വ്യാജ ഇ-സ്റ്റോറുകൾക്കായി സി.ആർ ദുരുപയോഗം ചെയ്യൽ: ലൈസൻസുള്ളതും മഅ്റൂഫ് ഒമാൻ പ്ലാറ്റ്ഫോമിൽ പരിശോധിച്ചുറപ്പിച്ചതുമായ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി മാത്രമായി വാങ്ങലുകൾ നടത്തണം
text_fieldsമസ്കത്ത്: വ്യാജ ഇ-കൊമേഴ്സ് സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നതിനായി രജിസ്റ്റർ ചെയ്ത വാണിജ്യ രേഖകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.
ഓൺലൈൻ തട്ടിപ്പ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ വീണ്ടും എത്തിയിരിക്കുന്നത്. സുരക്ഷിതമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ ലൈസൻസുള്ളതും മഅ്റൂഫ് ഒമാൻ പ്ലാറ്റ്ഫോമിൽ പരിശോധിച്ചുറപ്പിച്ചതുമായ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി മാത്രമായി വാങ്ങലുകൾ നടത്തണമെന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
ഓൺലൈൻ സ്റ്റോറുകൾ നൽകുന്ന കോൺടാക്റ്റ് വിശദാംശങ്ങൾ അവരുടെ വാണിജ്യ രജിസ്ട്രേഷനിൽ ലിസ്റ്റുചെയ്തിരിക്കുന്നവയുമായി യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണം. ഓൺലൈൻ വാങ്ങലുകൾ നടത്തുമ്പോൾ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ഇടപാടുകൾ നടത്തുന്നതിനെതിരെയും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഷോപ്പിങ് അനുഭവം നിലനിർത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.
അതേസമയം, ഓൺലൈൻ മേഖലയിലെ തട്ടിപ്പിനെതിരെ ശക്തമായ ബോധവത്കരണമാണ് റോയൽ ഒമാൻ പൊലീസും ബാങ്കിങ് മേഖലയും നടത്തുന്നത്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്നതടക്കമുള്ള തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകിയതോടെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കാൻ തുടങ്ങിയിരുന്നു. ഇത് മനസ്സിലാക്കിയ തട്ടിപ്പ് സംഘം പുത്തൻ അടവുകളാണ് ഇരകളെ വീഴ്ത്താൻ ഉയോഗിക്കുന്നത്.
പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. സുരക്ഷ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടണമെന്നും പറഞ്ഞാണ് നടക്കുന്ന തട്ടിപ്പുകളിലൊന്ന്. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന മറ്റൊരു രീതിക്കെതിരെയും മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് എത്തിയിരുന്നു.
പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ആർ.ഒ.പി അറിയിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും. എന്നിട്ട് സംഘം മുൻപ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും.
പിന്നീട് അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് ഉടൻതന്നെ കൈമാറുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നത്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്.
വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.
വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
മസ്കത്ത്: ഔദ്യോഗിക പ്ലാറ്റ്ഫോമിനോട് സാമ്യം തോന്നുന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ അറബ് പൗരന്മാരെ ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആണ് പിടികൂടിയത്.
വ്യാജമായി നിർമിച്ച വെബ്സൈറ്റിലൂടെ ഇരകളുടെ ബാങ്കിങ് വിവരങ്ങളും മറ്റും ശേഖരിച്ചായിരിന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങനെ ശേഖരിച്ച തുകകൾ എക്സ്ചേഞ്ച് ഓഫിസുകളിലൂടെയും ഡിജിറ്റൽ കറൻസി ട്രേഡിങ് പ്ലാറ്റ്ഫോമുകളിലൂടെയും ആയിരുന്നു കൈമാറിയത്. ഇരുവർക്കുമെതിരെ നിയമ നടപടികൾ പുരോഗമിക്കുകയണെന്ന് ആർ.ഒ.പി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.