ലൈസൻസില്ലാത്ത ഹോട്ടലുകൾക്കെതിരെ നടപടി
text_fieldsമസ്കത്ത്: ഹോട്ടലുകൾ ടൂറിസം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹോട്ടലുകളും ഗെസ്റ്റ് ഹൗസുകളും ഹോം സ്റ്റേകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ടൂറിസം സീസണായതോടെ നിരവധി സ്ഥാപനങ്ങൾ വിനോദ സഞ്ചാരികൾക്കായി സൗകര്യമൊരുക്കുന്നുണ്ട്. എന്നാൽ, ലൈസൻസില്ലാതെ ഇത്തരം സൗകര്യങ്ങളൊരുക്കി ടൂറിസ്റ്റുകളെ സ്വീകരിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് ലൈസൻസ് സംവിധാനം ഏർപ്പെടുത്തിയത്.
ഖരീഫ് സീസൺ ആരംഭിച്ചതോടെ ഒമാനിലെ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ വിവിധ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഭക്ഷണശാലകളിൽ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ദോഫാർ മുനിസിപ്പാലിറ്റി മൊബൈൽ ഫുഡ് ലബോറട്ടറി സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷണ-പാനീയ സാമ്പിളുകൾ ഓൺ-സൈറ്റിൽ വാഹനത്തിൽ എത്തിച്ചേർന്ന് വേഗത്തിൽ പരിശോധിക്കുന്നതിനാണ് മൊബൈൽ ഫുഡ് ലബോറട്ടറി ഉപയോഗിക്കുക. അതിവേഗം പരിശോധനാ ഫലങ്ങൾ ലഭിക്കുന്നുവെന്നതാണ് ലബോറട്ടറിയുടെ പ്രധാന നേട്ടം. സുരക്ഷാ മാനദണ്ഡങ്ങളിൽനിന്ന് എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ രാജ്യത്തെ നിയമമനുസരിച്ച് നടപടി നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.