വ്യാജ കറൻസികൾക്കെതിരെ നടപടിയുമായി അധികൃതർ
text_fieldsമസ്കത്ത്: വ്യാജ കറൻസികൾ അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമെതിരെ സുരക്ഷ നടപടികൾ എടുക്കുകയും മുൻകരുതൽ ശക്തമാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് റോയൽ ഒമാൻ പൊലീസ്.
ഇത് രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥക്ക് വലിയ ഭീഷണിയാണെന്നും സാമ്പത്തിക സമ്പ്രദായത്തിന്റെ ആത്മവിശ്വാസം കുറക്കുമെന്നും പണപ്പെരുപ്പം വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇത് കാരണമാക്കും. വ്യാജ കറൻസി അടക്കമുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിവും വിഭവങ്ങളുമുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൻ ബിൻ ഹബീബ് അൽ ഖുറൈഷി പറഞ്ഞു.
ഇതിന്റെ ദുരന്തഫലത്തിൽനിന്ന് വ്യക്തികളെയും സമൂഹത്തെയും രക്ഷിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വ്യാജ കറൻസികൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും വലിയ കുറ്റമാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഒമാനി റിയാലിന് ഏറ്റവും മികച്ച നിരക്കിൽ ഒരു വിദേശ രാജ്യത്തിന്റെ കറൻസി നൽകുമെന്ന വ്യാജ പരസ്യം വന്നിരുന്നു. ഇത്തരം സ്കീമുകൾ പെട്ടെന്ന് ലാഭം കൊയ്യണമെന്നാഗ്രഹിക്കുന്നവരെ ആകർഷിക്കും.
എന്നാൽ പിന്നീടാണ് ചതിക്കപ്പെട്ടതായി മനസ്സിലാവുക. ചില വിദേശ രാജ്യങ്ങളുടെ വ്യാജ കറൻസികൾ വ്യാജമാണെന്ന് തിരിച്ചറിയാത്ത രീതിയിൽ നല്ല നിരക്കുകളിൽ നൽകപ്പെടുന്നുമുണ്ട്. എന്നാൽ ഇത്തരം കറൻസികൾ വിനിമയ സ്ഥാപനങ്ങൾ വഴി മാറിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാസ് പോർട്ട്, തിരിച്ചറിയൽ കാർഡുകൾ, പേപ്പർ കറൻസികൾ എന്നിവ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവ വ്യാജമായും കൃത്രിമമായും ഉണ്ടാക്കാൻ കഴിയാത്ത രീതിയുള്ള സുരക്ഷ മാനദണ്ഡങ്ങൾ ഉള്ളവയാണ്. റോയൽ ഒമാൻ പൊലീസ് അതിന്റെ ഉദ്യോഗസ്ഥർക്ക് അന്താരാഷ്ട്ര വിദഗ്ധരുടെയും സംഘങ്ങളുടെ പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
രാജ്യത്ത് വ്യാജ കറൻസിയുമായ ബന്ധപ്പെട്ട ഏതെങ്കിലും കേസുകളിൽ പിടിക്കപ്പെട്ടാൽ അഞ്ചു മുതൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കറൻസിയുടെ വില കുറക്കാൻ ഇത്തരം പ്രവർത്തനങ്ങൾ കാരണമാക്കിയിട്ടുണ്ടെങ്കിൽ ചുരുങ്ങിയത് പത്തു വർഷം തടവാണ് ഇത്തരക്കാർക്ക് ശിക്ഷ ലഭിക്കുമെന്നും ബ്രിഗേഡിയർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.