മൂന്നു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; അബ്ദുൽ മജീദ് നാടണഞ്ഞു
text_fieldsബുറൈമി: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം നൽകിയ നല്ലോർമകളുമായി മലപ്പുറം പൂക്കിപ്പറമ്പ് വാളക്കുളം സ്വദേശി പാറത്തൊടി അബ്ദുൽ മജീദ് നാടണഞ്ഞു. 33 വർഷം ഒമാനിലെ അതിർത്തിപ്രദേശമായ ബുറൈമിൽ സ്വന്തമായി ഗ്രോസറി നടത്തി വരുകയായിരുന്നു.1989ലാണ് ജോലി തേടി ബുറൈമിയിലെത്തിയത്. ജ്യേഷ്ഠൻ അബ്ദുറഹ്മാൻ ഹാജിയാണ് തന്റെ ഷോപ്പിലേക്ക് സഹായത്തിനായി കൊണ്ടുവന്നത്. ഇതിനിടെ ജ്യേഷ്ഠൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി. തുടർന്ന് മജീദ് മാത്രമായിരുന്നു കടയിൽ ജോലി ചെയ്തുവന്നിരുന്നത്. ഇത്രയും കാലം മജീദ് ജോലി ചെയ്തിരുന്നത് ഒരേ സ്പോൺസറുടെ കീഴിലാണ്.
ശാരീരിക അസ്വസ്ഥതകൾ കാരണം സ്ഥാപനം കണ്ണൂർ സ്വദേശികൾക്ക് വിറ്റാണ് മജീദ് നാട്ടിലേക്ക് തിരിച്ചത്. ഭാര്യ തിത്തുവും മക്കളായ ആബിദ, മുർഷിദ, സൽമ എന്നിവരും അടങ്ങുന്നതാണ് കുടുംബം. മക്കളെ നല്ല നിലയിൽ കല്യാണം കഴിച്ചയക്കാൻ സാധിച്ചു എന്നതാണ് പ്രവാസജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്ന് മജീദ് പറഞ്ഞു.ശേഷിക്കുന്ന കാലം കുടുംബത്തോടൊപ്പം കഴിയാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഒമാൻ ഒ.ഐ.സി.സി ബുറൈമി ഏരിയ കമ്മിറ്റി അബ്ദുൽ മജീദിന് അഡ്രസ് ഹോട്ടലിൽ ഹൃദ്യമായ യാത്രയയപ്പും സ്നേഹോപഹാരവും കൈമാറി. സുഹാർ റീജനൽ പ്രസിഡന്റ് റജി മണക്കാട്, ഇസ്മയിൽ, കമാൽ, വിൽസൻ പ്ലാമോട്ടിൽ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം സീബ് ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്ന് ഒമാൻ എയറിന്റെ വിമാനത്തിലാണ് ഇദ്ദേഹം നാട്ടിലേക്കു തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.