44 വർഷത്തെ പ്രവാസം മതിയാക്കി അബ്ദുറഹ്മാനിക്ക മടങ്ങുന്നു
text_fieldsമസ്കത്ത്: 44 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി വടകര തിരുവള്ളൂർ സ്വദേശി വളപ്പിൽ അബ്ദുറഹ്മാൻ നാട്ടിലേക്ക് മടങ്ങുന്നു. 1981ന്റെ അവസാനത്തിൽ ഒമാനിലെത്തിയ അബ്ദുറഹ്മാൻ, റൂവി പൊലീസ് സ്റ്റേഷന് മുമ്പിലുള്ള തോടന്നൂരുകാരനായ പരേതനായ കുഞ്ഞമ്മദ് അടക്കമുള്ളവരുടെ ഉടമസ്ഥതയിലുള്ള അൽ സൂർ കഫ്റ്റീരിയയിലാണ് ജോലിക്കെത്തുന്നത്.
വടകര പഴയ സ്റ്റാൻഡിന് നിന്ന് ബസിൽ മുബൈയിലേക്ക് പുറപ്പെട്ടതും അവിടെ വിസയടിക്കാൻ പത്തു ദിവസം തങ്ങിയ ശേഷം ഒമാനിലേക്ക് വിമാനം കയറിയതും അബ്ദുറഹ്മാനിക്ക ഇപ്പോഴും ഓർക്കുന്നു. അന്ന് ഒമാൻ ഇന്നുകാണുന്ന രീതിയിൽ വളരുകയോ ഇത് പോലെ വലിയ കെട്ടിടങ്ങളോ ഉണ്ടായിരുന്നില്ല.
കെട്ടിടങ്ങളും റോഡ് സൗകര്യങ്ങളും തീരെ കുറവായിരുന്നുവെന്നും അബ്ദുറഹ്മാനിക്ക ഓർക്കുന്നു. ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ പണം നാട്ടിലയച്ചത് ഓർമയുണ്ട്. ആയിരം രൂപക്ക് 37.200 ആയിരുന്നു അന്ന് നിരക്ക്.
റൂവിയിൽ കുഞ്ഞമദാജിയുടെ ഉടമസ്ഥതയിലുള്ള കെ.കെ ഹൗസിലായിരുന്നു അന്ന് താമസം. കെ.കെ ഹൗസ് അന്ന് പ്രധാന കേന്ദ്രമായിരുന്നു. സുന്നത്ത് ജമാഅത്തിന്റെയും മറ്റും നേതാക്കൾ വന്നാൽ പലരും അവിടെയാണ് തങ്ങിയിരുന്നത്. സുന്നി സെന്ററുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാൽ ധാരാളം നേതാക്കളുമായി അടുത്തിടപെടാനും ഭക്ഷണവും മറ്റും കഴിക്കാനും ഭാഗ്യം കിട്ടിയതായി അദ്ദേഹം ഓർക്കുന്നു.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, അബൂബക്കർ ഹസ്റത്ത്, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ് ലിയാർ, ബാപ്പു മുസ് ലിയാർ, ആലുവ മുഹ്യുദ്ദീൻ മുസ് ലിയാർ തുടങ്ങിയ പ്രമുഖർ ഇതിൽ ഉൾപ്പെടും. അക്കലത്ത് റുവിയിലുള്ള സുന്നി സെന്ററിന്റെ കേന്ദ്രമായിരുന്ന കെ.കെ ഹൗസിൽ എപ്പോഴും തിരക്കായിരിക്കുമെന്നും തിരുവള്ളൂർ സ്വദേശികളായ 35ലധികം േപർ എല്ലാ വെള്ളിയാഴ്ചയും അവിടെ ഒത്തു ചേർന്ന് നാട്ടു കാര്യങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലെ വിവിധ സ്ഥലങ്ങളിൽ കഫ്റ്റീരിയയിലും ഹോട്ടലിലുമായി ജോലി നോക്കിയിരുന്നു. റുവി, മത്ര, കോർണീഷ്, അസൈബ, അൽ ഗുബ്റ, റൂശെസൽ, ബു ആലി, റൂവി റെക്സ് റോഡ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. തൊഴിൽ നിയമ ലംഘനത്തിന്റെ പേരിൽ തന്നോടൊപ്പം ജോലി ചെയ്തിരുന്ന ആറു പേരോടൊപ്പം പിടിയിലായതും മൂന്നു ദിവസം റൂമൈസ് ജയിലിൽ കഴിഞ്ഞതുമടക്കമുള്ള നിരവധി ഒാർമകൾ പങ്കുവെക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്തിലെ ആദ്യ പ്രവാസി സംഘടനയായിരുന്ന അൽ സാറുൽ മുസ്ലിമീൻ ജമാഅത്തിന്റെ രൂപവത്കരണത്തിൽ മുഖ്യപങ്കു വഹിച്ചിരുന്നു. സംഘടനയുടെ സെക്രട്ടറിയായും ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നു. ഈ സംഘടനയാണ് പിന്നീട് മസ്കത്ത് സുന്നി സെന്റർ എന്ന പേരിൽ അറിയപ്പെട്ടത്.
സുന്നി സെന്ററിന്റെ പല പദവികളും വഹിച്ചിരുന്നു. സുന്നി സെന്റർ രൂപവത്കരണം മുതൽ ഒന്നര വർഷം മുമ്പ് വരെ വർക്കിങ് കമ്മിറ്റിയംഗമായിരുന്നു. നാട്ടുകാരെ ഒരുമിച്ച് കൂട്ടി മഹല്ലടിസ്ഥാനത്തിൽ സംഘടന രൂപവത്കരിക്കാൻ മുൻകൈയെടുത്തതും അബ്ദുറഹ്മാനിക്കയായിരുന്നു. തിരുവള്ളൂർ, തോടന്നൂർ, കാഞ്ഞിരാട്ട്തറ സംയുക്ത മഹല്ല് കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
പിന്നീട് ഇത് മൂന്നായി വേർപിരിഞ്ഞപ്പോൾ മസ്കത്ത് തിരുവള്ളൂർ മഹല്ല് കമ്മിറ്റിയുടെ ആദ്യ കാല പ്രസിഡന്റും അദ്ദേഹമായിരുന്നു. പിന്നീട് സംഘടനയുടെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഉപദേശ സമിതിയടക്കം എല്ലാ പദവികളും അബ്ദുറഹ്മാനിക്ക അലങ്കരിച്ചിരുന്നു. പ്രവാസ ജീവിതം കൊണ്ട് കാര്യമായി ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വലിയ നേതാക്കളുമായും മറ്റും അടുത്തിടപഴകാൻ കഴിഞ്ഞതടക്കമുള്ള കാര്യങ്ങൾ വലിയ അനുഗ്രഹമായി അബ്ദുറഹ്മാനിക്ക കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.