മലയാളി ഹാജിമാർക്ക് സ്വീകരണം നൽകി
text_fieldsമസ്കത്ത്: വിശുദ്ധ ഹജ്ജ് കർമം നിർവഹിച്ച് ഒമാനിൽ തിരിച്ചെത്തിയ മലയാളി സംഘത്തിന് മസ്കത്ത് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മസ്കത്ത് സുന്നി സെന്റർ മദ്റസയിൽ നടന്ന സ്വീകരണ പരിപാടി ശൈഖ് അബ്ദുൽ റഹ്മാൻ ഉസ്താദ് ഉദ്ഘാടനം ചെയ്തു.
പരിശുദ്ധ ഹജ്ജ് കർമം പൂർത്തീകരിക്കാൻ സാധിച്ചതിലൂടെ പുതിയ മനുഷ്യനായാണ് എല്ലാവരും വന്നിരിക്കുന്നതെന്നും ഇനിയുള്ള ജീവിതത്തിൽ ഇതിന്റെ നന്മകൾ പിന്തുടരാൻ സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് ഗ്രൂപ്പിനെ നയിക്കാൻ അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമാണെന്നും, അതിന് അവസരം നൽകിയവർക്കും കൂടെയുണ്ടായിരുന്ന ഹാജിമാർക്കും നന്ദി പറയുകയാണെന്നും ഗ്രൂപ്പിനെ നയിച്ച എൻ. മുഹമ്മദലി ഫൈസി പറഞ്ഞു.
അഷ്റഫ് കിണവക്കൽ, ഗഫൂർ ഹാജി, കെ.എൻ.എസ് മൗലവി, താഹ ദാരിമി എന്നിവർ സംസാരിച്ചു. നന്ദിസൂചകമായി സുബൈർ ഹാജിയുടെ മകൾ ഷബ്രീന കാലിഗ്രഫിയിൽ തീർത്ത ചിത്രങ്ങൾ സുന്നി സെന്ററിനും ഹജ്ജ് ഗ്രൂപ് തലവൻ മുഹമ്മദലി ഫൈസിക്കും സമ്മാനിച്ചു. സെക്രട്ടറി ഷാജുദ്ദീൻ ബഷീർ സ്വാഗതവും അബ്ബാസ് ഫൈസി നന്ദിയും പറഞ്ഞു. 2015ലാണ് അവസാനമായി മലയാളി ഹജ്ജ് സംഘം മസ്കത്തിൽനിന്ന് യാത്ര പോയത്. ഒരു പരീക്ഷണം എന്ന നിലക്കാണ് ഈ വർഷം യാത്ര മസ്കത്ത് സുന്നി സെന്റർ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.