മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ക്ലാസിൽ കയറ്റാത്ത സംഭവം: പത്ത് വിദ്യാർഥികളുടെ ആദ്യപാദ ഫീസ് മലബാർ ഗോൾഡ് കൈമാറി
text_fieldsമസ്കത്ത്: ഫീസ് അടക്കാത്തതിനാൽ ക്ലാസിൽ പോകാൻ കഴിയാതിരുന്ന മസ്കത്ത് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്ക് കൈത്താങ്ങായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. സാമ്പത്തിക പ്രയാസം നേരിടുന്ന കടുംബത്തിലെ പത്ത് വിദ്യാർഥികൾക്കുള്ള ആദ്യപാദത്തിലെ ഫീസ് അടക്കാനുള്ള തുക കൈമാറി.
റൂവിയിലെ മലബാർ ഗോൾഡ് ജ്വല്ലറിയിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ഒമാൻ റീജനല്‍ ഹെഡ് കെ. നജീബ് ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സനാണ് ചെക്ക് കൈമാറിയത്. മലബാർ ഗോൾഡ് ഒമാൻ ബ്രാഞ്ച് ഹെഡ് പി. മുഹ്സിൻ, ഗൾഫ് മാധ്യമം മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ, സാമൂഹിക പ്രവർത്തകൻ സജി ഉതുപ്പാൻ, മലബാർ ഗോൾഡിലെയും ഗൾഫ് മാധ്യമത്തിലെയും മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
മസ്കത്ത് ഇന്ത്യൻ സ്കൂളിലെ പത്ത് വിദ്യാർഥികൾക്കുള്ള ആദ്യപാദ ഫീസ് തുകയുടെ ചെക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാൻ റീജനല്‍ ഹെഡ് കെ. നജീബ് ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സന് കൈമാറുന്നു
പത്ത് വിദ്യാർഥികളുടെ ആദ്യപാദ ഫീസടച്ച് അവരുടെ പഠനത്തിന് ഭംഗം വരാതിരിക്കാനാണ് സ്കോളർഷിപ് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് മലബാർ ഗോൾഡ് ഒമാൻ റീജനല്‍ ഹെഡ് കെ. നജീബ് പറഞ്ഞു. ഫീസ് അടക്കാത്തതിനാൽ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റാത്തതിനെ കുറിച്ച് ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മലബാർ ഗോൾഡ് അധികൃതർ സഹായവുമായെത്തിയത്.
കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (സി.എസ്.ആർ) ഭാഗമായാണ് സഹായം നൽകിയതെന്നും നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കമ്പനി നടത്തുന്നുണ്ടെന്നും ഭാവിയിലും ഗൾഫ് മാധ്യമവുമായി ചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതായിരിക്കുമെന്നും കെ. നജീബ് പറഞ്ഞു. സാമൂഹിക പ്രവർത്തകരും മറ്റും നൽകിയ വിദ്യാർഥികളുടെ പട്ടികയിൽനിന്നും അർഹരായവർക്കാണ് ഫീസ് ആനുകൂല്യം നൽകിയത്.
രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് വിവിധ ക്ലാസുകളിലായി പത്തിലധികം വിദ്യാർഥികളുടെ പഠനമാണ് അവതാളത്തിലായിരുന്നത്. ക്ലാസിൽ കയറ്റാത്തതിനാൽ പല വിദ്യാർഥികളും സ്കൂളിലേക്ക് പോകുന്നതും നിർത്തിയിരുന്നു. ബിസിനസ് തകർന്നതും മറ്റ് സാമ്പത്തിക പ്രതിസന്ധികളുമാണ് ഫീസടക്കാൻ കഴിയാത്തതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. വിദ്യാർഥികളുടെ മാനസിക നിലയെ ബാധിക്കുന്നതാണ് സ്കൂൾ അധികൃതരുടെ നടപടി. ഫീസടച്ച് തീർക്കാൻ കുറച്ചുസമയം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തിൽനിന്ന് മലയാളികളടക്കമുള്ള പ്രവാസികൾ പലരും ഇനിയും മോചിതരായിട്ടില്ല. കുടുംബവുമായി കഴിയുന്നവർ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾ മുണ്ടുമുറുക്കിയാണ് നിറവേറ്റിപ്പോരുന്നത്. അനുദിനം കുതിച്ചുയരുന്ന ചെലവുകൾക്കൊപ്പം ബിസിനസ് മേഖലയിലെ മാന്ദ്യവും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആദ്യപാദ ഫീസടക്കാൻ സഹായിച്ച ഗൾഫ് മാധ്യമത്തോടും മലബാൾ ഗോൾഡിനോടും നന്ദി അറിയിക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.