സാഹസികരെ മാടിവിളിച്ച് മുസന്ദം സിപ് ലൈൻ
text_fieldsമസ്കത്ത്: രാജ്യത്തെ സാഹസിക ടൂറിസം രംഗത്ത് ഉണർവ് നൽകുന്ന മുസന്ദം ഗവർണറേറ്റിലെ സിപ് ലൈൻ പദ്ധതി ഈ വർഷം അവസാനം പ്രവർത്തനം തുടങ്ങുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്‌മെന്‍റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ജബൽ ഫിറ്റിൽനിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്‍റെയും മനോഹര ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന തരത്തിൽ 1800 മീറ്റർ നീളത്തിലാണ് സിപ്ലൈൻ. ഇതിന്‍റെ ലാൻഡിങ് പോയന്‍റ് അത്താന ഖസബ് ഹോട്ടലുമായാണ് ബന്ധിപ്പിച്ചത്. ഇവിടെ സന്ദർശക കേന്ദ്രവും ഒരുക്കും. വിവിധ വിനോദ, സാഹസിക പരിപാടികളും ആലോചനയിലുണ്ട്.
പ്രകൃതി അനുഗ്രഹിച്ച് നൽകിയ ഘടകങ്ങളും മുസന്ദം ഗവർണറേറ്റിന് മാത്രമുള്ള സാംസ്കാരിക സമൃദ്ധിയും ഭാവിയിൽ മേഖലയിലെ വികസനത്തിന് കുതിപ്പ് നൽകും. സിപ്‌ലൈൻ സൈറ്റിലേക്കുള്ള റോഡും മറ്റ് നിർമാണങ്ങളും 65 ശതമാനമായെന്നും ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് അസി. ഡയറക്ടർ നോഫൽ ബിൻ മുഹമ്മദ് അൽ കംസാരി പറഞ്ഞു. ഗവർണറേറ്റിൽ മറ്റു വിനോദസഞ്ചാര പരിപാടികൾ ഒരുക്കുന്നതിന്‍റെ ഭാഗമായി, മിനി ടൂറിസ്റ്റ് മരുപ്പച്ചകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി വികസിപ്പിക്കുന്നതിന് മദ്ഹ വിലായത്തിലെ നിരവധി സ്ഥലം പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു.
ടൂറിസം വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിവിധ കമ്പനികളുടെ മാനേജർമാരുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചു. അടുത്ത ടൂറിസ്റ്റ് സീസണിൽ പ്രമോഷനൽ കാമ്പയിനുകൾക്ക് തയാറാകാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവർണറേറ്റിൽ ഹോട്ടലുകൾ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി മന്ത്രാലയം കരാറുകളിൽ ഒപ്പുവെച്ചു. ബുഖ വിലായത്തിൽ -രണ്ട്, മദ്ഹയിൽ -ഒന്ന് എന്നിങ്ങനെ ഹോട്ടലുകൾ സ്ഥാപിക്കാനാണ് കരാർ. വരും വർഷങ്ങളിൽ ഗവർണറേറ്റിൽ വലിയ നിക്ഷേപങ്ങൾക്ക് സാക്ഷ്യംവഹിക്കുമെന്ന് ഖസബിലെ വാലി ഡോ. സഈദ് ബിൻ ഹുമൈദ് അൽ ഹർത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.