‘ആടു ജീവിതം’ അഭിനയജീവിതത്തിലെ വഴിത്തിരിവ്, ഇനി വില്ലനാവാനില്ല -ഡോ. ത്വാലിബ് അൽ ബലൂഷി
text_fieldsമസ്കത്ത്: ‘ആടു ജീവിതം’ അഭിനയജീവിതത്തിലെ വഴിത്തിരിവാകുമെന്ന് ചിത്രത്തിൽ നജീബിന്റെ അർബാബായി അഭിനയിച്ച ഒമാനി കലാകാരൻ ഡോ. ത്വാലിബ് അൽ ബലൂഷി. ഇതോടെ അഭിനയത്തിൽ അന്താരാഷ്ട്ര രംഗത്തേക്ക് കാലെടുത്ത് വെക്കുകയാണ്. ഒമാനി അഭിനേതാവെന്ന നിലയിൽ എന്റെ രാജ്യത്തിന്റെ കൂടി നേട്ടമായാണ് ഞാൻ കാണുന്നതെന്ന് ‘ഗൾഫ് മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അഭിനയജീവിതം ആരംഭിച്ചത് മുതൽ സ്ക്രീനുകളിൽ വില്ലനായയി പ്രത്യക്ഷപ്പെട്ട തനിക്ക് ഇനി വില്ലനായി അഭിനയിക്കാൻ താൽപര്യമില്ല. 1974 മുതൽ മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാളത്തിൽ എത്തുകയാണെങ്കിൽ കുടുംബകഥകളിലെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താൽപര്യം. വില്ലൻ കഥാപാത്രങ്ങളെ അവതിരിപ്പിക്കൽ അത്ര എളുപ്പമല്ല. ധാരാളം ഊർജം അതിന് വേണം. എനിക്ക് 64 വയസ്സായി.
ഇനിയും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയും. മലയാളികളായ നിരവധി പേർ തന്നെ സമീപിക്കുന്നുണ്ട്. നല്ല സിനിമ സംരംഭങ്ങളെ സ്വാഗതം ചെയ്യുകയാണ്.
ആദ്യ ഷോ കൊച്ചിയിൽ കാണും
ബിഗ് സ്ക്രീനിൽ അഭിനയിക്കുകയെന്നത് കഴിഞ്ഞ 40 വർഷമായി കൊണ്ടുനടക്കുന്ന സ്വപ്നമാണ്. എന്റെ ജീവിതാഭിലാഷം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ. ഇതിലേക്ക് എന്നെ എത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു. ഈ സിനിമയിലെത്തിക്കാൻ നിരവധി പേർ സഹായിച്ചിട്ടുണ്ട്. ലോക സിനിമ എനിക്ക് പരിചയപ്പെടുത്തി തന്നത് ആടു ജീവിതമാണ്. സംവിധായകന്റെ മിടുക്കും കരുതലും ഏറെ അനുഭവിച്ചിരുന്നു. സ്വന്തം അഭിനയം വലിയ സ്ക്രീനിൽ കാണാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ ആദ്യഷോക്കായി കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത് കഴിഞ്ഞു. കൊച്ചിയിൽ മറ്റ് നടന്മാർക്കും ക്രൂവിനുമൊപ്പം സിനിമ ആദ്യ പ്രദർശനത്തിൽ തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമക്കായി മലയാളികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നറിയാം. അന്താരാഷ്ട്ര തലത്തിൽ അടക്കം നിരവധി അംഗീകാരങ്ങൾ ലഭിക്കാൻ പോവുന്ന സിനിമയിൽ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സംഗീതപ്രതിഭയായ എ.ആർ. റഹ്മാൻ, ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി തുടങ്ങിയ ലോകപ്രശസ്തരായ കലാകാരന്മാരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ബ്ലസി സംവിധായകൻ എന്ന നിലക്കല്ല, നല്ല സുഹൃത്തായാണ് സിനിമയിൽ തന്നോടൊപ്പം പ്രവർത്തിച്ചത്. സിനിമയിൽ നജീബായി വേഷമിടുന്ന പ്രൃഥ്വിരാജുമായി സിനിമക്കപ്പുറം അടുത്ത ബന്ധമാണ് പുലർത്തുന്നത്.
മോഹൻലാലിനെയും മമ്മൂട്ടിയെയും ഇഷ്ടം
ആടു ജീവിതത്തിൽ അഭിനയിക്കുന്നതിന് ഭാഷ പ്രശ്നമായിരുന്നില്ല. ബ്ലസി അടക്കമുള്ളവർ ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. സിനിമയിൽ പ്രൃഥ്വിരാജ് മലയാളത്തിലും ഞാൻ അറബിയിലുമാണ് സംസാരിക്കുന്നത്. എവിടെ എങ്ങനെ അഭിനയിക്കണമെന്ന് എനിക്ക് നല്ല ബോധമുണ്ടായിരുന്നു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സിനിമകൾ വലിയ വ്യവസായമാണ്. അവക്ക് പിന്തുണയുമായി പ്രേക്ഷകലക്ഷങ്ങളുമുണ്ട്. എന്നാൽ, ഒമാനിൽ വലിയ സിനിമകൾക്ക് നിരവധി പരിമിതികളുണ്ട്. ടെലിവിഷൻ സീരിയലുകളും ഷോർട്ട് ഫിലിമുകളുമാണ് ഒമാനിൽ ഇപ്പോഴുമുള്ളത്. എങ്കിലും ഒമാന്റെ പരിധികളിൽനിന്ന് കൊണ്ട് സിനിമകൾ ചെയ്യുന്നുണ്ട്.
കേരളത്തിൽ എത്തിയപ്പോൾ സിനിമയിലല്ലാത്ത യഥാർഥ നജീബിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ മകൻ ഒമാനിലുണ്ടെന്ന് അറിഞ്ഞു. നജീബിന്റെ മകനെയും ഉടൻ കാണും. മലയാള സിനിമയെയും അഭിനേതാക്കളെയും ഏറെ സ്നേഹിക്കുന്നു. മോഹൻലാലിനെയും മമ്മുട്ടിയെയും ഇഷ്ടപ്പെടുന്നു. ഒമാൻ ഫിലിം ഫെസ്റ്റിവലിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയുമൊക്കെ പങ്കെടുപ്പിക്കുമെന്നും ത്വാലിബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.