യു.എ.ഇ പ്രസിഡന്‍റിന് ഒമാനിൽ ഹൃദ്യമായ വരവേൽപ്
text_fieldsമസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന് സുൽത്താനേറ്റിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. റോയൽ എയർപോർട്ടിൽ ഇറങ്ങിയ ശൈഖ് മുഹമ്മദിനെ ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അൽ ആലം കൊട്ടാരത്തിൽ ഇരു നേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്ര ബന്ധങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും നേടിയെടുക്കാൻ വിവിധ മേഖലകളിൽ കൈവരിക്കേണ്ട നേട്ടങ്ങളെ കുറിച്ചും ചർച്ച ചെയ്തു. പരസ്പരം താൽപ്പര്യമുള്ള കാര്യങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറിയ നേതാക്കൾ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും മറ്റും ചർച്ച നടത്തുകയും ചെയ്തു.
പ്രസിഡന്‍റായ ശേഷം ശൈഖ് മുഹമ്മദിന്‍റെ ആദ്യ ഒമാൻ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും സഹകരണവും കൂടുതൽ ഊട്ടിയുറപ്പിക്കാൻ സന്ദർശനം വഴിവെക്കും. മന്ത്രിമാരടങ്ങുന്ന ഉന്നതതല സംഘവും ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ അനുഗമിക്കുന്നുണ്ട്. സാമ്പത്തികം, സാംസ്കാരികം, വിനോദ സഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെക്കുക്കുകയും ചെയ്യും.
ഒമാനും യു.എ.ഇയും തമ്മിൽ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ സഹകരണത്തിലൂടെ മികച്ച ബന്ധമാണുള്ളത്. ഒമാൻ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും ഗണ്യമായ ഒരു ഭാഗം യു.എ.ഇ വഴിയാണ് നടത്തുന്നത്.
ആഗേള വ്യാപാരത്തിനുള്ള ഒരു കവാടമെന്ന നിലയിൽ വടക്കൻ അയൽരാജ്യമായ യു.എ.ഇയുമായി സുപ്രധാന ബന്ധമാണ് ഒമാനുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 5.5 ശതകോടി റിയാൽ ആയി വർധിച്ചിട്ടുണ്ട്. ഒമാനി കയറ്റുമതിയിൽ 1.3 ശതകോടി റിയാലും ഇറക്കുമതിയിൽ 4.2 ശതകോടി റിയാലുമായിരുന്നു. കഴിഞ്ഞ വർഷം 1.207 ശതകോടി റിയാലാണ് യു.എ.ഇയിൽനിന്ന് ഒമാനിലേക്കുള്ള നിക്ഷേപം.
നിലവിൽ 3,000ലധികം യു.എ.ഇ കമ്പനികൾ ഒമാനിൽ പ്രവർത്തിക്കുന്നുണ്ട്. അവയിൽ ഭൂരിഭാഗവും വാണിജ്യം, നിർമാണം, വ്യവസായം, റിയൽ എസ്റ്റേറ്റ്, സേവനങ്ങൾ, ഗതാഗതം എന്നീ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.