മത്രയിൽ ബാങ്കുകളില്ലാത്തത് പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും പ്രയാസമാകുന്നു
text_fieldsമത്ര: മത്ര സൂഖില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൂന്നോളം ബാങ്കുകള്‍ തങ്ങളുടെ സേവനങ്ങള്‍ മത്രക്ക് പുറത്തേക്കു മാറ്റി.അതോടെ സൂഖിന്റെ ഹൃദയഭാഗത്തും പരിസരങ്ങളിലും ബാങ്ക് ഇല്ലാത്തത് പ്രദേശ വാസികള്‍ക്കും ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കും പ്രയാസമായിത്തീര്ന്നിരിക്കുകയാണ്.സൂഖില്‍ ബാങ്കുകളും ആവശ്യത്തിനുള്ള എ.ടി.എം, സി.ഡി.എം കൗണ്ടറുകളും ഇല്ലാത്തത് സഞ്ചാരികളെയും കച്ചവടക്കാരെയും ഒരേപോലെ വിഷമത്തിലാക്കുകയാണ്.
സൂഖില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രമുഖ ബാങ്കുകളുടെ ബ്രാഞ്ചുകളൊക്കെ ഒന്നൊന്നായി പ്രവര്‍ത്തന മേഖലകൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതാണ് പ്രയാസങ്ങള്‍ക്ക് കാരണം. മത്ര സൂഖില്തന്നെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒമാന്‍ അറബ് ബാങ്ക്, ഒമാന്‍ ഇന്റര്‍നാഷനല്‍ ബാങ്ക് തുടങ്ങിയവ റുവിയിലേക്കും മസ്കത്ത് ബാങ്ക് ജിബ്രുവിലേക്കും മാറിയതോടെയാണ് ബാങ്കിങ് ആവശ്യങ്ങള്‍ക്കായി ഇടപാടുകാർ പ്രയാസപ്പെടുന്നത്.അത്യാവശ്യമായ ബാങ്കിങ് കാര്യങ്ങൾക്ക് റുവിയിലേക്കും ജിബ്രുവിലേക്കും പോകേണ്ടതായിവരുന്നു.
സൂഖില്‍ നിലവിലുള്ള രണ്ടു എ.ടി.എം കൗണ്ടറുകളില്‍ നീണ്ട ക്യൂവാണ് എപ്പോഴും അനുഭവപ്പെടുന്നത്. തിരക്ക് കാരണം ആവശ്യത്തിനുള്ള കാശ് പിന്‍വലിക്കാനാകാതെ മടങ്ങിപ്പോകുന്നവരും നിരവധിയാണ്. ഇത് സൂഖിലെ കച്ചവടത്തെയും ബാധിക്കുന്നു. അവധിദിനങ്ങളിലും മറ്റും ആളുകൾ കൂടുതലായി എത്തുന്ന നേരങ്ങളില്‍ എ.ടി.എം കാലിയാവുകയും നിശ്ചലമാകുന്നതും പതിവാണ്. ടൂറിസം സീസണാകുന്നതോടെ സഞ്ചാരികള്‍ കൂടുതൽ എത്തിത്തുടങ്ങിയാലും എ.ടി.എമ്മുകളില്‍ തിരക്ക് കൂടും.എ.ടി.എമ്മുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ഒരു പരിധിവരെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സാധിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.