അഫ്ഗാനിസ്താൻ എ-ഒമാൻ ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsപ്രഥമ ഗൾഫ് ടി 20 ടൂർണമെന്റിൽ കിരീടം നേടിയ ഒമാൻ (ഫയൽ)
മസ്കത്ത്: ഒക്ടോബർ 30ന് നേപ്പാളിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് യോഗ്യതമത്സരങ്ങൾക്ക് മുന്നോടിയായി ഒമാൻ-അഫ്ഗാനിസ്താൻ എ ടീമുമായി (അഫ്ഗാൻ അബ്ദല്യാൻ) മാറ്റുരക്കും. വ്യാഴാഴ്ച മുതൽ 23 വരെ അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരം.
രണ്ടു 50 ഓവർ മത്സരങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് അഫ്ഗാനിസ്താന്റെ ഒമാൻ ടൂറിൽ ഉൾപ്പെടുന്നത്. ക്രിക്കറ്റ് ലോകത്ത് അഫ്ഗാനിസ്താൻ ഉയർന്നുവരുന്ന ടീമാണ്. ദേശീയ ടീമിൽ കളിച്ചിട്ടുള്ള പലരും ഒമാനിൽ പര്യടനത്തിലെത്തുന്ന സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരം ടീമുമായി ഏറ്റുമുട്ടുന്നത് ഒമാന് മികച്ച പരിശീലനമായിരിക്കുമെന്ന് ഒമാൻ ക്രിക്കറ്റ് ചെയർമാൻ പങ്കജ് ഖിംജി പറഞ്ഞു. അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് ആദ്യമായാണ് ടീമിനെ ഒമാനിലേക്ക് അയക്കുന്നത്. അവരുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ ഈ സന്ദർശനം സഹായിക്കുമെന്നും ഖിംജി കൂട്ടിച്ചേർത്തു. നിരവധി മുൻനിര ആഭ്യന്തര താരങ്ങൾ ഉൾപ്പെടുന്ന അഫ്ഗാൻ അബ്ദല്യാൻ ടീമിന് അവസരങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് (എ.സി.ബി) ചെയർമാൻ മിർവായിസ് അഷ്റഫ് പ്രസ്താവനയിൽ പറഞ്ഞു.
കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അത് പരമാവധി പ്രയോജനപ്പെടുത്താനുമുള്ള മികച്ച അവസരമാണ് ഒമാൻ പരമ്പര. ഒമാൻ ശക്തമായ ടീമാണ്. ആവേശകരമായ ഒരു പരമ്പരക്ക് സാക്ഷ്യംവഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് യോഗ്യതമത്സരങ്ങൾക്കു മുന്നോടിയായുള്ള ഈ മത്സരം മികച്ച മുന്നൊരുക്കമായിരിക്കുമെന്ന് ഒമാൻ ഹെഡ് കോച്ച് ദുലീപ് മെൻഡിസ് പറഞ്ഞു.
പരിക്കിൽനിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തുന്ന സീഷാൻ മഖ്സൂദ് ഒമാൻ ടീമിനെ നയിക്കും. ഖത്തറിൽ അടുത്തിടെ നടന്ന പ്രഥമ ഗൾഫ് ടി20 ടൂർണമെന്റിൽ ഒമാൻ കിരീടം നേടിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തോടെയാണ് ആതിഥേയർ പരമ്പരക്കിറങ്ങുന്നത്. ഒക്ടോബർ 12, 15 തീയതികളിൽ നടക്കുന്ന ഏകദിന മത്സരങ്ങൾക്കുള്ള ടീമിനെ കോച്ച് മെൻഡിസ് പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഒമാൻ ടീം: സീഷാൻ മഖ്സൂദ്, അഖിബ് ഇല്യാസ്, അയാൻ ഖാൻ, കശ്യപ് പ്രജാപതി, ഷോയിബ് ഖാൻ, മുഹമ്മദ് നദീം, ഖാലിദ് കെയിൽ, പൃഥ്വി മച്ചി, ജയ് ഒഡെദ്ര, കലീമുല്ല, പ്രതീക് അത്വാലെ, ബിലാൽ ഖാൻ, ഹേമാൽ ടൻഡൽ, സമയ് ശ്രീവാസ്തവ്, സന്ദീപ് ഗൗഡ്. ഹെഡ് കോച്ച്: ദുലീപ് മെൻഡിസ്, അസിസ്റ്റന്റ് കോച്ച്: എവർട്ട് ലോബ്ഷർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.