വാഹനങ്ങൾ ഉപേക്ഷിക്കൽ; നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: മസ്കത്തിന്റെ നഗരസൗന്ദര്യത്തിന് കോട്ടംതട്ടുന്ന തരത്തിൽ വാഹനങ്ങൾ ഉപേക്ഷിച്ചുപോകുന്നതിനെതിരെ നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. സീബ് വിലായത്തിലെ അൽ ജിഫ്നൈൻ ഏരിയയിൽ ഉപേക്ഷിച്ച വാഹനങ്ങൾ അധികൃതർ നീക്കംചെയ്തു.
വാണിജ്യ, പാർപ്പിട മേഖലകളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ക്രെയിനിന്റെയും മറ്റും സഹായത്തോടെയാണ് കെട്ടിവലിച്ചുകൊണ്ടുപോയത്. ദിവസങ്ങൾക്കുമുമ്പ് ബൗഷർ വിലായത്തിൽനിന്നും ഇത്തരത്തിലുള്ള വാഹനങ്ങൾ നീക്കം ചെയ്തിരുന്നു. വാഹനങ്ങൾ അലക്ഷ്യമായി നീണ്ടകാലം ഉപേക്ഷിച്ചുപോകുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും മുനിസിപ്പൽ ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ എല്ലാവരും തയാറാകണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. മസ്കത്ത് മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസർമാരുടെ ശ്രദ്ധയിൽപെടുകയോ സ്വദേശികളുടെയും താമസക്കാരുടെയും പരാതിയെ തുടർന്നോ ആണ് വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളിൽ അധികവും നീക്കുന്നത്. എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും. ഉപേക്ഷിച്ചുപോകുന്ന വാഹന ഉടമകളിൽനിന്ന് 200 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ നേരത്തേ അറിയിച്ചിരുന്നു. 15 അല്ലെങ്കിൽ അതിൽ താഴെ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന കാറുകൾക്കും ബസുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 200ഉം 15ലധികം യാത്രക്കാർ, ലോക്കോമോട്ടീവുകൾ, ട്രെയിലറുകൾ, ട്രാക്ടറുകൾ, ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകാൻ രൂപകൽപന ചെയ്ത ട്രക്കുകൾക്കും ബസുകൾക്കും 400ഉം റിയാൽ പിഴ ഈടാക്കും. അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനമാണ് ഉപേക്ഷിക്കുന്നതെങ്കിൽ 1000 റിയാൽ പിഴയും ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.