മുസന്ദം ഗവർണറേറ്റിൽ ഊഷ്മള വരവേൽപ്പ്; ഗവർണറേറ്റുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകും-സുൽത്താൻ
text_fieldsമസ്കത്ത്: വികസന പദ്ധതിയുടെ ഭാഗമായി ഗവർണറേറ്റുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ്. ഗവർണറേറ്റിലെ വികസനപ്രവർത്തനങ്ങൾ നേരിട്ടറിയാനായി മുസന്ദത്തെത്തിയ സുൽത്താൻ ശൈഖുമാർ,വ്യവസായ പ്രമുഖർ, പൗരന്മാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തവേയാണ് ഇക്കാര്യം പറഞ്ഞത്. മുസന്ദം ഗവർണറേറ്റിൽ സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഗവർണറുമായും മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുമായും നല്ലരീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹം ശൈഖുമാരോടും നേതാക്കളോടും അഭ്യർത്ഥിച്ചു.
ഖസബ് വിലായത്തിലെ സൈഹ് അൽ മഹാസിനിലെ റോയൽ ക്യാമ്പിൽ നടന്ന കൂടിക്കാഴ്ച, പൗരന്മാരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും വികസന നിർദ്ദേശങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ഗവർണറേറ്റിന്റെ മൊത്തത്തിലുള്ള വളർച്ചക്കും പുരോഗതിക്കും സംഭാവന ചെയ്യുന്നതിന് നേരിട്ട് ആശയവിനിമയം നടത്താനുള്ള വേദിയായി മാറുകയും ചെയ്തു.
ഗവർണറേറ്റിൽ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കാനും സുൽത്താൻ നിർദ്ദേശിച്ചു. അൽ ജരാദിയ ഏരിയയിൽ വാണിജ്യ-പാർപ്പിട പദ്ധതി സ്ഥാപിക്കൽ, സൈഹ് അൽ വാസത്തിൽ വ്യവസായ മേഖല, മദ്ഹ വിലായത്തിൽ സാമൂഹിക ഭവന നിർമാണം, നിരവധി സമുദ്ര ഗ്രാമങ്ങളുടെ വികസനം, ഖസബ് വിലായത്തിലെ മഹാസ് വ്യവസായ മേഖലയിൽ പ്രീ ഫാബ്രിക്കേറ്റഡ് മോഡൽ ഫാക്ടറികൾ സ്ഥാപിക്കൽ തുടങ്ങി നിരവധി വികസന പദ്ധികൾ ഒരുക്കാനാണ് സുൽത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
അധികാരവികേന്ദ്രീകരണത്തിന്റെ തത്ത്വം നടപ്പിലാക്കിയതിലൂടെ കൈവരിച്ച നല്ല ഫലങ്ങളെ സുൽത്താൻ പ്രശംസിച്ചു. എല്ലാ വിലായത്തുകളിലും നടപ്പാക്കുന്ന വികസന-സേവന പദ്ധതികളെക്കുറിച്ച് ചില മന്ത്രിമാർ സുൽത്താനെ ധരിപ്പിച്ചു. ഒമാൻ കൗൺസിൽ അംഗങ്ങൾ, മുനിസിപ്പൽ അംഗങ്ങൾ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തെ ഗവർണറേറ്റിൽ എത്തിയ സുൽത്താന് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. സുൽത്താനെ വഹിച്ചുള്ള റോയൽ യാച്ച് എത്തിയപ്പോൾ, ഒമാന്‍റെ പതാകയും സുൽത്താന്റെ ചിത്രങ്ങളുമായി കപ്പലുകളുടെയും ബോട്ടുകളുടെയും അകമ്പടിയോടെ ഗവർണറേറ്റിലേ
ക്ക് വരവേറ്റു. ഊഷ്മളമായ സ്വീകരണത്തിന് സുൽത്താൻ നന്ദി പറഞ്ഞു. ഖസബ് തുറമുഖത്തെത്തിയ സുൽത്താൻ ഗവർണറേറ്റിലെ പ്രശസ്തമായ നാടോടി നൃത്തങ്ങളും വീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.