ട്രക്കിലൂടെ ഉലകം ചുറ്റൽ; 24 രാജ്യങ്ങള്‍ പിന്നിട്ട് ഫ്രഞ്ച് ദമ്പതികൾ ഒമാനിൽ
text_fieldsമത്ര: ട്രക്കില്‍ ലോകസഞ്ചാരത്തിനിറങ്ങിയ ഫ്രഞ്ച് ദമ്പതികളുടെ ഉലകംചുറ്റല്‍ നാലാം വര്‍ഷവും കടന്ന് പ്രയാണം തുടരുന്നു. 2019 ഡിസംബറില്‍ ആരംഭിച്ച യാത്ര ഇതിനകം 24 രാജ്യങ്ങള്‍ പിന്നിട്ടു. സൗദി, ഖത്തര്‍, ബഹ്റൈന്‍ യാത്രക്ക് ശേഷമാണ് ഒമാനിലെത്തിയത്.ഒമാനിലെ വിവിധ ഭാഗങ്ങൾ സന്ദര്‍ശനം പൂര്‍ത്തിയാക്കി ആഫ്രിക്കയിലേക്കാണ് അടുത്ത യാത്ര. യാത്രയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനും ഉറങ്ങുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും വേണ്ടുന്ന സൗകര്യങ്ങളൊക്കെ ട്രക്കില്‍ ഒരുക്കിയാണ് സഞ്ചാരം. സോളാർ പാനല്‍ സ്ഥാപിച്ചാണ് ഊര്‍ജ ആവശ്യങ്ങള്‍ നിർവഹിക്കുന്നത്.സ്വന്തം രാജ്യമായ ഫ്രാന്‍സില്‍നിന്നാണ് യാത്ര തുടങ്ങിയത്. ഇറ്റലി, സ്ലോവാക്യ, സ്പെയിൻ, അല്‍ബേനിയ, ബള്‍ഗേറിയ, ജോർജിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കടന്ന് മൊറോക്കോയില്‍ എത്തി. കോവിഡ് കാലത്ത് മൊറോക്കയിലായിരുന്നു.
സന്ദർശിക്കുന്ന രാജ്യങ്ങളില്‍ രണ്ട്, രണ്ടര, മൂന്ന് മാസങ്ങള്‍ ചെലവിടും. മാസം ആയിരം യൂറോയാണ് യാത്രാ ഇനത്തില്‍ ഏകദേശം ചെലവ് വരുന്നതെന്ന് ഫ്രാങ്ക് പറഞ്ഞു. അതില്‍ വിസ ചാർജ്, വാഹനത്തിന് വേണ്ടുന്ന ഇന്ധനം, അറ്റകുറ്റപ്പണികള്‍ എല്ലാം പെടും. തുര്‍ക്കിയയും ഇറാനുമാണ് മനസ്സ് കീഴടക്കിയ രണ്ട് രാജ്യങ്ങൾ. അവരുടെ സ്വീകരണവും ഏറെ ആകര്‍ഷിച്ചു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങൾ വളരെ സഹായമനസ്കരും സ്നേഹസമ്പന്നരുമായി അനുഭവപ്പെട്ടതായി ദമ്പതികൾ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. 100 രാജ്യങ്ങളിലൂടെ കടന്നുപോയി സന്ദര്‍ശനം സെഞ്ച്വറി പൂര്‍ത്തിയാക്കാനാണ് പദ്ധതി. അത് ലക്ഷ്യം കാണുന്നതുവരെ യാത്ര തുടരും. ഫ്രാന്‍സിലെ പ്രമുഖ നഗരമായ ടുലോസാണ് ജന്മനാട്.
അവിടെയുള്ള വീടൊക്കെ വിറ്റാണ് യാത്രക്കിറങ്ങിയത്. ഇപ്പോള്‍ വര്‍ഷങ്ങളായി സര്‍വ സൗകര്യങ്ങളുമുള്ള ഈ ട്രക്കാണ് ഞങ്ങളുടെ ഭവനമെന്നാണ് ഫ്രാങ്ക്, മുര്ലിയ ദമ്പതികള്‍ പറയുന്നത്. ഫ്രാങ്ക് ബാര്‍ മാനേജറായും മുര്ലിയ അക്കൗണ്ടന്റുമായി ജോലിയില്‍ തുടരവേ അതൊക്കെ ഉപേക്ഷിച്ചാണ് രാജ്യങ്ങൾ കറങ്ങിക്കാണാനായി ഇറങ്ങിത്തിരിച്ചത്.വിവിധ രാജ്യങ്ങളിലെ സംസ്കാരവും ജനങ്ങളെയും പഠിച്ചും മനസ്സിലാക്കിയുമുള്ള യാത്ര മനസ്സിന് അനിർവചനീയമായ ആനന്ദമാണ് പകരുന്നതെന്ന് ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.