ഉപേക്ഷിക്കുന്ന വാഹനങ്ങൾ; നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെയുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നടപടി തുടരുന്നു. ബൗഷർ വിലായത്തിലെ വാണിജ്യ, പാർപ്പിട മേഖലകളിലാണ് ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങൾ നീക്കം ചെയ്തത്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അവയുടെ ഉടമകൾക്ക് കൊണ്ടുപോകാൻ നൽകിയ സമയപരിധി കഴിഞ്ഞതിനുശേഷമാണ് നടപടിയെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യ, പാർപ്പിട മേഖലകളിൽ കാറുകൾ ഉപേക്ഷിക്കുന്നത് നിയമ വിരുദ്ധമാണെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മസ്കത്തിന്റെ നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്നതാണ് പൊതുചത്വരങ്ങളിലും തെരുവുകളിലും കാറുകൾ ഉപേക്ഷിക്കുന്നത്. നിരവധി വാഹനങ്ങളാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്. പലതും മാസങ്ങൾ കഴിഞ്ഞവയാണ്.
ഇങ്ങനെ കാറുകൾ ദീർഘകാലത്തേക്ക് ഉപേക്ഷിക്കപ്പെടുമ്പോൾ, മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും അവ പ്രാണികളുടെയും എലികളുടെയും സങ്കേതമായി മാറുകയും ചെയ്യുന്നു. സാമൂഹികവിരുദ്ധരും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. കൂടുതൽ സമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തീപിടിത്തത്തിന് ഇടയാക്കിയേക്കുമെന്നും വാഹനമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. മസ്കത്ത് മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസർമാരുടെ ശ്രദ്ധയിൽപ്പെടുകയോ സ്വദേശികളുടെയും താമസക്കാരുടെയും പരാതിയെ തുടർന്നോ ആണ് വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളിൽ അധികവും നീക്കുന്നത്.
എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കാറുകളും ബസുകളും പിടിച്ചെടുക്കുമ്പോൾ ഉടമകളുടെ പേരിൽ 200 റിയാൽ പിഴയും ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.