സുവർണനേട്ടം സ്വന്തമാക്കി മബേല ഇന്ത്യൻ സ്കൂൾ
text_fieldsമബേല: ഇന്ത്യയുടെ 78ാം സ്വാതന്ത്യ്രദിനം വർണാഭമായ ആഘോഷപരിപാടികളോടെ മബേല ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ചു. ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ് മുഖ്യാതിഥിയായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രണ്ടായിരത്തിലധികം വിദ്യാർഥികൾ അണിനിരന്ന് അവതരിപ്പിച്ച നൃത്ത സംഗീത ചിത്രകലകളുടെ അവതരണം ഇന്റർനാഷനൽ ബുക്ക് ഓഫ് റിക്കോഡിൽ ഇടം നേടുകയും ചെയ്തു. സ്കൂൾ അങ്കണത്തിൽ വിശിഷ്ടവ്യക്തികൾ വൃക്ഷത്തൈ നട്ടുകൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഒമാനിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡിൽ ഇന്ത്യൻ അംബാസിഡർ അമിത് നാരങ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യങ്ങളിലും ഭാഷകളിലും ഉത്സവങ്ങളിലും പ്രതിഫലിക്കുന്ന സാംസ്കാരിക ബഹുസ്വരതയുടെ പ്രാധാന്യവും ഇന്ത്യയുടെ സവിശേഷതയായ നാനാത്വത്തിലെ ഏകത്വത്തെ ഓർമപ്പെടുത്തി ഇന്ത്യയുടെ സ്വാതന്ത്ര്യദിന പ്രമേയമായ 'വികസിത ഭാരതത്തിലൂന്നി രാഷ്ട്രപുരോഗതിയിലും വികസനത്തിലും രാജ്യം എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അംബാസിഡർ വിശദമാക്കി.
വിദ്യാലയത്തിലെ കെ.ജി മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ രണ്ടായിരത്തിലധികം വിദ്യാർഥികൾ അണിനിരന്ന് അവതരിപ്പിച്ച സംഗീതം, നൃത്തം, കല എന്നിവയുടെ സാംസ്കാരിക സമന്വയമാണ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയത്.
ജമ്മുകാശ്മീരിന്റെ സ്വന്തം കലാരൂപമായ റഊഫ് മുതൽ കേരളത്തിലെ മോഹിനിയാട്ടം വരെയുള്ള പതിനഞ്ചോളം വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. കൂടാതെ അവയുടെ ഗാനങ്ങളും വിദ്യാർത്ഥികൾ തത്സമയം ആലപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ നിർണായക പങ്കുവഹിച്ച പതിനഞ്ചോളം ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങളുടെ പ്രദർശനവും നടന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കാനും കൂടെ നിന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പരിശീലിപ്പിച്ച അധ്യാപകർ എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ ദിവ്യ നാരംഗ്, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ജയപാൽ ദെന്തെ, ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം.
ബോർഡ് വൈസ് ചെയർമാനും, മബേല സ്കൂൾ ഡയറക്ടർ ഇൻ ചാർജുമായ സയ്യിദ് സൽമാൻ, മബേല സ്കൂൾ ഡയറക്ടർ ഇൻ ചാർജ് കൃഷ്ണേന്ദു, സീനിയർ പ്രിൻസിപ്പൽ ആൻഡ് എജുക്കേഷൻ അഡ്വൈസർ വിനോഭ എം.പി, മബേല സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീം ഹുസൈൻ, സ്കൂൾ മാനേജ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.