ ആദ്യ റോക്കറ്റ് ഡിസംബറോടെ ദുക്മിലെ ഇത്ലാക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽനിന്ന് വിക്ഷേപിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ (എം.ടി.സി.ഐ.ടി) ഡയറക്ടർ ജനറലും നാഷനൽ സ്പേസ് പ്രോഗ്രാം മേധാവിയുമായ ഡോ. സൗദ് അൽ ഷോയ്ലി അറിയിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായി ഭൂമധ്യരേഖയോട് ചേർന്നുനിൽക്കുന്ന പ്രദേശമാണ് ഒമാൻ. ഇത് കാര്യക്ഷമമായ ഉപഗ്രഹ വിക്ഷേപണത്തിന് ഏറെ അനുകൂലമാണ്. കുറഞ്ഞ ഇന്ധനം മാത്രം ആവശ്യമായി വരുന്നതിനാൽ ആത്യന്തികമായി ചെലവ് കുറയുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം ഒമാനെ ഉപഗ്രഹ പ്രവർത്തനങ്ങൾക്ക് ആകർഷകമാക്കുന്നതാണ്. ആദ്യഘട്ടത്തിൽ ചെറിയ ശബ്ദ റോക്കറ്റുകളായിരിക്കും വിക്ഷേപിക്കുക. ഇത്ലാക്കിന് ബഹിരാകാശ മേഖലയിൽ ശോഭനമായ ഭാവിയാണുള്ളത്. ഒമാനിൽനിന്ന് വിക്ഷേപിക്കുന്നതിന്റെ സാമ്പത്തികനേട്ടങ്ങൾ, കുറഞ്ഞ ചെലവ്, രാഷ്ട്രീയ നിഷ്പക്ഷത എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ കമ്പനികൾ തിരിച്ചറിയുന്നതോടെ ഇത്ത്ലാക് സമ്പൂർണ ബഹിരാകാശ പോർട്ടായി മാറുമെന്നും ഷോയ്ലി പറഞ്ഞു.
ഒമാന്റെ സ്വകാര്യ ബഹിരാകാശ സംരംഭങ്ങൾക്ക് കുതിപ്പേകുന്ന നാഷനൽ എയ്റോസ്പേസ് സർവിസസ് കമ്പനി (നാസ്കോം) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 2023ൽ പ്രഖ്യാപിച്ച ഇത്ലാക് സ്പേസ്പോർട്ട്, ഗവേഷണത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമായി റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മെന മേഖലയിൽ ആദ്യത്തേതാണ്. വിവിധ ഗവേഷണ വികസന കേന്ദ്രങ്ങൾക്കൊപ്പം അത്യാധുനിക റോക്കറ്റ് ടെസ്റ്റിങ് സൗകര്യങ്ങളും ഇതിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.