ദുകം തുറമുഖ വികസനത്തിൽ നിക്ഷേപമിറക്കാൻ അദാനി ഗ്രൂപ്പും
text_fieldsമസ്കത്ത്: ഒമാനിലെ വികസനത്തിലേക്ക് കുതിക്കുന്ന ദുകം തുറമുഖത്തിൽ ഇന്ത്യൻ കമ്പനിയായ അദാനി നിക്ഷേപമിറക്കുന്നത് സംബന്ധമായ ചർച്ചകൾ പുരോഗമിക്കുന്നതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധമായി ഇരു കമ്പനികളും ധാരണപത്രം ഒപ്പുവെക്കുമ്പോൾ മാത്രമാണ് നിക്ഷേപ പദ്ധതി ഉറപ്പാവുക. മസ്കത്തിൽ നടന്ന ഇൻവെസ്റ്റ് ഇൻ ഒമാൻ പദ്ധതിയിൽ ഇരു കമ്പനികളുടെയും പ്രതിനിധികൾ തമ്മിൽ ക്രിയാത്മകമായ ചർച്ചകൾ നടത്തിയിരുന്നു.
ചർച്ചയുടെ അടിസ്ഥാനത്തിൽ ഒമാൻ പ്രതിനിധികൾ അദാനിയുടെ ഇന്ത്യയിലെ പ്രധാന ഓഫിസും അദാനി പ്രതിനിധികൾ ദുകം തുറമുഖവും സന്ദർശിച്ചിരുന്നു. അദാനി ഗ്രൂപ്പ് ദുകം തുറമുഖത്ത് നിക്ഷേപമിറക്കുമെന്നാണ് ശുഭാപ്തി വിശ്വാസമെന്ന് സ്പെഷൽ ഇക്കണോമിക് സോൺ ആൻഡ് ഫ്രീ സോൺ പൊതു അതോറിറ്റി ഉപദേഷ്ടാവ് സാലിഹ് അൽ ഹസനി പ്രതികരിച്ചു.
പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തുറമുഖ വികസനത്തിന്റെ ഭാഗമായ ചർച്ചകൾ നടത്താൻ ഇരു വിഭാഗങ്ങളും പരസ്പരം സന്ദർശനങ്ങൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഒമാന്റെ വികസനങ്ങളിൽ മറ്റുള്ളവരെ ആകർഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഒമാനുള്ളത്. അദാനിയുമായുള്ള ഇടപാടുകൾ തുറന്നു തന്നെ ഇരിക്കുകയാണ്. ഒമാൻ വാതിലുകൾ ആർക്കും അടക്കില്ല. വിവിധ രാജ്യങ്ങളിൽനിന്ന് വികസനത്തിനായി വരുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം എടുത്തുപറയേണ്ടതാണെന്നും ഇന്ത്യ ഒമാന്റെ ശക്തമായ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ ഒമാന് ഇപ്പോഴും താൽപര്യമുണ്ടെന്നും വിഷയത്തിൽ അദാനി അധികൃതർ തീരുമാനമെടുക്കുമെന്നും പരസ്പരം കൈകോർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.