ഇന്ത്യൻ സ്കൂൾ മസ്കത്തിലും ഉച്ചകഴിഞ്ഞുള്ള ക്ലാസിന് തുടക്കം
text_fieldsഒന്ന്, രണ്ട് ക്ലാസിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിലും ഉച്ചകഴിഞ്ഞുള്ള ക്ലാസിന് (ആഫ്റ്റർ നൂൺ ഷിഫ്റ്റ്) തുടക്കമായി. ദർസൈത്തിലെ പ്രധാന കാമ്പസിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഉച്ചതിരിഞ്ഞുള്ള ഷിഫ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രഭാത ഷിഫ്റ്റിൽ ഒഴിവുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിനും പഠനാന്തരീക്ഷം വർധിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഉച്ച കഴിഞ്ഞുള്ള ക്ലാസ് 1.30 മുതൽ വൈകീട്ട് 5.45 വരെയായിരിക്കും. ഉച്ചകഴിഞ്ഞുള്ള ഒന്ന്, രണ്ട് ക്ലാസിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഇന്ത്യൻ സ്കൂൾ ബോർഡിന്റെ പ്രവേശന പോർട്ടലായ https://indianschoolsoman.com വഴി രജിസ്റ്റർ ചെയ്ത് സ്കൂൾ ഓഫിസിൽ അപേക്ഷ സമർപ്പിക്കാം. അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് രക്ഷിതാക്കൾക്ക് ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ അഡ്മിഷൻ സെല്ലുമായി ഇ-മെയിൽ (admissions@ismoman.com) വഴി ബന്ധപ്പെടാം. നിലവിലെ വിദ്യാര്‍ഥികളില്‍ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിലേക്ക് മാറാന്‍ അഗ്രഹിക്കുന്നവരില്നിന്നും അഭിപ്രായങ്ങള്‍ തേടി മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ നേരത്തെ തന്നെ രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകുന്നതാണ് ആഫ്റ്റര്‍നൂണ്‍ ഷിഫ്റ്റ്. നേരത്തെ ദാർസൈത്ത് ഇന്ത്യൻ സ്കൂളിലും ഉച്ചക്കുശേഷമുള്ള ക്ലാസ് ഷിഫ്റ്റ് സംവിധാനം ആരംഭിച്ചിരുന്നു. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലാണ് ഇവിടെ ഷിഫ്റ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 50ഓളം കുട്ടികള്‍ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്. രാവിലത്തെ ഷിഫ്റ്റിലുണ്ടായിരുന്ന ചില കുട്ടികൾ ഉച്ചക്കുശേഷമുള്ള ക്ലാസുകളിലലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ഉച്ചക്ക് 1.15ന് ആരംഭിക്കുന്ന ക്ലാസ് വൈകീട്ട് 5.30നാണ് അവസാനിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഇന്ത്യൻ സ്കൂൾ ബോർഡിന്റെയും അനുമതി ലഭിച്ചതോടെയാണ് ദാർസൈത്ത്, മസ്കത്ത് സ്കൂളുകളിൽ ആഫ്റ്റര്‍നൂണ്‍ ഷിഫ്റ്റുകൾ തുടങ്ങാൻ സാധിച്ചത്. മസ്കത്ത് ഇന്ത്യൻ സ്കൂളുകളിൽ അടുത്ത വർഷം മുതൽ കൂടുതൽ ക്ലാസുകൾ ആഫ്റ്റർനൂൺ ഷിഫ്റ്റിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലും പുതിയ സംവിധാനം കൂടുതൽ കൂട്ടികൾക്ക് ഇന്ത്യൻ സ്കൂളുകളിലേക്ക് പ്രവേശനത്തിന് വഴിയൊരുക്കണമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.