വിടവാങ്ങിയത് സൂറിന്റെ ചിരിക്കുന്ന മലയാളി മുഖം
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം വിടപറഞ്ഞ സൂറിലെ ആദ്യകാല പ്രവാസിയായ പൂമക്കോത്ത് അബ്ദുൽ അസീസ് സൂറിന്റെ ചിരിക്കുന്ന മലയാളി മുഖമായിരുന്നു. 40 വർഷത്തോളം ഒമാനിൽ ഒരൊറ്റ സ്പോൺസറിനു കീഴിൽ പ്രവാസ ജീവിതം നയിച്ച അസീസ് കയെപ്പറ്റി നല്ലതു മാത്രമാണ് പരിചയപ്പെട്ടവർക്കെല്ലാം പറയാനുള്ളത്. തന്നോട് ദേഷ്യം പ്രകടിപ്പിക്കുന്നവരോടുപോലും ചിരിച്ച് ഇടപെടുന്ന അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ഇതു കാരണം സ്വദേശികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. സത്യസന്ധതയും വിശ്വസ്തതയും മുഖ മുദ്രയാക്കിയ അദ്ദേഹത്തെ സ്പോൺസറായിരുന്ന അലി ഹമദ് ഹരീബ് അൽ അറൈമിക്കും ഏറെ ഇഷ്ടവും ബഹുമാനവുമായിരുന്നു. ഈ സ്നേഹവും വിശ്വസ്തതയുമാണ് ഒമാനിൽ നിരവധി ശാഖകളുള്ള ആൽ ഹരീബ് ബിൾഡിങ് മെറ്റീരിയൽസ് ഉയർന്നു വരാൻ കാരണം.
കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം പഠന ശേഷം കുറ്റ്യാടി ഇസ്ലാമിയ കോളജിലും സേവനം അനുഷ്ടിച്ചിരുന്നു. പിന്നീട് ഒമാനിലെത്തിയ അദ്ദേഹം ഇറാൻ ഇൻഷൂറൻസ് കമ്പനിയിലും അൽ ഖൂദിൽ ഹൗസ് ഹോൾഡ് സ്ഥാപനത്തിലും ജോലി ചെയ്തു.
1995 ജൂലൈയിലാണ് അദ്ദേഹവും പരേതനായ എം.എ.കെ ഷാജഹാനും അൽ ഹരീബ് ബിൾഡിങ് മെറ്റീരിയൽസ് ആരംഭിക്കുന്നത്. വളരെവേഗം വളർന്നു പന്തലിച്ച ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ഷാജഹാനോടൊപ്പം കഠിനയത്നം ചെയ്ത വ്യക്തിത്വമായിരുന്നു അബ്ദുൽ അസീസ്. എല്ലാവരോടും അടുത്തിടപഴകുന്ന അദ്ദേഹം ഇതുവരെയും കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു.
അസീസ്ക്കയുമായി ഇടപെട്ട ആർക്കും അദ്ദേഹത്തെ മറക്കാൻ കഴിയില്ലെന്ന് ആദ്യകാല സുഹൃത്തായ ഹിസ്ബുല്ല ഹാജി പറഞ്ഞു. താൻ സൂറിലെത്തി മൂന്നാം ദിവസം തന്നെ അസീസ്ക്കയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചിരുന്നു. അക്കാലത്തു സൂറിൽ മലയാളികൾ പ്രത്യേകിച്ചു മലബാറിൽ നിന്നുള്ളവർ കുറവായിരുന്നു. അന്നു മുതൽ ആരംഭിച്ച സൗഹൃദം അവസാനംവരെയും തുടർന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൂറിലെ സാമുഹിക സാംസ്കാരിക മേഖലകളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അസീസ് കയെന്നു കൂടെ ജോലി ചെയ്യുന്ന എം. പി അഷറഫ് പറഞ്ഞു. അദ്ദേഹത്തിന്റെ സുഹൃദ്വലയത്തിൽ എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു. സംഘടനാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിൽ ഏറെ താൽപര്യം കാണിച്ചിരുന്ന അസീസ് ക നിരവധി കുടുംബങ്ങൾക്കു താങ്ങുംതണലുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.